|    Jul 25 Tue, 2017 8:39 pm
FLASH NEWS

പെട്രോള്‍ പമ്പുടമയെ മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: അന്വേഷണസംഘം മാവോവാദി കേന്ദ്രത്തിലെത്തി

Published : 5th October 2016 | Posted By: Abbasali tf

തൊടുപുഴ: നഗരത്തില്‍ പെട്രോള്‍  പമ്പുടമയെയും ഭാര്യയെയും ആക്രമിച്ചു പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍  ഇതര സംസ്ഥാനക്കാരായ രണ്ടു പ്രതികളെ കൂടി പിടികൂടാന്‍ അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലെ മാവോവാദി കേന്ദ്രത്തിലെത്തി. തൊടുപുഴ സിഐ എന്‍ ജി. ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡിഷയിലെത്തിയത്.രണ്ടു പേരെ അറസ്റ്റു ചെയ്ത എസ്‌ഐ: ജോബിന്‍ ആന്റണിയെ ഇത്തവണ ഒഡീഷയിലേക്കുള്ള അന്വേഷണ സംഘത്തില്‍ നിന്നു ഒഴിവാക്കി.അതേസമയം, എസ്‌ഐയൊടൊപ്പം നേരത്തെ ഒഡീഷയിലേക്കു പോയ സംഘത്തിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉബൈസ്,സിവില്‍ പോലിസ് ഓഫിസര്‍ എസ് ഷാനവാസ് എന്നിവരെ സംഘത്തില്‍ നിലനിര്‍ത്തി.  ഷാഡോ എസ്‌ഐ ടിആര്‍. രാജനെയും െ്രെഡവര്‍ സുനിലിനെയും അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍  പ്രകാശ് പെട്രോള്‍ പമ്പ് ഉടമ കെ. ബാലചന്ദ്രന്‍(58), ഭാര്യ ശ്രീജ(51) എന്നിവരെയാണു ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ ഇതര സംസ്ഥാന തൊഴിലാളികളായ മോഷ്ടാക്കള്‍ ആക്രമിച്ചത്.കേസിലെ രണ്ടു പ്രതികളായ ഒഡീഷ റായ്ഗഡ് ജില്ലയിലെ അംബദോല പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അങ്കോല സ്വദേശി രാജ്കുമാര്‍ പത്ര(19), ചന്ദ്രപൂര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഹനുമന്ത്പുരി സ്വദേശി പതിനേഴുകാരന്‍ എന്നിവരെ തൊടുപുഴ എസ്‌ഐ: ജോബിന്‍ ആന്റണിയും സംഘവും കഴിഞ്ഞ 26ന് അറസ്റ്റു ചെയ്തിരുന്നു.കേസില്‍ ഒളിവില്‍ കഴിയുന്ന ഒഡീഷ തികര്‍പ്പട റയില്‍വേ കോളനി സ്വദേശികളായ ചിങ്കു, രമേശ് എന്നിവരെ അറസ്റ്റു ചെയ്യാനാണു അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്കു പുറപ്പെട്ടത്.ഒഡീഷയിലെ ഉള്‍വനത്തിലാണു ചിങ്കു,രമേശ് എന്നിവര്‍ കഴിയുന്നതെന്നാണു പോലിസിനു വിവരം ലഭിച്ചിരിക്കുന്നത്.ഈ സാഹചര്യത്തില്‍ എന്തു വില കൊടുത്തും ഇവരെ അറസ്റ്റു ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണു ജില്ലാ പോലിസ് മേധാവി എവി. ജോര്‍ജ് അന്വേഷണ സംഘത്തിനു നല്‍കിയത്.കവര്‍ച്ച നടന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണു എസ്‌ഐ: ജോബിന്‍ ആന്റണിയും സംഘവും ഒഡീഷയിലെത്തി സാഹസികമായി രണ്ടു പ്രതികളെ അറസ്റ്റു ചെയ്തത്.ഇത് കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവായി.ഇതേ തുടര്‍ന്നു ബാക്കിയുള്ള രണ്ടു പ്രതികള കൂടി അറസ്റ്റു ചെയ്യുന്നതിനായി എസ്‌ഐയെയും സംഘത്തെയും തന്നെ വീണ്ടും അയ്ക്കണമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ പോലിസ് മേധാവി എവി. ജോര്‍ജ് തൊടുപുഴ ഡിവൈഎസ്പി: എന്‍എന്‍. പ്രസാദുമായും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.ഒഡീഷയിലെ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള തൊടുപുഴ എസ്‌ഐ: ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പഴയ സംഘത്തെ തന്നെ വീണ്ടും ഒഡീഷയിലേക്ക് അയയ്ക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.അതിനിടെയാണു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എന്‍ജി. ശ്രീമോനെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ഒഡീഷയിലേക്കു അയയ്ക്കാന്‍ തീരുമാനമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക