|    Jul 23 Mon, 2018 1:02 pm
FLASH NEWS
Home   >  Kerala   >  

പെട്രോള്‍ നികുതി കേരളം അടിച്ചുമാറ്റുന്നു ?തോമസ് ഐസകിന്റെ വിശദീകരണം

Published : 15th September 2017 | Posted By: mi.ptk

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനം ഉയര്‍ന്ന നികുതി ചുമത്തുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. വിലക്കയറ്റം ഉണ്ടാകുന്നത് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി മൂലമല്ല. കേന്ദ്രം അടിക്കടി എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.തോന്നിയപടി നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്ര  സര്‍ക്കാര്‍ നികുതി കൂട്ടുമ്പോള്‍ അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ ഫലം സംസ്ഥാന സര്‍ക്കാര്‍ സ്വയം പാപ്പരാവുകയാണ്. അതു നടക്കില്ല. നീതീകരണമില്ലാത്ത നികുതി വര്‍ദ്ധനയില്‍ നിന്ന് കേന്ദ്രം പിന്മാറുക. അപ്പോള്‍ സംസ്ഥാനത്തിന്റെ നികുതിയും താനേ കുറയുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നോട്ട് നിരോധന പോസ്റ്റുകള്‍ക്കു ശേഷം എന്റെ ഫേസ് ബുക്ക് പേജില്‍ ഇത്രയേറെ സംഘികളുടെ ആക്രമണം പെട്രോള്‍ വില വര്‍ദ്ധന സംബന്ധിച്ച പോസ്റ്റിനാണ്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയെച്ചൊല്ലിയാണ് പ്രധാന ആക്ഷേപം. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനം ഉയര്‍ന്ന നികുതി ചുമത്തുന്നുവെന്ന പ്രചാരണം സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് നോട്ട് നിരോധനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഏഷ്യാനെറ്റിലെ വിനുവും ഈ പ്രചരണം സംബന്ധിച്ചൊരു ചോദ്യം ബാക്കിയുണ്ടെന്നു പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നികുതി കേരള സര്‍ക്കാരാണ് ചുമത്തുന്നതെന്നും അതാണ് പെട്രോള്‍ വിലക്കയറ്റത്തിന് കാരണമെന്നും ബിജെപി വക്താവ് തലേദിവസത്തെ ചര്‍ച്ചയില്‍ ആധികാരികമായി പ്രസ്താവിച്ചത്രെ.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കണക്കുണ്ട്. അതു പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രസര്‍ക്കാരിന്റെ നികുതി 21.48 രൂപയാണ്. കേരള സര്‍ക്കാരിന്റെ കണക്കാകട്ടെ 34.06 എന്ന കള്ളക്കണക്കും. കേന്ദ്രസര്‍ക്കാര്‍ നികുതി രൂപയില്‍ പറയുമ്പോള്‍ കേരളത്തിന്റേത് ശതമാനക്കണക്കില്‍.

യഥാര്‍ത്ഥത്തില്‍ സെസും ചേര്‍ത്ത് 17.53 രൂപയാണ് കേരളത്തിന്റെ നികുതി.

എന്നാല്‍ കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്നതോ. 21.48 രൂപ എക്‌സൈസ് നികുതിയ്ക്കു പുറമെ ഇറക്കുമതി നികുതി, പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയുംഅതിനു പുറമെ അഡീഷണല്‍ കസ്റ്റംസ്/കൌണ്ടര്‍ വെയിലിംഗ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നു. സംഘികള്‍ പ്രചരിപ്പിക്കുന്ന 21.48 രൂപയേക്കാള്‍ അധികം തുക കേന്ദ്രസര്‍ക്കാരിന് നികുതിയായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് 2.73 ലക്ഷം കോടി കിട്ടയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് 1.89 ലക്ഷം കോടിയാണ്.

വിലക്കയറ്റം ഉണ്ടാകുന്നത് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി മൂലമല്ല. കേന്ദ്രം അടിക്കടി എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണ്. മോഡി അധികാരത്തില്‍ വന്നശേഷം 16 തവണയാണ് സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചത്. എപ്പോഴെല്ലാം ക്രൂഡോയില്‍ വില താഴ്‌ന്നോ അപ്പോഴെല്ലാം നികുതി വര്‍ദ്ധിപ്പിച്ചു. അതുവഴി ക്രൂഡോയില്‍ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്കു നിഷേധിച്ചു. ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാരിന് അധികവരുമാനം കിട്ടിയത്. ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായി ഉയര്‍ത്തി. അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയില്‍ നിന്നും 6.00 രൂപയായി ഉയര്‍ത്തി. സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയില്‍ നിന്നും 7.00 രൂപയായി ഉയര്‍ത്തി. ഇതാണ് പെട്രോളിന്റെ വില വര്‍ദ്ധനവിന് കാരണം. എന്നിട്ട് ഒരിക്കല്‍പോലും നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ മേലില്‍ കുറ്റം ചാര്‍ത്താനാണ് സംഘികളുടെ ശ്രമം.

ഈ പ്രചരണം വിശ്വസിച്ചാണ് സംസ്ഥാന നികുതി വേണ്ടെന്നുവച്ച് മോഡിക്ക് ബദലായിക്കൂടെ എന്ന് ചിലര്‍ ചോദിക്കുന്നത്. അവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കുകയാണ്. തോന്നിയപടി നികുതി വര്‍ദ്ധിപ്പിച്ച് മോഡി നികുതി കൂട്ടുമ്പോള്‍ അതില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ ഫലം സംസ്ഥാന സര്‍ക്കാര്‍ സ്വയം പാപ്പരാവുകയാണ്. അതു നടക്കില്ല. നീതീകരണമില്ലാത്ത നികുതി വര്‍ദ്ധനയില്‍ നിന്ന് കേന്ദ്രം പിന്മാറുക. അപ്പോള്‍ സംസ്ഥാനത്തിന്റെ നികുതിയും താനേ കുറയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss