|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പെട്രോള്‍ നികുതികള്‍ കുറയ്ക്കണം: എം എം ഹസന്‍

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: പെട്രോള്‍ വില ലിറ്ററിന് 73.72 രൂപയും ഡീസല്‍ വില 62.85 രൂപയുമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ നികുതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുറയ്ക്കണമെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ഒരു ലിറ്റര്‍ പെട്രോളിന് 29.69 രൂപ കേന്ദ്രനികുതിയും 17.44 രൂപ സംസ്ഥാന നികുതിയുമാണ്. പാചകവാതക വിലയും കുത്തനെ കൂട്ടിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞുനില്‍ക്കുമ്പോഴാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌കരുണം ജനങ്ങളെ കുത്തിപ്പിഴിയുന്നതെന്നു ഹസന്‍ ചൂണ്ടിക്കാട്ടി. പെട്രോളിന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ 2012 മെയ് മാസം ഒരു ലിറ്റര്‍ പെട്രോളിന് 77.5 രൂപയും ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 150 ഡോളറിനടുത്തുമായിരുന്നു വില. എന്നാല്‍, ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 52 ഡോളര്‍ മാത്രം. എന്നിട്ടും രാജ്യത്തെ പെട്രോള്‍-ഡീസല്‍ ഗുണഭോക്താക്കള്‍ക്ക് യാതൊരു പ്രയോജനവും കിട്ടുന്നില്ലെന്നു ഹസന്‍ പറഞ്ഞു. രാജ്യമൊട്ടാകെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയിട്ടും അതില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തിയില്ല. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം ഏര്‍പ്പെടുത്തിയാല്‍ പോലും പെട്രോള്‍ വില 50 രൂപയില്‍ താഴെ നില്‍ക്കും. നിലവില്‍ കേന്ദ്ര-സംസ്ഥാന നികുതികള്‍ 53.3 ശതമാനമാണ്. ഒരു ഉല്‍പന്നത്തിന്റെ വിലയുടെ പകുതിയോളം നികുതി ഈടാക്കുന്നത് തീവെട്ടിക്കൊള്ളയാണ്. നിലവില്‍ മദ്യത്തിനു മാത്രമാണ് ഇത്തരമൊരു നികുതിയുള്ളത്- 135 ശതമാനം. ഒരു സാമൂഹിക വിപത്ത് എന്ന നിലയില്‍ മദ്യത്തിന് ഇങ്ങനെയൊരു നികുതി ഏര്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കാം. എന്നാല്‍ പെട്രോള്‍/ ഡീസലിന് ഏര്‍പ്പെടുത്തിയ കൂറ്റന്‍ നികുതി എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്നു ഹസന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് അനുഭവപ്പെടുന്ന അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ പ്രധാന കാരണം പെട്രോള്‍/ ഡീസല്‍ വിലയാണ്. ഇതിന്റെ കൊള്ളനികുതി എടുത്തുകളഞ്ഞാല്‍ വിലക്കയറ്റം വലിയൊരളവില്‍ നിയന്ത്രിക്കാനാവും. പെട്രോള്‍/ ഡീസലിന് വില ഉയര്‍ന്നപ്പോള്‍ വില്‍പന നികുതിയിലെ അധികവരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരവധി തവണ വേണ്ടെന്നുവച്ചിട്ടുണ്ട്. ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ മാതൃകയെങ്കിലും പിന്തുടരണം. പെട്രോള്‍/ ഡീസല്‍ വില നാമമാത്രമായി കൂടിയപ്പോള്‍ പോലും സമരവും ഹര്‍ത്താലും നടത്തിയ സിപിഎമ്മും ബിജെപിയും ഇപ്പോള്‍ കാശിക്കു പോയോ എന്നും ഹസന്‍ ചോദിച്ചു. വിലക്കയറ്റത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാരും എല്ലാം ശരിയാക്കുമെന്നു പറഞ്ഞ ഇടതു സര്‍ക്കാരും വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. 13നു ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം തീരുമാനിക്കുമെന്നും ഹസന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss