|    Jan 17 Tue, 2017 4:42 pm
FLASH NEWS

പെട്രോളിന് ഹെല്‍മറ്റ് പുനപ്പരിശോധനാ ഹരജിക്ക് നിലനില്‍പ്പില്ല: മനുഷ്യാവകാശ കമ്മീഷന്‍

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികര്‍ പെട്രോള്‍ നിറയ്ക്കാന്‍ പമ്പില്‍ ചെല്ലുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശയടങ്ങിയ ഉത്തരവ് നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമായതിനാല്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് നിലനില്‍പ്പില്ലെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന വാദമുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സമര്‍പ്പിച്ച പുനപ്പരിശോധനാഹരജി തള്ളിക്കൊണ്ടാണ് കമ്മീഷന്‍ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് നിയമവിരുദ്ധമല്ലെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ മനുഷ്യാവകാശ സംരക്ഷണമാണ് വിവക്ഷിച്ചതെന്നുമാണ് കമ്മീഷന്റെ നിലപാട്. ഇരുചക്രവാഹനയാത്രികര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടതില്ലെന്ന ഇന്ധനപമ്പുകാര്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയും ആ ഉത്തരവിനെ ചോദ്യം ചെയ്തും സമര്‍പ്പിച്ചിരുന്ന ഒരു ഹരജി തള്ളിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ് പുനപ്പരിശോധനാ വിധേയമാക്കണമെന്നായിരുന്നു ടിആര്‍എയുടെ ആവശ്യം.
നിയമപരമായ ബാധ്യത ഉറപ്പാക്കാനുള്ള ശ്രമം എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍, നിയമം അനുശാസിക്കാത്ത വിധത്തിലുള്ള ഇത്തരം ഉത്തരവുകള്‍ നാട്ടില്‍ അരാജകാവസ്ഥയുണ്ടാക്കാനാണ് സാധ്യതയെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹെ ല്‍മറ്റ് ഇല്ലാത്തവര്‍ക്കു പെട്രോളില്ലെന്ന ഉത്തരവ് ചില പോലിസ് സ്‌റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മേലധികാരികളുടെ അറിവുകൂടാതെ കുറച്ചുകാലം മുമ്പ് സ്വമേധയാ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്കു നയിച്ചിരുന്നു. കമ്മീഷന്റെ ഉത്തരവു വന്നതിനു ശേഷവും ഹെല്‍മറ്റ് വേട്ടയുടെ മറവില്‍ സാധാരണക്കാരെ പോലിസ് ആക്രമിച്ചു ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായി.
മന്ത്രിസഭയോ വകുപ്പു മന്ത്രിയോ അറിയാതെ ഇത്തരത്തിലുള്ള ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ചത് വിവാദത്തിനു കാരണമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക