|    Apr 27 Fri, 2018 1:47 pm
FLASH NEWS

പൂവാലിത്തോട് വറ്റിവരണ്ടതോടെ മേഖല ജലക്ഷാമത്തിന്റെ പിടിയില്‍

Published : 20th March 2018 | Posted By: kasim kzm

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ പൂവാലിതോട് വേനല്‍ച്ചൂടില്‍ വറ്റിവരണ്ടതോടെ മേഖല ജലക്ഷാമത്തിന്റെ പിടിയിലായി. വെള്ളിക്കുളം തോട്ടില്‍ നിന്നോ കുറുമാലിപുഴയില്‍ നിന്നോ പൂവാലിത്തോട്ടിലേക്ക് വെള്ളം എത്തിച്ച് വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം എങ്ങുമെത്താതെ കിടക്കുന്നു. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്നുത്ഭവിച്ച് എരപ്പന്‍പാറ, പെരുമ്പിള്ളിച്ചിറ, പുത്തനോളി, മുരിക്കുങ്ങല്‍, കോടാലി പ്രദേശങ്ങളിലൂടെ ഒഴുകി മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ തോടുമായി ചേരുന്നതാണ് പൂവാലിതോട്. മഴക്കാലത്ത് നിറഞ്ഞൊഴുകുകയും വേനല്‍ രൂക്ഷമാകുന്നതോടെ വറ്റിപോകുകയും ചെയ്യുന്ന ഈ തോട്ടില്‍ പത്തുകിലോമീറ്ററോളം നീളത്തില്‍ ഒഴുകുന്ന ഈ തോട്ടിലേക്ക് കുറുമാലിപ്പുഴയില്‍ നിന്ന് വെള്ളമെത്തിച്ചാല്‍ മേഖലയിലെ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും.
ഇതിനായി പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. കുറുമാലിപ്പുഴയിലെ കല്‍ക്കുഴി പ്രദേശത്തുള്ള ലിഫ്റ്റ് ഇറിഗേഷനില്‍ നിന്ന് ഇഞ്ചക്കുണ്ട് എരപ്പന്‍പാറയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് പൂവാലിത്തോടിന്റെ ആരംഭസ്ഥാനത്ത് വെള്ളമെത്തിച്ചാല്‍ വേനല്‍ക്കാലത്ത് തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകും. തോട്ടിലെ മുരിക്കുങ്ങല്‍ പാലം, പൂവാലിത്തോട് പാലം എന്നിവിടങ്ങില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണകളില്‍ വെള്ളം സംഭരിച്ചു നിര്‍ത്തിയാല്‍ പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരും. പൂവാലിത്തോട് പാലത്തിനു സമീപം നിര്‍മ്മിച്ചിട്ടുള്ള തടയണയിലേക്ക് വെള്ളിക്കുളം തോട്ടിലെ കോപ്ലിപ്പാടം ക്രോസ് ബാറില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്.
ക്രോസ്ബാറില്‍ സംഭരിച്ചു നിര്‍ത്തിയിരിക്കുന്ന വെള്ളം കൈത്തോടുവഴി നിലംപതി പ്രദേശത്ത് എത്തിച്ചശേഷം വെള്ളിക്കുളങ്ങര  കൊടകര റോഡരുകിലെ തോടുവഴിയാണ് നേരത്തെ പൂവാലിത്തോട് തടയണയിലേ ക്കൊഴുക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇതിലൂടെ വെള്ളം എത്തുന്നില്ല. തോട് പുല്ലു വളര്‍ന്നും മണ്ണുവീണും നികന്നുപോയ നിലയിലുള്ള കൈത്തോട് പുനരുദ്ധരിച്ച് കോപ്ലിപ്പാടം ക്രോസ്ബാറില്‍ നിന്ന് വെള്ളമൊഴുക്കിയാല്‍ പൂവാലിത്തോട് പാലത്തിനു സമീപത്തെ തടയണ നിറക്കാനും പരിസര പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനും സാധിക്കുമെന്ന് പ്രദേശവാസിയായ ആന്റു ചെമ്മിഞ്ചേരി പറയുന്നു. പൂവാലിത്തോട്, കുട്ടിയമ്പലം, നിലംപതി പ്രദേശങ്ങളിലെ കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് ഉയര്‍ത്തി കാര്‍ഷികവിളകളുടെ ജലസേചന സൗകര്യം ഉറപ്പുവരുത്താനും ഇതുകൊണ്ടു സാധിക്കും. കുറുമാലി പുഴയിലെ വെള്ളം പൂവാലിത്തോട്ടിലേ ക്കൊഴുക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss