|    Nov 15 Thu, 2018 3:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൂഴ്ത്തിയ റിപോര്‍ട്ട് പുറത്തെടുത്തത് ജനകീയ സമരങ്ങളിലൂടെ

Published : 10th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂരിന്റെ വികസനത്തിന് മൂന്നു വര്‍ഷമായി തടയിട്ടവര്‍ക്കെതിരേ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരും നടത്തിയ സമരം ഒടുവില്‍ ലക്ഷ്യം കണ്ടു. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടവും യാത്രക്കാര്‍ക്ക് ദുരിതത്തിനും ഇതോടെ അറുതിയാവും. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ലോബികളുമാണ് മൂന്നു വര്‍ഷമായി കരിപ്പൂരിന്റെ ചിറകൊടിച്ചത്. കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനായിരുന്നു സ്വകാര്യ വിമാനത്താവള ലോബികളുടെ ശ്രമം. ഇതിന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടുമുണ്ടായിരുന്നു.
ഇന്ത്യയില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ് ഒരിടത്തും ഇന്നുവരെ വിമാനങ്ങള്‍ പിന്‍വലിച്ച് പ്രവൃത്തികള്‍ നടത്തിയിട്ടില്ല. വിമാന സര്‍വീസുകള്‍ ക്രമീകരിച്ച് നിശ്ചിത സമയം റണ്‍വേ അടച്ചിട്ടാണ് പ്രവൃത്തികള്‍ നടത്താറുള്ളത്. കേവലം 60 ദിവസം കൊണ്ട് റണ്‍വേ-റീകാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും കരിപ്പൂരില്‍ പ്രവൃത്തികള്‍ രണ്ടു വര്‍ഷത്തോളമെടുത്തു. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചു. ഇതോടെ, ലാഭകരമായി പ്രവര്‍ത്തിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തില്‍ മുന്‍നിരയിലുണ്ടായ കരിപ്പൂര്‍ വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകൂത്തി. യാത്രക്കാരില്‍ പകുതിയോളം പേരും സമീപ വിമാനത്താവളങ്ങളിലേക്ക് ചേക്കേറി. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും നഷ്ടമായി. രണ്ടു വര്‍ഷം വരെ നീട്ടി നിര്‍മാണം വൈകിപ്പിച്ചത് സ്വകാര്യ ലോബിക്ക് വേണ്ടിയായിരുന്നുവെന്നു നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
റണ്‍വേ റീകാര്‍പ്പറ്റിങ് പൂര്‍ത്തിയായതോടെ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി റണ്‍വേയുടെ പേരില്‍ തടയുകയായിരുന്നു. പിന്നീട് റണ്‍വേ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍, കരിപ്പൂരിനേക്കാള്‍ ചെറിയ റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ പറന്നിറങ്ങുന്നുമുണ്ട്. ഇതിനിടെയാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡിജിസിഎ റണ്‍വേ പരിശോധിച്ച് സര്‍വീസിന് അനുമതി നല്‍കാമെന്നറിയിച്ചത്. ഇതിനനുസരിച്ച് ജനുവരി 28ന് അയച്ച റിപോര്‍ട്ടാണ് ഡിജിസിഎക്ക് നല്‍കാതെ അതോറിറ്റിയിലെ ഉന്നതന്‍ പൂഴ്ത്തിയത്.
ഇത് ചോദ്യം ചെയ്ത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രതിനിധികള്‍ രംഗത്തുവന്നു. റിപോര്‍ട്ട് കാണാതായതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്കും വിജിലന്‍സിനും പരാതി നല്‍കി. ഇതിനിടയില്‍ ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടികളും സമരങ്ങളുമായി രംഗത്തെത്തി. ഇതോടെയാണ് കാണാതായ റിപോര്‍ട്ട് കഴിഞ്ഞ മാസം നാലിന് ഡിജിസിഎക്ക് ലഭിക്കുന്നത്. വൈകാതെ അനുമതിക്കുള്ള നടപടികളും പൂര്‍ത്തിയാക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss