|    Apr 21 Sat, 2018 5:47 am
FLASH NEWS
Home   >  Religion   >  

പൂര്‍ത്തീകരിക്കപ്പെടാതെ ഇസ്‌ലാമിന്റെ അജണ്ടകള്‍

Published : 31st July 2015 | Posted By: admin

hridayaമൂഹം എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ഉമ്മത്ത്. മുസ്‌ലിം ഉമ്മത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്ന പ്രത്യേകമായ അര്‍ഥത്തെ കുറിച്ച് നിരവധി വിശദീകരണങ്ങളുണ്ട്. ആദമില്‍ നിന്നും ഹവ്വയില്‍നിന്നുമായി മനുഷ്യകുലം ആവിര്‍ഭാവം കൊണ്ടു. പക്ഷേ, മനുഷ്യര്‍ തമ്മില്‍ അന്തരങ്ങള്‍ നിരവധിയാണ്. നിറം, ഭാഷ, ദേശീയത എന്നിവയെല്ലാം അവരെ വേര്‍തിരിക്കുന്ന പ്രധാന മുദ്രകളാണ്. ഈ വേര്‍തിരിവുകള്‍ പലപ്പോഴും മനുഷ്യരെ യുദ്ധത്തിലേക്കും കലഹത്തിലേക്കും എത്തിച്ചിട്ടുണ്ട്. കറുപ്പ് നിറക്കാരായതിനാല്‍ ആഫ്രിക്കക്കാര്‍ അടിമകളാവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ചിലര്‍ കരുതി. ആധുനിക കാലഘട്ടത്തിലും പരിഷ്‌കൃതരാജ്യങ്ങളില്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അധസ്ഥിതരായി കഴിയുന്നു. ഭാഷയുടെ പേരില്‍ നിരവധി കോലാഹലങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉടലെടുത്തു. പാകിസ്താനില്‍ നിന്നും കിഴക്കന്‍ ബംഗാള്‍ ബംഗ്ലാദേശായി വേറിട്ടു പോന്നതിന്റെ പിന്നിലെ പ്രധാനഘടകങ്ങളില്‍ ഒന്നു ഭാഷയായിരുന്നു.
എന്നാല്‍, ഇസ്‌ലാമിന് അതിന്റെ ആദ്യനാള്‍ മുതല്‍ തന്നെ എല്ലാ അന്തരങ്ങള്‍ക്കും അതീതമായി മനുഷ്യരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ശക്തമായ അടിത്തറയില്‍ സമൂഹത്തെ സ്ഥാപിച്ച് നിലനിര്‍ത്തുന്നതിന് ഇസ്‌ലാമിനെ ശക്തമാക്കുന്നത് അതിന്റെ ഉമ്മത്തി സങ്കല്‍പ്പമാണ്. പ്രവാചകന്മാരാല്‍  സ്ഥാപിക്കപ്പെട്ട ഒരു സംവിധാനവും സ്ഥാപനവുമാണ് ഉമ്മത്ത്. ‘ഞങ്ങളുടെ സന്തതികളില്‍ നിന്നും ഒരു മുസ്‌ലിം ഉമ്മത്തിനെ ആവിര്‍ഭവിപ്പിക്കേണമേ’ എന്ന് ഇബ്രാഹീം നബി പ്രാര്‍ഥിക്കുകയുണ്ടായി.
മുസ്‌ലിം ഉമ്മത്തിന്റെ വികസിതമായ രൂപമായിരുന്നു മക്കയില്‍നിന്നും പലായനം ചെയ്തുകൊണ്ട് മുഹമ്മദ് നബി മദീനയില്‍ സ്ഥാപിച്ചത്. ഔസ്, ഖസറജ് എന്നീ ഗോത്രങ്ങള്‍ തമ്മില്‍, അറബി സംസാരിച്ചിരുന്നു എന്നതില്‍ക്കവിഞ്ഞ യാതൊരു പാരസ്പര്യവുമില്ലായിരുന്നു. ഒട്ടകക്കയറിനുവേണ്ടിപ്പോലും നൂറ്റാണ്ടുകളോളം യുദ്ധം ചെയ്തവര്‍ എന്ന വിശേഷണമാണ് ചരിത്രകാരന്മാര്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുക്കുന്നത്. അവരെ പോലും ഒരേ സമൂഹത്തിലെ അംഗങ്ങളാക്കാന്‍ ഇസ്്‌ലാമിന് കഴിയുകയുണ്ടായി. സമൂഹത്തെ കുറിച്ച പാശ്ചാത്യ മാനദണ്ഡങ്ങള്‍ ഗോത്രപരവും ഭാഷാപരവുമായ ആഭിജാത്യബോധത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍, മുസ്‌ലിം ഉമ്മത്ത് ശക്തമായ ആദര്‍ശബോധത്താല്‍ രൂപീകരിക്കപ്പെട്ടതാണ്. മനുഷ്യരെ ഏകീകരിക്കാനും സാഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുവാനുമുള്ള ഇസ്‌ലാമിന്റെ ശക്തിയെ, മാല്‍കം എക്‌സിനെപ്പോലുള്ളവര്‍ നിറഞ്ഞ ഹൃദയത്തോടെ സമ്മതിക്കുന്നുണ്ട്. സങ്കുചിതമായ ദേശീയത മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ശത്രുതയെ വകഞ്ഞുമാറ്റാന്‍ ലോകം ഇസ്്‌ലാമിനെ അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
എന്നാല്‍, ഇന്ന് മുസ്‌ലിംകള്‍ ലോകത്തിന് നല്‍കുന്ന ചിത്രം എങ്ങനെയുള്ളതാണ്? മുസ്‌ലിം ഉമ്മത്ത് എന്ന ആശയത്തിന്റെ പൊരുളിനോടും അന്തസ്സത്തയോടും താദാത്മ്യം പ്രാപിക്കാന്‍ അവര്‍ക്കു കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിംകള്‍ താമസിക്കുന്ന ഇടങ്ങളിലെല്ലാം അനൈക്യത്തിന്റെ മുദ്രകളാണ് അവര്‍ അടയാളപ്പെടുത്തുന്നത്. ഇസ്‌ലാം എന്നാല്‍, സംഘടന എന്ന അര്‍ഥത്തിലേക്ക് അവരുടെ ചിന്താഗതി തരംതാണുപോയിരിക്കുന്നു. ഇസ്‌ലാമിനെ ശക്തിപ്പെടുത്താനും സംസ്ഥാപിക്കാനും സാധ്യതകള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ എന്ന നിലയ്ക്കാണ് സംഘടനകള്‍ ഉണ്ടായത്. എന്നാല്‍, ഇന്ന് സംഘടനകള്‍ക്ക് തടിച്ചു കൊഴുക്കാനുള്ള സംവിധാനമായി ഇസ്‌ലാം ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇസ്‌ലാമിന്റെ നന്മകള്‍ മുസ്‌ലിംകളുടെ നയനിലപാടുകള്‍ക്കുള്ള അടിസ്ഥാനങ്ങളായി അവര്‍ പരിഗണിക്കുന്നില്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും പക്ഷപാതിത്വത്തിനും അനുസൃതമായി ഇസ്‌ലാമിനെ വകവരുത്താനാണ് അവരുടെ ശ്രമം. ഇന്നത്തെ പള്ളികളുടെ നടത്തിപ്പും ഇഫ്താറും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ അതിനുള്ള തെളിവുകള്‍ തന്നെയല്ലേ? എപ്പോഴും സംഘടനകളുടെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കപ്പെടുന്നു. ഇസ്‌ലാമിന്റെ അജണ്ടകള്‍ മാത്രം ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാതെ അവശേഷിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss