|    Jan 18 Wed, 2017 12:56 am
FLASH NEWS

പൂര്‍ണ സഹകരണമെന്ന് പ്രതിപക്ഷം; കൊച്ചി സ്മാര്‍ട് സിറ്റി: തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും: മേയര്‍

Published : 30th January 2016 | Posted By: SMR

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റീസ് പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ കൗണ്‍സിലിന്റേയും നിലവിലുള്ള കൗണ്‍സിലിന്റേയും ഉദ്യോഗസ്ഥ സംവിധാനത്തിന്റേയും മികച്ച പ്രവര്‍ത്തനം മൂലമാണ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കൊച്ചിക്കു കഴിഞ്ഞത്. ഇതേ മാതൃകയില്‍ തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തും. ശാസ്ത്രീയമായ പദ്ധതി തയ്യാറാക്കലും വലിയ വെല്ലുവിളി ആയാണ് നഗരസഭ കാണുന്നത്.
പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കാന്‍ സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിക്കലാണ് അടുത്ത നടപടി. ചീഫ് സെക്രട്ടറിയായിരിക്കും എസ്പിവിയുടെ അധ്യക്ഷന്‍. തുടര്‍ന്ന് പ്രാഥമിക രൂപരേഖ തയ്യാറാക്കും. ഓരോ പദ്ധതിയുടേയും സാധ്യതാ പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിശദമായ പദ്ധതി രൂപരേഖ(ഡിപിആര്‍)തയ്യാറാക്കുന്നത്. ഇതിനു ശേഷമായിരിക്കും ടെന്‍ഡറുകള്‍ വിളിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നിബന്ധന. പദ്ധതി നടപ്പാക്കാന്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്. പദ്ധതി മൂലം നേട്ടമുണ്ടാവുമ്പോള്‍ ചില ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരും. പദ്ധതിക്കുവേണ്ടി സ്ഥലമെടുപ്പ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കും. നികുതികളുടെ വിശദാംശങ്ങള്‍ തയ്യാറായിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രയോജനം ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം, നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ പിന്തുണ തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേകം പരിഗണിക്കപ്പെടും. പശ്ചിമകൊച്ചിയുടെ പുനരുദ്ധാരണവും നവീകരണവും, ജലഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, എറണാകുളം ദര്‍ബാര്‍ഹാള്‍ മുതല്‍ ഹൈക്കോടതിവരെയുള്ള മേഖലയുടെ സമന്വയ വികസനവുമാണ് പദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകം ശ്രദ്ധിക്കുന്ന വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലാണ് പശ്ചിമകൊച്ചിയുടെ തിരഞ്ഞെടുപ്പ്.
കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുസേവന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, പൊതു ഇടങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട എറണാകുളം മേഖലയേയും ജലഗതാഗത സംവിധാനമുപയോഗിച്ച് ബന്ധിപ്പിക്കും.
ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പാന്‍ സിറ്റി സ്മാര്‍ട് സൊലുഷനും നടപ്പാക്കും. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡി ആക്കുകയും വിളക്കുകാലുകളില്‍ തന്നെ മൊബൈല്‍ ചാര്‍ജറുകളും മറ്റും സ്ഥാപിക്കുകയും ചെയ്യും. കൊച്ചി മെട്രോ റെയിലിന്റെ ഓപണ്‍ ലൂപ്പ് സ്മാര്‍ട് കാര്‍ഡുമായി കോര്‍പറേഷന്റേയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സേവനങ്ങള്‍ ബന്ധപ്പെടുത്തും. ഇതുവഴി കൊച്ചിയിലെ എല്ലാ വിവര വിനിമയ മാര്‍ഗങ്ങളും സേവനങ്ങളും ഒരു പ്ലാറ്റ്‌ഫോമില്‍ ജനങ്ങള്‍ക്കു ലഭ്യമാവുമെന്നും മേയര്‍ വ്യക്തമാക്കി. സ്മാര്‍ട് സിറ്റി പദ്ധതിയോട് പ്രതിപക്ഷത്തിന് പൂര്‍ണ സഹകരണമാണെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി വ്യക്തമാക്കി.
പ്രതിപക്ഷം സഹകരിച്ചാണ് ഐകകണ്‌ഠ്യേന കഴിഞ്ഞ കൗ ണ്‍സിലില്‍ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല.
അതേസമയം പദ്ധതിയുടെ പേരില്‍ ജനങ്ങള്‍ക്കുമേല്‍ അധിക ബാധ്യത ഏര്‍പ്പെടുത്താനോ സ്ഥലമെടുപ്പിന്റെ പേരില്‍ കുടിയൊഴിപ്പ് നടത്താനോ അനുവദിക്കില്ല. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക