|    Sep 21 Fri, 2018 4:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൂര്‍ണഗര്‍ഭിണിയെ ഹെലികോപ്റ്ററില്‍ നാവികസേന രക്ഷപ്പെടുത്തി

Published : 18th August 2018 | Posted By: kasim kzm

ആലപ്പുഴ: മുങ്ങിക്കൊണ്ടിരുന്ന വീടിന്റെ മേല്‍ക്കൂരയില്‍ ഒരു രാത്രി മുഴുവന്‍ ഭയചകിതയായി കഴിഞ്ഞ ഗര്‍ഭിണിക്ക് രക്ഷയായി നാവികസേന. പ്രളയം വലിയ ദുരന്തം വിതച്ച ആലപ്പുഴ ജില്ലയിലാണു സംഭവം. നാവികസേനയുടെ ഹെലികോപ്റ്ററില്‍ കയറില്‍ തൂക്കി ഉയര്‍ത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കം യുവതി പ്രസവിച്ചു. നാവികസേനയുടെ ജോയിന്റ് ഓപറേഷന്‍ സെന്ററില്‍ ഇന്നലെ രാവിലെയാണ് ഗര്‍ഭിണിയായ ആലുവ ചെങ്ങമനാട് സ്വദേശിനി സജിത ജബീലിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്ന സന്ദേശം ലഭിച്ചത്.
രക്ഷയ്‌ക്കെത്തിയ ഹെലികോപ്റ്ററില്‍ നിന്ന് ആദ്യം ഒരു ഡോക്ടറെ താഴേക്കിറക്കി. അവര്‍ ഗര്‍ഭിണിയെ പരിശോധിച്ചു. ആ സമയത്ത് അവരുടെ ഫഌയിഡ് ലെവല്‍ കുറയുന്ന നിലയിലായിരുന്നു. എത്രയും പെട്ടെന്ന് ഇവരെ ആശുപത്രിയിലേക്ക് എത്തിക്കേണ്ടതിനാല്‍ ഹെലികോപ്റ്ററിലേക്ക് കയറില്‍ കെട്ടിയുയര്‍ത്തി ആലപ്പുഴ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചു. ഉച്ചകഴിഞ്ഞ് 02.10 ഓടെ സജിത ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി നാവികസേനാ അധികൃതര്‍ പറഞ്ഞു.
ഗര്‍ഭിണിയെ മുകളിലേക്കുയര്‍ത്തുന്ന വീഡിയോ നാവികസേനയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാവികസേനയുടെ സൂക്ഷ്മതയ്‌ക്കൊപ്പം യുവതി കാട്ടിയ മനസാന്നിധ്യവും രക്ഷാപ്രവര്‍ത്തനത്തിന് തുണയായി.
പത്തനംതിട്ട ജില്ലയിലും സമാന രീതിയില്‍ പ്രളയമേഖലയില്‍നിന്നു ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചിരുന്നു. പത്തനംതിട്ട കണമല എയ്ഞ്ചല്‍ വാലിയിലെ ആറാട്ടുകളം മുട്ടുമണ്ണില്‍ അനീഷിന്റെ ഭാര്യ രജനി(24)യെയാണ് ആകാശമാര്‍ഗം രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുന്‍ പഞ്ചായത്തംഗം സിബിയുടെ നേതൃത്വത്തില്‍ എയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്തെത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യസമയത്തു മെഡിക്കല്‍ സംഘവുമായി ഹെലികോപ്റ്റര്‍ മൈതാനത്തിറങ്ങി. ജില്ലാ ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തില്‍ പരിശോധനയ്ക്കുശേഷം രജനിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss