|    Jan 23 Mon, 2017 8:02 am
FLASH NEWS

പൂരാവേശത്തില്‍ കൊട്ടിക്കലാശം

Published : 15th May 2016 | Posted By: SMR

കട്ടപ്പനയില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ കൊട്ടിക്കലാശം
കട്ടപ്പന: വാശിയേറിയ പോരാട്ടം നടക്കുന്ന ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് പ്രചരണ പരിപാടികള്‍ക്ക് സമാപനം. മൂവായിരത്തോളം പേര്‍ പങ്കെടുത്തു. ഒന്നരമാസം നീണ്ട പ്രചാരണം ചൂടും ചൂരും ഉയര്‍ന്ന് നില്‍ക്കുന്നതായിരുന്നു കട്ടപ്പനയിലെ കൊട്ടിക്കലാശം.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം നടന്നുവെങ്കിലും കട്ടപ്പനയായിരുന്നു പ്രധാന കേന്ദ്രം. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ഓഫിസിന്റെ മുന്‍വശം വരെ തിങ്ങിനിറഞ്ഞ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത ബനിയന്‍ ധരിച്ച 300 ചെറുപ്പക്കാരുടെ ബൈക്ക് റാലിയും റോഡ് ഷോയും പ്രകടനത്തിന് മുന്നോടിയായി നടന്നു. മുനിസിപ്പല്‍ മൈതാനിയില്‍ അരമണിക്കൂറോളം നീണ്ടുനിന്ന പൊതുസമ്മേളനവും നടന്നു. പ്രാണവായു പോലെ ഇടുക്കിയുടെ മണ്ണിനെയും ജനങ്ങളെയും സ്‌നേഹിക്കുമെന്നു അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് പ്രഖ്യാപിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും പട്ടയപ്രശ്‌നത്തിന്റെയു ം ജനഹിത പരിശോധനയാണ് തിരെഞ്ഞെടുപ്പെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി. പറഞ്ഞു. എല്‍.ഡി.എഫ്, ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളായ സി വി വര്‍ഗീസ്, കെ വി ശശി, മാത്യു സ്റ്റീഫന്‍, സി കെ മോഹനന്‍, അനില്‍ കൂവപ്ലാക്കല്‍, എന്‍. ശിവരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എം എം മണിയുടെ പ്രചാരണത്തിന്
നെടുങ്കണ്ടത്ത് സമാപനം
നെടുങ്കണ്ടം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണിയുടെ പ്രചാരണ പരിപാടികള്‍ക്ക് പ്രകടനത്തോടെ നെടുങ്കണ്ടത്ത് കൊട്ടിക്കലാശമായി. സെന്‍ട്രല്‍ ജങ്ഷനിലെത്തിയപ്പോള്‍ പൊതുസമ്മേളനം ആരംഭിച്ചു. 4 മണിക്ക് പടിഞ്ഞാറേകവല ബസ് സ്റ്റാന്റ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം 5.45 ഓടെയാണ് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരും അലങ്കരിച്ച വാഹനങ്ങളും താളമേളങ്ങളുമെല്ലാം അണി ചേര്‍ന്ന് മുന്നോട്ടുനീങ്ങിയ പ്രകടനമായിരുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ 25 മിനിട്ടോളം സമ്മേളനം നീണ്ടു. ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി പി എന്‍ വിജയന്‍ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് 5 മിനിറ്റ് സ്ഥാനാര്‍ത്ഥി എം.എം. മണി സംസാരിച്ചു. വര്‍ഗ്ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരെ മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാന്‍ വോട്ട് രേഖപ്പെടുത്തണമെന്ന് മണി പറഞ്ഞു. മണ്ഡലത്തില്‍ 20 കേന്ദ്രങ്ങളിലായാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. രാജാക്കാട്, രാജകുമാരി, സേനാപതി, പൂപ്പാറ, ഉടുമ്പന്‍ചോല, ശാന്തന്‍പാറ, പാറത്തോട്, തൂക്കുപാലം, ഇരട്ടയാര്‍, വണ്ടന്‍മേട്, മുണ്ടിയെരുമ, കൂട്ടാര്‍ എന്നിവിടങ്ങളിലെല്ലാം വന്‍ ജനാവലിയാണ് കൊട്ടിക്കലാശത്തിനെത്തിയത്.
റോഷിയുടെ
കൊട്ടിക്കലാശം കഞ്ഞിക്കുഴിയില്‍
ചെറുതോണി: യു.ഡി.എഫ്. സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ കൊട്ടിക്കലാശം കഞ്ഞിക്കുഴിയെ ആവേശത്തിലാഴ്ത്തി.രാവിലെ മരിയാപുരം പഞ്ചായത്തിലെ ഏതാനും യോഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും ഇതര വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ഇടുക്കിയില്‍ നിന്ന് ആരംഭിച്ച് ചെറുതോണി, വാഴത്തോപ്പ്, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട്, കഞ്ഞിക്കുഴി, വെണ്‍മണി എന്നിവിടങ്ങളില്‍ ചുറ്റി കഞ്ഞിക്കുഴിയില്‍ സമാപിച്ചത്. കഞ്ഞിക്കുഴിയിലെത്തിയപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.മഴയെ അവഗണിച്ചായിരുന്നു സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നത്. തുടര്‍ന്ന് തുറന്ന ജീപ്പില്‍ റോഷി അഗസ്റ്റിന്റെ പ്രസംഗത്തെ മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളു—മായാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.2001ല്‍ എം.എല്‍.എ. ആകുമ്പോള്‍ കഞ്ഞിക്കുഴിയില്‍ നിന്ന് തൊടുപുഴയ്ക്ക് പോവാന്‍ ചെറുതോണി – കുളമാവ് റോഡിനെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരു മണിക്കൂര്‍ കൊണ്ട് തൊടുപുഴയിലെത്താവുന്ന വിധം കഞ്ഞിക്കുഴി – വണ്ണപ്പുറം റോഡ് നിര്‍മ്മിക്കാനായി. ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാനായതാണ് ഏറ്റവും അഭിമാനകരമായ നേട്ടമെന്നും റോഷി പറഞ്ഞു. കഞ്ഞിക്കുഴിയ്ക്ക് പുറമേ കട്ടപ്പന, ചെറുതോണി, കാഞ്ഞാര്‍, കമ്പിളികണ്ടം, ഇടുക്കി, കാമാക്ഷി എന്നിവിടങ്ങളിലും കലാശക്കൊട്ടുണ്ടായിരുന്നു.
എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പ്രചാരണം
കുമ്മങ്കല്ലില്‍ സമാപിച്ചു
തൊടുപുഴ: എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി റോയി അറയ്ക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കുമ്മംകല്ലില്‍ സമാപനം. ഇടവെട്ടിയില്‍ നിന്നാരംഭിച്ച റോഡ് ഷോ വാഹനങ്ങളുടെ അകമ്പടിയോടെ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു എസ്ഡിടിയു ഓട്ടോ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ മാലയിട്ട് സ്വീകരിച്ചു. സുബൈര്‍, സുബൈര്‍ മൗലവി, എം എ നജീബ് ,സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക