|    Sep 25 Tue, 2018 7:14 am
FLASH NEWS

പൂരത്തിലലിഞ്ഞ് പുരുഷാരം

Published : 6th May 2017 | Posted By: fsq

 

തൃശൂര്‍: മലയാളിയുടെ ആഘോഷപ്പെരുമയുടെ അവസാനവാക്കാണ് തൃശൂര്‍ പൂരമെന്ന് തെളിയിക്കുന്നതായിരുന്നു ഇ ന്നലെ വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഒഴുകിയെത്തിയ പുരുഷാരം. സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പൂരത്തിന്റെ പൊലിമ കെടുത്തുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രദക്ഷിണ വഴികളെല്ലാം പൂരപ്രേമികളെ കൊണ്ട് നിറഞ്ഞു. മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവുമെല്ലാം വിസ്മയക്കാഴ്ചകളൊരുക്കി പൂരപ്രേമികളെ ആവേശത്തിലാറാടിച്ചു. ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലിന്‍ ചുവട്ടില്‍ അഞ്ച് ആനകളുടെ അകമ്പടിയില്‍ തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത് എഴുന്നള്ളിയെത്തിയതോടെ കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിച്ചു. 12ന് പാണികെട്ടി ചെമ്പട താളത്തിനൊപ്പം നേിന്ന് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിയ പാറമേക്കാവ് ഭഗവതി. പുഴപോലെ ജനങ്ങളും. ഉച്ചയ്ക്ക് 2.30ന് ശ്രീവടക്കുന്നാഥന്റെ ക്ഷേത്രസന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാരും സംഘവും അണിനിരയ്ക്കുമ്പോള്‍ അവിടം ജനസാഗരം. പാണ്ടിമേളത്തിന്റെ രൗദ്രതയില്‍ ഇലഞ്ഞിത്തറമേളം കലാശങ്ങള്‍ പിന്നിടുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം കുഞ്ഞിലഞ്ഞിയും ഇളകിയാടുന്നു. പുറത്ത് നായ്ക്കനാലില്‍ നിന്നും കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രാമാണിത്വത്തില്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പിനൊപ്പവും പതിനായിരങ്ങള്‍. ഇതിനിടയില്‍ നിരവധിയാനകളുടെ ചങ്ങലകിലുക്കങ്ങളുടെ അകമ്പടിയില്‍ ശ്രീവടക്കുന്നാഥനെ തൊഴാനെത്തിയ എട്ട് ഘടകപൂരങ്ങളുടെ മാരിവില്ലഴക്. 5.30ന് പ്രശസ്തമായ തെക്കോട്ടിറക്കത്തില്‍ ഭഗവതിമാര്‍ കുടമാറ്റത്തിന് അഭിമുഖമായി അണിനിരക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനത്തൊരു കടലിരമ്പം. പിന്നെ വാശിയോടെ ഇരുപക്ഷവും വാനിലേക്കുയര്‍ത്തിയ കുടകള്‍ക്കൊപ്പം പൂഴിവാരിയിട്ടാല്‍ നിലത്ത് വീഴാത്ത തരത്തില്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തിന്റെ ആരവം. ചെറുപുഴകളായി ഒഴുകി തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിറഞ്ഞുനിന്ന പുരുഷാരത്തെ സാക്ഷിയാക്കി വെളുപ്പിന് വാനില്‍ വര്‍ണം ചാലിച്ചൊരുക്കിയ കരിമരുന്ന് പ്രയോഗത്തോടെ തൃശൂര്‍ പൂരത്തിന് നിറസമാപ്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss