|    May 22 Tue, 2018 8:08 am

പൂമരപാട്ടിലെ തവളാച്ചി

Published : 8th December 2016 | Posted By: frfrlnz

poomaram-kalidas

പൂമരം കൊണ്ട് കപ്പലുണ്ടാക്കാമോ എന്നറിയില്ല. കപ്പലുണ്ടാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പൂമരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നുമറിയില്ല. എന്നാല്‍ ഒന്നു തീര്‍ച്ച, പൂമരം കൊണ്ട് ഒരു സിനിമയെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കാം, പുറത്തിറങ്ങുന്നതിന് മുന്‍പു തന്നെ. മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഏറ്റവും വലിയ പബ്ലിസിറ്റിയെന്ന് കരുതാമെങ്കില്‍ പടം പാതി വിജയിച്ചു എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം അന്തിമ വിധിയെഴുത്ത് പ്രേക്ഷകരുടേതാണെങ്കിലും.
പടം വിജയിച്ചാലും ഇല്ലെങ്കിലും അടുത്തകാലത്തായി മലയാളത്തില്‍ ഇത്രയധികം ഒരു ഹിറ്റായ പാട്ടുണ്ടാവില്ല. അതാണ് എബ്രിഡ് ഷൈന്‍ ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ക്യാംപസ് ചിത്രത്തിലെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന ഗാനം. ജയറാമിന്റെ മകന്‍ കാളിദാസിന്റെ നായകനായുള്ള ആദ്യ മലയാള ചിത്രം. ഗാനത്തിന്റെ വീഡിയോ യൂട്യൂബ് റിലീസ് ചെയ്ത് ആദ്യ ദിവസം കണ്ടത് അഞ്ചു ലക്ഷം പേരാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടതാവാട്ടെ 31 ലക്ഷം പേരും. ഇനി ചിത്രത്തിന്റെ റിലീസിനായി കാത്തു നില്‍ക്കയാണ് പാട്ടിന്റെ ആരാധകര്‍.
മികച്ച വരികള്‍, മനസില്‍ തങ്ങുന്ന ഈണം. മികച്ച ചിത്രീകരണം  സിനിമാപ്പാട്ടുകള്‍ ഹിറ്റാവുന്നത് ഇങ്ങിനെയെല്ലാമാണ്. എന്നാല്‍ പൂമരപ്പാട്ട് എങ്ങിനെ ഹിറ്റായി എന്നത് ഒരു ചോദ്യമാണ്. അത്തള പിത്തള തവളാച്ചി എന്നൊക്കെ പറയുന്നതു പോലെയുള്ള വരികള്‍. പള്ളിപ്പാട്ടു പോലെയുള്ള ഈണം. വരികള്‍ അതേപടി നിലനിര്‍ത്തി സംഗീതം നല്‍കിയതുകൊണ്ട് പലയിടത്തും പാളിയ പാട്ട് . ഒരു വേദിയില്‍ ഒരുകൂട്ടമാളുകള്‍ ഇരിക്കുന്നത് മാത്രമുളള ദൃശ്യം ചിത്രീകരണത്തിലും പുതുമയൊന്നുമില്ല. പാട്ട് ഏറ്റുപാടുന്നത് കേട്ടാല്‍ മുദ്രാവാക്യം ഏറ്റുവിളിക്കുന്നതു പോലെ ആദ്യം ഒരാള്‍ ചൊല്ലുന്നു, കൂടെയുള്ളവര്‍ ഏറ്റുപാടുന്നു.

faizal-razi

ഫൈസല്‍ റാസി

ഇത്തരമൊരു പാട്ട് നിര്‍മിച്ചെടുക്കുമ്പോള്‍ത്തന്നെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വയം തോന്നിയിട്ടുണ്ടാകും ഇത്തരം ചോദ്യങ്ങള്‍. ഇതെല്ലാം കൂടി സോഷ്യല്‍മീഡിയയിലിട്ട് പാട്ടിനെ ഹിറ്റാക്കാമെന്ന ആശയവും അങ്ങിനെ വന്നതാകാം. ഏതായാലും പദ്ധതി വിജയിച്ചു. സിനിമയുടെ കാര്യം എന്താകുമെന്നറിയില്ലെങ്കിലും പാട്ട് ഹിറ്റാക്കി. ട്രോളര്‍മാര്‍ ഹിറ്റാക്കിയെന്ന് പറയുന്നതാണ് ശരി.

തുടക്കത്തില്‍ നെഗറ്റീവ് ഇമേജ് നേടി പതുക്കെപ്പതുക്കെ ആസ്വാദകരുടെ മനസില്‍ കയറിപ്പറ്റുകയായിരുന്നു പാട്ട്. ഏറെ വിമര്‍ശനങ്ങള്‍ കേട്ടതിന് ശേഷം വന്‍ ഹിറ്റാവുന്നത് ബോളിവുഡിലും മറ്റും പല സിനിമകളുടെയും കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കടിച്ചു കീറിയശേഷം പതുക്കെ കരകയറി ആധിപത്യമുറപ്പിക്കുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതിയൊരു വിപണനതന്ത്രമാണ്.

ഏതായാലും സോഷ്യല്‍മീഡിയയില്‍ പാട്ടിന്റെ ആഘോഷമായിരുന്നു.

poomaram-1

വാട്‌സപ്പില്‍ പൂമരപാട്ടിനെക്കുറിച്ചിറങ്ങിയ ഒരു പോസ്റ്റില്‍ നിന്ന്….

പൂമരം പാട്ട് കേട്ടപ്പോള്‍, എന്തോ ഉദാത്തമായ പ്രേമത്തിന്റെ വിജ്രംഭിച്ച ആവിഷ്‌കാരം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പാട്ട് നന്നേ ബോധിച്ചു. പക്ഷെ, ഈയുള്ളവന്റെ കൂര്‍മബുദ്ധിയില്‍ ഉടലെടുത്ത അതിനിഗൂഢമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂ …

1. പാട്ടുകാരന്‍ ഉദ്ദേശിച്ച ‘എന്റെ ആള്‍’ ആരാണ് ? കാമുകി ആണോ ?
2. കാമുകി ആണെങ്കില്‍, കപ്പലില്‍ കണ്ട കുപ്പായക്കാരി ആരാണ് ? ഇതൊക്കെ ശരിയായ നടപടിയാണോ
3. ആരാണ് ആ 40 പേര്‍ ?
4. ഇതിന്റെ ഇടയില്‍ ആ ശിഷ്യന്‍മാര്‍ എവിടെ നിന്ന് വന്നു ? അവര്‍ ആരുടെ ശിഷ്യന്‍മാര്‍ ? അവര്‍ എന്തിനു വന്നു ?
5. കപ്പലില്‍ പങ്കായത്തിന്റെ ആവശ്യം എന്താണ് ?
6. കുപ്പായക്കാരിയേ നോക്കുന്നതിന് പങ്കായം പൊക്കുന്നത് എന്തിനാണ് ?
7. അപ്പോള്‍ ആരാണു ഞാന്‍ ?

ട്രോളുകള്‍ക്കു പിന്നാലെ പലവിധ പാരഡികളും വന്നു. ക്രിസ്മസ് കരോള്‍ മാതൃകയിലുളളതും കുട്ടികള്‍ പാടുന്നതും മലയാളമറിയാത്തവര്‍ പാടുന്നതുമെല്ലാം ഇറങ്ങി. ഫിലിപ്പൈന്‍സുകാരിയും പാകിസ്താന്‍കാരിയും ഈ പാട്ട് പാടി യൂട്യൂബില്‍ ഹിറ്റാക്കി.
ഇതൊന്നും പുതിയ തന്ത്രങ്ങളല്ല. ഗന്നം സ്‌റ്റൈലും ഈയിടെ ഹിറ്റായ ആപ്പിള്‍പൈനാപ്പിള്‍ പെന്‍ എന്ന പാട്ടുമൊക്കെ ഇതേ രീതിയിലാണ് വൈറലായത്.

പിന്നീട് പയറ്റിയത് പാട്ടിന്റെ ആഴങ്ങളിലേക്കുള്ള യാത്രയായിരുന്നു. ആരാണ് ഈ പാട്ട് പാടിയത്. ഈ പാട്ടിന്റെ യഥാര്‍ത്ഥ വരികളുടെ ഉടമകള്‍. ഇതിനായുള്ള അന്വേഷണങ്ങള്‍. ഇതും ഒരു മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു.

മഹാരാജാസ് കോളജിലേ ഫൈസല്‍ റാസി എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഈ പാട്ടിന് സംഗീതമിട്ടതും പാടിയതും എന്ന വിവരം ആദ്യം പുറത്തുവന്നു. എന്നാല്‍ മഹാരാജാസ് കോളജിലേക്ക് ഈ പാട്ട് എങ്ങിനെ വന്നു എന്നതായിരുന്നു പിന്നീടുള്ള അന്വേഷണം. ചെന്നുപെട്ടത് രണ്ട് സിംഹങ്ങളുടെ മടയില്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ മല്‍സ്യത്തൊഴിലാളികളായ ആശാന്‍ ബാബുവും ദയാല്‍ സിങ്ങും.

pooomaram-dayal-babu

മല്‍സ്യത്തൊഴിലാളികളായ ആശാന്‍ ബാബുവും ദയാല്‍ സിങ്ങും

ഇരുപതു വര്‍ഷം മുന്‍പാണു പാട്ടിന്റെ പിറവിയത്രേ. മല്‍സ്യത്തൊഴിലാളികള്‍ വലയും വള്ളവും വലിക്കുമ്പോള്‍ പാടുന്ന ഏലോം ചൊല്ലില്‍നിന്ന് വരികള്‍ അടര്‍ത്തി മാറ്റിയും കൂട്ടിച്ചേര്‍ത്തും പാട്ടു രൂപത്തിലാക്കാന്‍ തുടക്കമിട്ടത് ആശാന്‍ ബാബുവാണ്. പിന്നീടു ദയാലിനെ കൂടെക്കൂട്ടി. ചെറിയ വ്യത്യാസങ്ങളോടെയാണ് ഇവരുടെ പാട്ട് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂമരം വെട്ടി എന്നത് പൂമരം കൊണ്ട് എന്നാക്കി. ഏലോം ചൊല്ലിലെ ചില വരികളില്‍ ആശാന്‍ ബാബുവും ദയാലും മാറ്റം വരുത്തിയിട്ടുണ്ട്. കുപ്പായം പൊക്കി ഞാനൊന്നു നോക്കി എന്നതു പാട്ടില്‍ പങ്കായം പൊക്കി എന്നാക്കി. (എന്നാല്‍ കറങ്ങിത്തിരിഞ്ഞ് പാരഡികളില്‍ ചിലത് വീണ്ടും കുപ്പായം തന്നെയാണ് പൊക്കുന്നത്) ഒരിക്കല്‍ പാലായിലെ ഒരു വീട്ടില്‍ ടൈല്‍ പണിക്കിടെ ദയാല്‍ പൂമരപ്പാട്ടു പാടി. എറണാകുളത്തെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന സുധീഷ് സുധനും അതേ വീട്ടില്‍ പണിക്കുണ്ടായിരുന്നു. അങ്ങനെ സുധീഷ് വഴിയാണ് 2008ല്‍ പൂമരപ്പാട്ട് മഹാരാജാസിലെത്തിയതത്രേ.

ഏതായാലും അത്തള പിത്തള തവളാച്ചിപ്പാട്ടുകാര്‍ക്ക് ഇത് സുവര്‍ണകാലം. അതിനാല്‍ വെറുതെയിരിക്കുമ്പോള്‍ പാടുന്ന മൂളിപ്പാട്ടുകളും ഉണ്ടാക്കിപ്പാട്ടുകളുമൊക്കെ പൊടിതപ്പിയെടുത്തുകൊള്ളുക. ചിലപ്പോള്‍ ‘സില്‍മേലെടുത്തെ’ന്നിരിക്കും.

വീഡിയോ കാണാം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss