|    Apr 24 Tue, 2018 2:34 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പൂപ്പാറയില്‍നിന്നു കിട്ടിയ അടി

Published : 2nd April 2016 | Posted By: SMR

slug-a-bകേരളം ഇന്ന് അനുഭവിക്കുന്ന ഗുണദോഷങ്ങള്‍ മുന്‍കാലങ്ങളില്‍ നമ്മള്‍ കല്‍പിച്ച പ്രയോറിറ്റികളുടെ ഭവിഷ്യത്താണ്. എന്താണ് ആനുകാലിക കേരളീയ ജീവിതത്തിലെ പ്രത്യക്ഷാനുഭവങ്ങളില്‍ മുഖ്യം എന്നു ചോദിച്ചാല്‍ മിക്കവരും ഉടനടി പറയും: കൊടുംചൂട്. ഇക്കുറി വേനല്‍ച്ചൂട് 40 ഡിഗ്രിയോട് അടുത്തിരിക്കുന്നു. ഈ പുതിയ അനുഭവത്തിന്റെ കാരണം തിരക്കിയാലോ? എല്‍ നിനോ തൊട്ട് പല പ്രതിഭാസങ്ങളുടെ വിജ്ഞാനം വിളമ്പും. സ്വന്തം ചുറ്റുവട്ടത്ത് തലമുറകളായി നിവര്‍ത്തിച്ചെടുത്ത പ്രകൃതിനാശങ്ങളുടെ കഥ മിണ്ടിക്കൊടുക്കില്ല. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുമ്പോഴും കണ്ണ് മേലോട്ടാണ്. പുരയ്ക്ക് മൂന്നുനില മതിയോ ഛേ! എന്ന് പരിഹസിക്കുന്ന വികസന നയമുള്ള മുഖ്യമന്ത്രിയുള്ള നാടാണ്. ചൂടാറ്റാന്‍ ബ്ലൂസ്റ്റാറോ ലോയ്‌ഡോ കേമം എന്ന തര്‍ക്കത്തിലാണ് മധ്യവര്‍ഗം. അതുകൊണ്ടെന്താ, എസിയും കൂളറും തമ്മിലാണിപ്പോള്‍ മാധ്യമപ്പരസ്യങ്ങളിലെ അങ്കംവെട്ട്. ഈ സൈസ് പ്രയോറിറ്റി പട്ടികയിലേക്ക് മറ്റൊരു ചൂടും കയറിവന്നിരിക്കുന്നു – പൊതുതിരഞ്ഞെടുപ്പ്. നേരാണ്, ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ സമൂഹം നിശ്ചയങ്ങളെടുക്കേണ്ട കാലയളവാണ് ഇലക്ഷന്‍ കാലം. എങ്കില്‍ നടപ്പുചര്‍ച്ചകള്‍ ചൂടുപിടിക്കേണ്ടത് സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ ചക്കളത്തിപ്പോരുകള്‍ക്കു മേലാണോ? വേനല്‍ച്ചൂടിനും ഇലക്ഷന്‍ ചൂടിനുമിടയിലൂടെയാണ് ഇടുക്കിയിലെ പൂപ്പാറയില്‍ ഒരു ചിത കത്തിയമര്‍ന്നത്. വിജയന്‍ എന്ന ചെറുകിട കര്‍ഷകന്‍ ഇക്കാല ജീവിതാവസ്ഥയ്ക്ക് കണ്ടെത്തിയ അതിജീവനമാര്‍ഗം. ഇലക്ഷന്‍ചൂട് ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് അത് ‘ചൂടന്‍’ വാര്‍ത്തയായില്ല. സാമ്പത്തികബാധ്യത എന്ന ഭംഗിവാക്കില്‍ ടി ആത്മഹത്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഒതുങ്ങി. ഇതേ അക്കൗണ്ടിലാണ് ഇക്കഴിഞ്ഞ ഒരു കൊല്ലത്തില്‍ കൊച്ചുകേരളത്തില്‍ ആത്മഹത്യ ചെയ്ത 505 കര്‍ഷകരെയും വകയിരുത്തിയത്. ജീവനൊടുക്കാന്‍ തക്കവണ്ണം കര്‍ഷകന്‍ കടക്കെണിയിലാവുന്നത് നമ്മുടെ രാഷ്ട്രീയ ചര്‍ച്ചകളുടെ മുന്‍ഗണനാക്രമങ്ങളില്‍ ഇടംപിടിക്കുന്നില്ല എന്നിടത്താണ് കേരളം കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പ്രബുദ്ധത അസ്ഥാനത്താവുന്നത്. അതിലുപരി, നമ്മള്‍ പയറ്റുന്ന വ്യത്യസ്ത രാഷ്ട്രീയമുറകളെല്ലാം ബാലിശമായിപ്പോവുന്നത്.
കുറേക്കാലമായി നമ്മള്‍ ഏതാണ്ടൊരു മഹാമിടുക്കോടെ കൊണ്ടുനടക്കുന്ന ഒരു പൊതുവിചാരിപ്പുണ്ട്- കൃഷി നഷ്ടക്കച്ചവടമാണ്! അവിടെ തുടങ്ങുന്നു രാഷ്ട്രീയ ബാലിശത. ഒന്നാമത്, കൃഷി ഒരു കച്ചവടമല്ല. വിളയിറക്കുന്നവനും അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ക്കും അതൊരു അസ്തിത്വാവശ്യമാണ്. കേവലം ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം മാത്രമല്ലത്. ആവാസവ്യവസ്ഥിതിയെ സന്തുലനത്തോടെ പുലര്‍ത്തുന്ന മനുഷ്യവൃത്തി കൂടിയാണത്. ഒരുപറ കണ്ടത്തില്‍ വിത്തുവിതയ്ക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കപ്പുറം മനുഷ്യരുടെ തീറ്റയ്ക്കായി ഒരുപറ നെല്ല് കൊയ്‌തെടുക്കാം എന്നതാണ് പ്രായോഗിക കണക്കെങ്കിലും സംഗതി അതിനുമേറെ അപ്പുറം പോവുന്നു. കീടങ്ങള്‍ തൊട്ട് കിളികുലം വരെ അതിവിപുലമായ ഒരു ജീവശൃംഖലയുടെ സന്ധാരണംകൂടിയാണവിടെ നടക്കുന്നത്. ഈ ആവാസമേഖലയില്‍ മനുഷ്യന്‍ കയറി പാരവയ്ക്കുന്നത് കൃഷിഭൂമി തരിശിടുമ്പോള്‍ മാത്രമല്ല. ഉദാഹരണത്തിന്, സ്റ്റാര്‍ഹോട്ടലിലെ തവളക്കാല്‍ ഡിമാന്‍ഡിന് സപ്ലൈവട്ടമൊരുക്കാന്‍ കൊയ്ത്തുകണ്ടത്തില്‍ പെട്രോമാക്‌സും ഒറ്റാലുമായിറങ്ങുന്ന തവളപിടിത്തക്കാര്‍ ഇല്ലാതാക്കുന്നത് ഒരു പ്രകൃതിദത്ത ജൈവകീടനാശിനിയെയാണ്. ഈ ജൈവയാഥാര്‍ഥ്യത്തില്‍നിന്ന് ഭൂമിയുടെ ഓരോ അംശത്തെയും ഇഴപിരിച്ചെടുത്ത് കച്ചവടമടിക്കാന്‍ തുടങ്ങിയിടത്താണ് ‘കൃഷി നഷ്ടക്കച്ചവടം’ എന്ന നവീന സംസ്‌കാരത്തിലേക്ക് നമ്മള്‍ പുരോഗമിക്കുന്നത്. ആദ്യം തന്നെ ഭക്ഷ്യവിളയെക്കാള്‍ ആദായകരം നാണ്യവിളയാണെന്നു കണ്ടെത്തി. അങ്ങനെ റബര്‍ എന്ന ഉരുപ്പടി കേരളത്തിന്റെ കാര്‍ഷിക ഭൂപടം മാത്രമല്ല, കൃഷിസങ്കല്‍പം തന്നെ മാറ്റിമറിച്ചു. കച്ചവടത്തിനുള്ള ഉപാധി മാത്രമായി കൃഷി ചുരുങ്ങി. അപ്പോള്‍ പിന്നെ ലാഭവും ലാഭവളര്‍ച്ചയും മാത്രമാവുമല്ലോ ലക്ഷ്യം.
ഈജാതി വികസനത്തിന്റെ അടുത്ത റൗണ്ടില്‍ ഭൂമി തന്നെയായി ആദായകരമായ വിഭവം. രാഷ്ട്രീയസ്വത്ത് എന്ന നിലയ്ക്ക് മൂലധനത്തിന്റെ ഉപാധിയായി കേരളത്തില്‍ മറ്റൊരു വിഭവവുമില്ലതാനും. ഭൂവിപണനത്തിന്റെ അടുത്ത ഗഡുവാണ് വിഘടനം. ഭൂമിയോടു ബന്ധപ്പെട്ട എന്തും വേര്‍പെടുത്തി കച്ചവടമടിക്കുക. അതിപ്പോ, മണ്ണായാലും മരമായാലും കല്ലായാലും ജലമായാലും, ധാതുവായാലും. ഈ മുറിച്ചുവില്‍പനയിലേക്കാണ് ഭൂവിനിയോഗം വികസിച്ചെത്തിയിരിക്കുന്നത്. ഭൂമിയുടെ തുണ്ടുവല്‍ക്കരണത്തില്‍നിന്ന് അതിന്റെ അംശഛേദങ്ങളുടെ വിഘടനത്തിലേക്ക്. മൂലധനം എന്തിനെയും ഏതിനെയും കവര്‍ന്നെടുക്കുന്ന പുതിയ കാലത്ത് ഈ നീരാളിപ്പിടിത്തത്തിന്റെ പ്രഥമ കാഷ്വാല്‍റ്റിയാണു കര്‍ഷകന്‍.
മുതലിന്റെ ഇരപിടിയന്‍ ചലനത്തില്‍ ഇമ്മാതിരി ദുര്‍ബല ഇരകളെ സംരക്ഷിക്കേണ്ടിയിരുന്നത് ക്ഷേമരാഷ്ട്ര കല്‍പനയുള്ള ഭരണകൂടങ്ങളാണ്. എന്നാല്‍, പുതിയ കാലത്ത് മൂലധനശക്തികളുടെ മുന്നേറ്റത്തിന് സൗകര്യമൊരുക്കുന്ന ദല്ലാള്‍റോളിലേക്ക് ഭരണകൂടങ്ങള്‍ മാറി. ഇത്തരം സൗകര്യമൊരുക്കുന്ന സാമ്പത്തികനയങ്ങളാണ് വികസനോന്മുഖം; അതുകൊണ്ടുതന്നെ കാലികമായ രാഷ്ട്രീയശരി എന്ന പ്രചാരണം മേല്‍ക്കൈ നേടി. മറുത്ത് വല്ലതും പറഞ്ഞാല്‍ വികസനവിരുദ്ധം, പിന്തിരിപ്പന്‍, അടുത്തപടിയായി രാജ്യദ്രോഹം. ക്ഷേമരാഷ്ട്രം പോയിട്ട് രാഷ്ട്രക്ഷേമം അജണ്ടയും മുദ്രാവാക്യവുമായിരിക്കുന്നു. ‘സര്‍ക്കാര്‍’ എന്ന ഭരണകൂട ഏജന്‍സി നമ്മുടെ രാജ്യത്ത് എടുക്കുന്ന പണിനോക്കാം.
കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്ക് മുതല്‍പക്ഷ സാമ്പത്തികനയത്തില്‍ പ്രത്യേകിച്ചൊരു വ്യത്യാസവുമില്ല. മന്‍മോഹന്‍ ഭരിച്ചാലും മോദി ഭരിച്ചാലും, വിദര്‍ഭയില്‍ കര്‍ഷകന് അഭയം ഒരു മുഴം കയര്‍. വ്യത്യസ്ത നയം അവകാശപ്പെടുന്ന ഇടതുപക്ഷമോ? കേരളത്തില്‍ 1991നു ശേഷം അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ അവര്‍ ചെയ്തുവച്ച ഒരു വിഭജനമുണ്ട്. കൃഷിയടക്കമുള്ള പ്രാഥമിക മേഖലകളെ തദ്ദേശസഭകളുടെ (പഞ്ചായത്ത്, നഗരസഭ) തലയിലേക്കു മാറ്റി. സംസ്ഥാനസര്‍ക്കാരാവട്ടെ കേന്ദ്രം പയറ്റുന്ന സാമ്പത്തിക നയത്തിന്റെ വിനീതവിശ്വസ്ത ചുമടെടുപ്പുകാര്‍ മാത്രമായി. ചുരുക്കിയാല്‍, കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മേല്‍പ്പറഞ്ഞ കേന്ദ്രനയം വൈക്ലബ്യമേതുമില്ലാതെ വച്ചുനടത്തുന്നു. ഇടതുപക്ഷം ഭരണത്തിലേറുമ്പോഴാവട്ടെ, സംസ്ഥാന സര്‍ക്കാരില്‍ അതേ നയം പുലര്‍ത്തുകയും ടി നയം അപായകരമായിത്തീരുന്ന കൃഷിപോലുള്ള പ്രാഥമിക മേഖലകളെ പഞ്ചായത്തുകളുടെ മുന്നില്‍ തള്ളുകയും ചെയ്യുന്നു. പഞ്ചായത്തുകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നാണ് കടലാസിലെ വയ്പ്. നാട്ടുനടപ്പോ?
കള്ളപ്പണക്കാരുടെ ബിനാമികള്‍ ഉയര്‍ത്തിയ 35 വ്യാജ കമ്പനികള്‍ക്കായി മെത്രാന്‍കായല്‍ പതിച്ചുകൊടുത്തപ്പോള്‍ കുമരകം പഞ്ചായത്തിന്റെ ‘സ്വയംഭരണ’ശേഷി ഗോപിവരച്ചു. ആറന്മുള പാടശേഖരം കെജിഎസ് കമ്പനിക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വരച്ച അതേ ഗോപി! ഇതാണ് മൂലധനശക്തികള്‍ ജനായത്ത സര്‍ക്കാരുകളെ പൂട്ടുകാളകളാക്കിക്കൊണ്ട് നാടുനീളെ നടത്തിവരുന്ന കണ്ടംപൂട്ട്.
രാഷ്ട്രം സൂപ്പര്‍ പവറും പൗരന്‍ ദരിദ്രവാസിയുമാക്കപ്പെടുന്ന ഈ സാമ്പത്തിക രാഷ്ട്രീയത്തില്‍ അകപ്പെട്ട സാധാരണ കര്‍ഷകന് മുന്നില്‍ പിന്നെ രണ്ടു വഴികളേയുള്ളൂ: ഒന്ന്, കൈയിലുള്ള മണ്ണു വിറ്റ് കൂടുതല്‍ അരികുകളിലേക്ക് ജീവിതം ഒതുക്കുക. ടി മണ്ണ് കൈപ്പറ്റുന്നത് മറ്റേതെങ്കിലും കര്‍ഷകനല്ല, കാശുള്ള മുതല്‍ശക്തികള്‍ തന്നെയാവും. ഈ കച്ചവടത്തിനുള്ള ഭരണകൂട ആഹ്വാനമാണ് തല്‍ക്കാലം മുടങ്ങിക്കിടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം. ടി നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്. ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്യമിക്കുന്നത് ബിജെപി. രണ്ടു ദല്ലാള്‍മാര്‍ക്കിടയിലെ ക്രെഡിറ്റ് തര്‍ക്കം മാത്രമാണ് ബില്ല് നിയമമാവാനുള്ള തല്‍ക്കാല തടസ്സം. നിയമമായാല്‍ ഭൂമി കവരല്‍ എളുപ്പമാവുമെന്നേയുള്ളൂ. ഇപ്പോള്‍ സംഗതി നടക്കുന്നില്ലെന്ന് അതിനര്‍ഥമില്ല. അടൂര്‍ പ്രകാശ് എന്ന ഒരു ചെറുകിട മന്ത്രി വഴി കേരളത്തിന്റെ എത്ര ഹെക്റ്റര്‍ ഭൂമിയാണ് തല്‍പരകക്ഷികള്‍ക്ക് കവരാനൊത്തതെന്നോര്‍ക്കുക. ഈ ദല്ലാള്‍പ്പണി ചൂണ്ടിക്കാട്ടിയാലുടന്‍ ടിയാന്റെ മുഖ്യമന്ത്രിവക സ്ഥിരം പരിചയുണ്ട്: എല്ലാത്തിന്റെയും ഉത്തരവാദിത്തം താനേല്‍ക്കുന്നുവെന്ന്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് നാടിനെ കുട്ടിച്ചോറാക്കുന്ന ഈ ദല്ലാള്‍പ്പണിയുടെ അമരക്കാരന്‍ എന്നിടത്താണ് സുതാര്യത പരിപൂര്‍ണതയടയുന്നത്! ഉമ്മന്‍ചാണ്ടി ഒരു കൊള്ളക്കാരനൊന്നുമല്ല. ഒന്നുകില്‍ ടിയാന് ഗോളം തിരിയുന്നില്ല. അല്ലെങ്കില്‍ താന്‍ ശിരസ്സാവഹിക്കുന്ന വികസന നയത്തില്‍ ആത്മാര്‍ഥമായി ഉറച്ചുനില്‍ക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss