|    Oct 15 Mon, 2018 8:17 pm
FLASH NEWS
Home   >  Sports  >  Football  >  

പൂന്തോട്ടനഗരിയില്‍ മുഴങ്ങിയ ആ വിസില്‍ കൗമാര മേളയ്ക്കു പ്രചോദനമായി

Published : 26th September 2017 | Posted By: ev sports

എം എം സലാം

1982ആഗസ്ത് മാസത്തിലെ പൂന്തോട്ടങ്ങളുടെ നഗരമായ സിംഗപ്പൂര്‍ സിറ്റിയിലെ  ഒരു സായാഹ്നം. ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് സിംഗപ്പൂര്‍ സംഘടിപ്പിച്ച 16 വയസില്‍ താഴെ പ്രായമുള്ളവരുടെ ആറാമത് എഡിഷന്‍ ലയണ്‍സിറ്റി കപ്പിന് വേണ്ടിയുള്ള പോരാട്ടം സ്‌റ്റേഡിയത്തില്‍ കനക്കുന്നു. മല്‍സരത്തിന്റെ മുഖ്യാതിഥിയായി വേദിയിലുള്ളത് ഫിഫയുടെ അന്നത്തെ സെക്രട്ടറി ജനറല്‍ ജോ ബ്ലാറ്റര്‍. മുതിര്‍ന്ന കാല്‍പ്പന്തുകളിക്കാരെപ്പോലും വെല്ലുന്ന പന്തടക്കവും ടീം ഒത്തിണക്കവും കൗമാര താരങ്ങളില്‍ ദര്‍ശിച്ച ബ്ലാറ്ററുടെ ചിന്ത പോയത് മറ്റൊരു വഴിക്കായിരുന്നു. ലോകത്തെ പ്രധാന ഫുട്‌ബോള്‍  രാജ്യങ്ങളിലെ കുട്ടിത്താരങ്ങളെ അണിനിരത്തി ഫിഫയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് എന്തു കൊണ്ട് നടത്തിക്കൂടാ?. അണ്ടര്‍16 ഫിഫ ലോകകപ്പെന്ന ആശയവുമായിട്ടായിരുന്നു ബ്ലാറ്റര്‍ തിരികെ സൂറിച്ചിലേക്ക് വിമാനം കയറിയത്.16 വയസ്സില്‍ താഴെയുള്ളവരുടെ ലോകത്തിലെ  തന്നെ ആദ്യ ടൂര്‍ണമെന്റായിരുന്നു 1977 ല്‍ സിംഗപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആരംഭിച്ച ലയണ്‍ സിറ്റി കപ്പ്്.  ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മൂന്നു വര്‍ഷത്തിന് ശേഷം 1985ല്‍ അണ്ടര്‍ 16 ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനമെടുത്തത്. വന്‍മതിലിന്റെ നാട്ടുകാരായ ചൈന പ്രഥമ ലോകകപ്പിന് ആതിതോത്വം വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ബെയ്ജിങ്ങില്‍ 1985 ജൂലൈ 31ന് ആദ്യ കൗമാര ലോകകപ്പിന് തിരിതെളിഞ്ഞു. ചൈനയിലെ നാല് വേദികൡലായി അന്നു നടന്ന മല്‍സരത്തില്‍ 16 ടീമുകളാണ് മാറ്റുരച്ചത്. ആഗസ്ത് 15ന് ബെയ്ജിങ്ങിലെ വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തില്‍ 80,000ത്തോളം കാണികളെ സാക്ഷി നിര്‍ത്തി നടന്ന കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ജര്‍മനിയെ പരാജയപ്പെടുത്തി ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ കിരീടമണിയുകയും ചെയ്തു. കൗമാരലോകകപ്പിലെ ആദ്യ കിരീടം അങ്ങനെ ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ കീഴടങ്ങി. ചൈനയില്‍ നിന്നും തുടങ്ങിയ നൈജീരിയയുടെ ആ തേരോട്ടം പിന്നെ മറ്റു രാജ്യങ്ങളില്‍ നടന്ന ലോകകപ്പുകളിലും ആവര്‍ത്തിച്ചു. അഞ്ച് തവണ അണ്ടര്‍17 ലോകകപ്പ് കിരീടം നേടിയ ഏക ടീമായി നൈജീരിയ മാറി. 2017ല്‍ ചിലിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലും നൈജീരിയ തന്നെയായിരുന്നു ചാംപ്യന്‍മാരായത്. അണ്ടര്‍ 16 ലോകചാംപ്യന്‍ഷിപ്പ് 1991മുതലാണ് അണ്ടര്‍ 17 ലോക ചാംപ്യന്‍ഷിപ്പായി മാറിയത്. 2007 മുതല്‍ അണ്ടര്‍17 ലോകകപ്പ് എന്ന് ടൂര്‍ണമെന്റിനെ ഫിഫ വിശേഷിപ്പിക്കാനും തുടങ്ങി. ഇത് വരെ പതിനെട്ട് പതിപ്പുകള്‍ വിവിധ ലോക രാജ്യങ്ങളിലായി നടന്നു. ലോകകപ്പിന്റെ പത്തൊമ്പതാം പതിപ്പിന് ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍ ഇത്തവണ യോഗ്യത നേടാനാവാതെ പോയ നൈജീരിയന്‍ ടീമിന്റെ അഭാവമായിരിക്കും ഫുട്‌ബോള്‍ പ്രേമികളെ ഏറെ വേദനിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss