|    Jun 19 Tue, 2018 8:46 am
Home   >  Sports  >  Cricket  >  

പൂനെയുടെ പട്ടാഭിഷേകം 130 റണ്‍സകലെ

Published : 21st May 2017 | Posted By: ev sports

ഹൈദരാബാദ്: ഐപിഎല്ലിന്റെ 10ാം കിരീടം സ്വപ്‌നം കണ്ടിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പൂനെ സൂപ്പര്‍ജയന്റ്‌സിനെതിരേ ബാറ്റിങ് തകര്‍ച്ച. പൂനെയുടെ ബൗളര്‍മാര്‍ തുടക്കം മുതലേ ആധിപത്യം പുറത്തെടുത്ത മല്‍സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്ഡസെടുക്കാനെ മുംബൈയ്ക്കായുള്ളൂ. പൂനെ നിരയില്‍ ജയദേവ് ഉനദ്ഗട്ടും ഡാനിയല്‍ ക്രിസ്റ്റിയനും ആദം സാംപയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയതാണ് മുംബൈ ബാറ്റിങ്‌നിരയെ തകര്‍ത്തത്. മുംബൈ നിരയില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക്(47) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന ബാറ്റിങാണ് മുംബൈ താരങ്ങള്‍ പുറത്തെടുത്തത്. ഓപണര്‍മാരായ ലിന്‍ഡന്‍ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും റണ്‍സ് കണ്ടെത്താനാവാതെ വട്ടം കറങ്ങി. മിന്നും ബൗളിങ് പ്രകടനം പുറത്തെടുക്കുന്ന ജയദേവ് ഉനദ്ഗട്ടിന്റെ പന്തുകള്‍ മിന്നല്‍ വേഗത്തില്‍ കടന്നുപോയപ്പോള്‍ ആദ്യ രണ്ടോവറില്‍ മുംബൈയുടെ അക്കൗണ്ടില്‍ വെറും ഏഴ് റണ്‍സ് മാത്രം. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെ(4) ഉനദ്ഗട്ട് മടക്കി. കൂറ്റന്‍ ഷോട്ടിനെ ശ്രമിച്ച പട്ടേലിന്റെ ശ്രമം ശര്‍ദുല്‍ താക്കൂറിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അതേ ഓവറിലെ നാലാം പന്തില്‍ ലിന്‍ഡന്‍ സിമ്മണ്‍സിനെ(3) ഉനദ്ഗട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 2.4 ഓവറില്‍ രണ്ട് വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലായിരുന്നു.
മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും സമ്മര്‍ദത്തോടെയാണ് ബാറ്റിങ് തുടങ്ങിയത്. നിലയുറപ്പിച്ച ശേഷം ഇരുവരും കത്തിക്കയറി തുടങ്ങിയപ്പോള്‍ മുംബൈ ക്യാംമ്പില്‍ പ്രതീക്ഷവെച്ചു. എന്നാല്‍ 15 പന്തില്‍ 12 റണ്‍സുമായി മികച്ച രീതിയില്‍ തുടങ്ങിയ റായിഡുവിനെ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടാക്കിയതോടെ മുംബൈ വീണ്ടും സമ്മര്‍ദത്തിലായി. മികച്ച ഷോട്ടുകളോടെ രോഹിത് ശര്‍മ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുനയിക്കവെ ആദം സാംമ്പ രോഹിതിന്റെ വില്ലനായി. 22 പന്തില്‍ നാല് ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത രോഹിത് മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 10.1 ഓവറില്‍ നാല് വിക്കറ്റിന് 56 എന്ന നിലയിലായിരുന്നു.
വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ മുംബൈ ഇന്ത്യന്‍സിനെ മധ്യനിരയില്‍ ക്രുണാല്‍ പാണ്ഡ്യ ഒറ്റയ്ക്ക് ചുമലിലേറ്റി. ഏറെ പ്രതീക്ഷ നല്‍കിയ കീറോണ്‍ പൊള്ളാര്‍ഡ് ആദം സാംമ്പയ്ക്ക് മുന്നില്‍ വിക്കറ്റ് തുലച്ചു. ഏഴ് റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനെ സാംമ്പ മനോജ് തിവാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു.  ഹര്‍ദിക് പാണ്ഡ്യ(10) ഒരു സിക്‌സര്‍ പറത്തി തുടങ്ങിയെങ്കിലും ഡാനിയല്‍ ക്രിസ്റ്റ്യന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി മടങ്ങി. ഓള്‍ റൗണ്ടര്‍ കരണ്‍ ശര്‍മ(1)യും റണ്ണൗട്ടായതോടെ മുംബൈയുടെ ഇന്നിങ്‌സ് 100 റണ്‍സിനുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ മികച്ച ഷോട്ടുകളുമായി കളിച്ച ക്രുണാല്‍ 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി 47 റണ്‍സ് പടുത്തുയര്‍ത്തിയതാണ് മുംബൈ സ്‌കോര്‍ബോര്‍ഡിനെ 129 റണ്‍സിലേക്കെത്തിച്ചത്. മിച്ചല്‍ ജോണ്‍സണ്‍ 14 പന്തില്‍ 13 റണ്‍സുമായി പുറത്താവാതെ നിന്നു.
പൂനെ നിരയില്‍ ഉനദ്ഗട്ട് നാലോവറില്‍ 19 റണ്‍സ് വിട്ടുനല്‍കിയാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്. വാഷിങ്ടണ്‍ സുദ്ധര്‍ നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss