|    Oct 22 Sun, 2017 3:02 am

പൂട്ടിയിട്ട വീടുകളില്‍ മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

ആലത്തൂര്‍: പൂട്ടിയിട്ട വീടുകളില്‍ മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍.കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ ചുണ്ണാമ്പ്കളായില്‍ കാജാഹുസൈന്‍ എന്ന തുരപ്പന്‍ കാജയെ (37)യാണ് കൊല്ലങ്കോട് നിന്നും ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പോലിസ് പിടികൂടിയത്. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 60 ഓളം കേസുകളാണ് ഇയാള്‍ക്കെതിരേ നിലവിലുള്ളത്. കേരളത്തില്‍ മാത്രം 12 ഓളം കേസുകളുണ്ട്. കോഴിക്കോട്, കൊയിലാണ്ടി, കുറ്റിപ്പുറം, പാലക്കാട്, ഒറ്റപ്പാലം സ്‌റ്റേഷന്‍ പരിധിയിലാണ് നിലവിലെ കേസുകള്‍. പൂട്ട് തകര്‍ക്കുന്നതില്‍ വിദഗ്ധനാണ് കാജാഹുസൈന്‍. കോയമ്പത്തൂര്‍ സബ് ജയിലില്‍ നിന്ന് ഏപ്രില്‍ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. തമിഴ് നാടാണ് കാജാഹുസൈന്റെ പ്രധാന മോഷണ സ്ഥലം. കോയമ്പത്തൂര്‍, തിരുപ്പൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. ഇയാളുടെ കൂട്ടാളികളായ കോയമ്പത്തൂര്‍ ഉക്കടം റോയല്‍ നഗറില്‍ അബ്ബാസ്(39), കോയമ്പത്തൂര്‍ സ്വദേശിയും കഴിഞ്ഞ പത്ത് വര്‍ഷമായി മുടപ്പല്ലൂരില്‍ താമസക്കാരനായ റഫീക്ക് (40) എന്നിവരെ ജൂണ്‍ 27ന് ആലത്തൂരില്‍ നിന്നും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.  ബോംബ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്്ധനായ അബ്ബാസ് കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായിരുന്നുവെന്നും കോയമ്പത്തൂര്‍, ചെന്നൈ കോടതികളില്‍ എട്ടോളം കൊലപാതക കേസില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു. റഫീക്കിന്റെ ഒമ്‌നിയില്‍ രാത്രി ഒരു മണിക്കു ശേഷം കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തുന്നത്.നാല് വിവാഹം കഴിച്ച കാജാഹുസൈന്‍ മൂന്നെണ്ണം ഒഴിവാക്കി ഇപ്പോള്‍ കോഴിക്കോട് പുതിയങ്ങാടി കല്‍ക്കണ്ടി പറമ്പിലെ ഭാര്യയുമൊത്ത് കഴിഞ്ഞുവരികയാണ്. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതമാണ് കാജാ ഹുസയ്ന്‍ നടത്തിയിരുന്നത്. ആലത്തൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ മേലാര്‍കോട്ടും പുതിയങ്കത്തും പുതുനഗരം സ്‌റ്റേഷന്‍ പരിധിയിലെ വെമ്പല്ലൂരും മോഷണം നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക