|    Nov 15 Thu, 2018 8:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടും വിവാദ പീഡന കേന്ദ്രം പ്രവര്‍ത്തനനിരതം

Published : 27th September 2017 | Posted By: fsq

 

കൊച്ചി: ഇതരമതസ്ഥനെ വിവാഹം കഴിച്ച യുവതിയെ അന്യായമായി തടങ്കലിലാക്കി മര്‍ദിച്ച പീഡന കേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി റിപോര്‍ട്ട്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഹിന്ദു യുവതി ക്രൂര പീഡനത്തിനിരയായ തൃപ്പൂണിത്തുറ ഉദയംപേരൂര്‍ കണ്ടനാട് മാര്‍ത്താ മറിയം പള്ളിക്ക് സമീപമുള്ള ശിവശക്തി യോഗാ കേന്ദ്രമാണ് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നത്. യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അടിയന്തരമായി അടച്ചു പൂട്ടാന്‍ ഉദയംപേരൂര്‍ പഞ്ചായത്ത് അധികൃതര്‍ തിങ്കളാഴ്ച  തന്നെ നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റേയോ ആരോഗ്യ വകുപ്പിന്റേയോ അനുമതിയില്ലാതെയാണ് ഇരുനില വീട്ടില്‍ യോഗാ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഉടനടി എല്ലാവരേയും ഒഴിപ്പിച്ച് അടച്ച് പൂട്ടണമെന്നു സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും 90 ശതമാനം പേരേയും വീട്ടുകാര്‍ വന്ന് കൂട്ടികൊണ്ടു പോയെന്നും ബാക്കിയുള്ള പത്ത് ശതമാനം പേര്‍ ഇവിടെയുണ്ടെന്നും ഉദയംപേരൂര്‍ പോലിസ് പറഞ്ഞു. ഒരു മാസം മുമ്പ് ഒരു പെണ്‍കുട്ടി പുറത്തേക്ക് ഓടിയെന്നും പിറകില്‍ നിന്ന് വന്നവര്‍ ഈ കുട്ടിയുടെ വായ പൊത്തി പിടിച്ച് അകത്തേക്ക് കൊണ്ടുപോയതായും സമീപവാസികള്‍ പറഞ്ഞു. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയാന്‍ ബുദ്ധിമുട്ടാണെന്നും നാട്ടുകാര്‍ പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന് ഈ കേന്ദ്രവുമായിട്ടുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണവേദിയുടെ പേരില്‍ പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സ്ഥാപന നടത്തിപ്പുകാരന്‍ ഗുരുജിയെന്ന മനോജാണ് കേസിലെ ഒന്നാം പ്രതി. എന്നാല്‍, ഇയാള്‍ മുങ്ങിയതായാണു വിവരം. ഇയാളെയും കേസിലെ പ്രധാനികളായ മറ്റു നാലുപേരെയും പോലിസിനു കണ്ടെത്താനായിട്ടില്ല. കേസിലെ അഞ്ചാം പ്രതി യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ മലപ്പുറം മഞ്ചേരി സ്വദേശി ശ്രീജേഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന വിവാദ യോഗ പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവശക്തി യോഗാ കേന്ദ്രത്തിനും സ്‌റ്റോപ്പ് മെമ്മോ നല്‍കിയതായി തൃപ്പൂണിത്തുറ നഗരസഭാ കൗണ്‍സിലര്‍ കെ ജെ സത്യവ്രതന്‍ പറഞ്ഞു. ഇതര മതസ്തനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെ കണ്ടനാട് യോഗാ കേന്ദ്രത്തില്‍ എത്തിച്ച് പീഡിപ്പിച്ചതായി കാട്ടി കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss