|    Mar 21 Wed, 2018 12:57 pm
Home   >  Todays Paper  >  Page 5  >  

പൂഞ്ഞാറില്‍ ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ് പി സി ജോര്‍ജ്

Published : 13th May 2016 | Posted By: SMR

പി എം അഹ്മദ്

പൂഞ്ഞാര്‍: പുറംലോകം കാണാത്ത വനവാസികളായ മലമ്പണ്ടാരങ്ങളും മലയരയന്‍മാരുമൊക്കെയുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. പക്ഷേ ഇവര്‍ക്ക് പി സി ജോര്‍ജിനെയറിയാം. അത്രയ്ക്കാണ് പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ ജനകീയത.
ദുര്‍ബലവിഭാഗങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന ജോര്‍ജിന്റെ മനസ്സിനുള്ള അംഗീകാരം കൂടിയാണിത്. കാണണമെന്നുതോന്നുമ്പോള്‍ മുന്നിലെത്തുന്ന എംഎല്‍എയായിരുന്നു കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി പൂഞ്ഞാറുകാര്‍ക്ക് ജോര്‍ജ്. വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമരികില്‍ ഓടിയെത്തുന്ന ജനകീയന്‍. മുന്നണികള്‍ കൈവിട്ടപ്പോഴും തന്നെ അറിയാവുന്ന ജനമെന്നതായിരുന്നു ജനപക്ഷസ്ഥാനാര്‍ഥിയെന്ന പേരില്‍ സ്വതന്ത്രവേഷം അണിയാന്‍ ജോര്‍ജിനെ പ്രേരിപ്പിച്ച പ്രധാനഘടകം.
ജോര്‍ജിന്റെ കൈസഹായം എത്താത്തവീടുകള്‍ മണ്ഡലത്തില്‍ കുറവാണ്. ഇന്നലെ പാറത്തോട് പഞ്ചായത്തിലായിരുന്നു പി സി ജോര്‍ജിന്റെ പര്യടനം. കടന്നുചെന്ന വഴിയിലെല്ലാം കുട്ടികളും സ്ത്രീകളും അടക്കം വന്‍ ജനാവലിയാണ് കാത്തിരുന്നത്. നിലപാടില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ മുന്നണികള്‍ പുറം തള്ളിയതും അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളും വിവരിച്ച് അനൗണ്‍സ്‌മെന്റ്. സ്വീകരിക്കാനെത്തുന്നവര്‍ ഉയര്‍ത്തുന്ന പൂഞ്ഞാറുകാരനായ ജോര്‍ജിന് വോട്ടെന്ന മുദ്രാവാക്യത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോര്‍ജിന്റെ എതിരാളികള്‍ മണ്ഡലത്തിന്റെ പുറത്തുനിന്നുള്ളവരാണെന്നതും അദ്ദേഹത്തിന് ഗുണകരമാവുമെന്ന് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ഭൂരിപക്ഷപ്രദേശമാണ് പൂഞ്ഞാറെങ്കിലും മുസ്‌ലിം, ഈഴവ, ദലിത് വോട്ടുകളും നിര്‍ണായകം.
ജില്ലയില്‍ ഏറ്റവുമധികം ആദിവാസി വിഭാഗങ്ങളുള്ള മണ്ഡലം കൂടിയാണിത്. രാവിലെ ഒമ്പതിന് കൂവപ്പള്ളി സിഎംഎസ് പള്ളി ജങ്ഷനില്‍ കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി മുന്‍ സെക്രട്ടറി കെ ജെ വര്‍ക്കി കൊള്ളിക്കുളവില്‍ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.
കൂവപ്പള്ളി ജങ്ഷന്‍, ചെറുമല, കൂരംതൂക്ക് മൂര്‍ത്തിപ്പടി, കാരികുളം, സിഎസ്‌ഐ ജങ്ഷന്‍, ഇടക്കുന്നം പള്ളിമുക്ക്, കട്ടുപ്പാറപ്പടി, മുക്കാലി ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചവരെയുള്ള പര്യടനം പൂര്‍ത്തിയാക്കി.
സമഗ്ര കുടിവെള്ള പദ്ധതി, സമ്പൂര്‍ണ ഭവന പദ്ധതി, തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി വ്യവസായ പാര്‍ക്ക് എന്നീ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കരഘോഷത്തോടെയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ എതിരേറ്റത്.
ഉച്ചയ്ക്ക് ശേഷം 26ാം മൈല്‍, കാരയ്ക്കല്‍ കോളനി, ഒന്നാം മൈല്‍, മിച്ചഭൂമി, കുളപ്പുറം, ഡ്രീംലാന്‍ഡ് കോളനി, പാലമ്പ്ര, വാക്കപ്പാറ, മുക്കാലി എസ്എന്‍ഡിപി മന്ദിരംപടി, പൊടിമറ്റം, പുല്‍ക്കുന്ന്, വണ്ടന്‍പാറ, പെന്‍മല, ഒഎല്‍എച്ച് കോളനി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ആനക്കല്ല് ജങ്ഷനില്‍ പി സി ജോര്‍ജിന്റെ പര്യടനം സമാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss