|    Jul 23 Sun, 2017 10:28 pm
FLASH NEWS

പൂഞ്ഞാറിലെ എല്‍ഡിഎഫ് തോല്‍വി; സിപിഎം ഏരിയാ കമ്മിറ്റികളോട് വിശദീകരണം ചോദിക്കും

Published : 6th October 2016 | Posted By: Abbasali tf

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ കുറിച്ച് അന്വേഷിച്ച സിപിഎം ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റികള്‍ക്കെതിരേ നടപടിയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏരിയാ കമ്മിറ്റികളോടു വിശദീകരണം ചോദിക്കാനാണു തീരുമാനിച്ചത്. ആവശ്യമെങ്കില്‍ ഏരിയാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുണ്ടായ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സെക്രട്ടറിയേറ്റംഗം കൂടിയായ ഏകാംഗ കമ്മീഷന്‍ ബേബി ജോണ്‍ കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടുതവണ മണ്ഡലത്തില്‍ സിറ്റിങ് നടത്തിയ ശേഷമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി ഷാനവാസ് മണ്ഡലത്തിന്റെ ചാര്‍ജുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം വി പി ഇബ്രാഹിം, കമ്മിറ്റി അംഗങ്ങളായി അഡ്വ. വിഎന്‍ ശശിധരന്‍, ജോയി ജോര്‍ജ്, രമാമോഹനന്‍, കെ രാജേഷ്, പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറിയായിരുന്ന കെ ആര്‍ ശശിധരന്‍, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ടി പ്രസാദ് എന്നിവരോട് വിശദീകരണം ചോദിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വിശദീകരണത്തിനു ശേഷം ആവശ്യമെങ്കില്‍ രണ്ട് ഏരിയാ കമ്മിറ്റികളും പുനസ്സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. തോല്‍വി സംബന്ധിച്ച കമ്മീഷന്റെ അന്വേഷണത്തിനിടയിലാണ് ഈരാറ്റുപേട്ടയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി കുന്നുംപുറത്ത് നസീര്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും. ഇക്കാര്യങ്ങളും കമ്മീഷന്റെ മുന്നില്‍ പരാതിയായി ഏത്തിയിരുന്നു. നിലവില്‍ ജില്ലാ കമ്മിറ്റി അംഗം ആര്‍ ടി മധുസൂദനനാണ് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയും ഷനീറിനു ലോക്കല്‍ സെക്രട്ടറിയുടെ ചുമതലയും നല്‍കിയത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് മുതല്‍ സിപിഎം പ്രാദേശിക നേതൃത്വം പി സി ജോര്‍ജുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎം ഭരണം കൈയാളുന്നത് പി സി ജോര്‍ജിന്റെ പാര്‍ട്ടി പിന്തുണയോടെയാണ്. പഞ്ചായത്ത് ഭരണം നഷ്ടപ്പെടുമെന്ന ഭയംമൂലം പ്രാദേശിക നേതാക്കള്‍ പി സി ജോര്‍ജുമായി കൂടുതല്‍ അടുത്തതായും സിപിഎം വോട്ടുകള്‍ പി സി ജോര്‍ജിനു മറിച്ചതിനു പ്രത്യുപകാരമായി പലരും പാരിതോഷികം കൈപ്പറ്റിയതായും കമ്മീഷന്‍ കണ്ടെത്തി. ഇവര്‍ക്കെതിരേയും പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി ഉണ്ടായേക്കും. കൂടാതെ ഇലക്ഷന്‍ പ്രചാരണത്തിനായി മുണ്ടക്കയത്ത് എത്തിയ വി എസ് അച്യുതാന്ദന്‍ എതിര്‍ സ്ഥാനാര്‍ഥിയായി പി സി ജോര്‍ജിനെതിരേ ഒന്നും പരാമര്‍ശിക്കാതെ മടങ്ങിയതും കമ്മീഷന്‍ റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് പി സി ജോര്‍ജിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ച് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയത്. പ്രചാരണ പ്രവര്‍ത്തനം തുടങ്ങിയ ശേഷവും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പി സി ജോര്‍ജിനെ അനുകൂലിച്ച് തന്ത്രങ്ങള്‍ മെനഞ്ഞതു മനസ്സിലാക്കിയ അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് പലതവണ പൂഞ്ഞാറില്‍ പ്രചാരണത്തിന് എത്തുകയും പാര്‍ട്ടി സ്ഥാനാര്‍ഥി പി സി ജോസഫ് ആണെന്നും പ്രചാരണ രംഗത്ത് സജീവമാകാന്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്.എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ പോലും പി സി ജോസഫിന് ലഭിച്ചില്ല.കമ്മീഷന്‍ റിപോര്‍ട്ടിന്മേലുള്ള നടപടി പൂഞ്ഞാര്‍ മണ്ഡലത്തിലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക