|    Sep 21 Fri, 2018 10:32 pm
FLASH NEWS

പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു

Published : 9th May 2017 | Posted By: fsq

 

ഈരാറ്റുപേട്ട: മീനച്ചില്‍ താലൂക്ക് വിഭജിച്ച് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. പൂഞ്ഞാര്‍ താലൂക്ക് രൂപീകരണത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നതിന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ജനകീയ വികസന ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്്. റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കാനായി ഒപ്പു ശേഖരണം നടത്താനൊരുങ്ങുകയാണ് ഫോറം പ്രവര്‍ത്തകര്‍. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവും റവന്യൂ മന്ത്രിയുമായിരുന്ന പരേതനായ ടി എ തൊമ്മന്‍ 1964ല്‍ നടത്തിയ പ്രഖ്യാപനം ഇന്നും ചുവപ്പുനടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 1996ല്‍ സംസ്ഥാന റവന്യൂ ബോര്‍ഡ് കമ്മീഷണര്‍ എ ജി കെ മൂര്‍ത്തി ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ടും വെളിച്ചം കണ്ടില്ല. 2013ല്‍ 12 താലൂക്കുകള്‍ പുതുതായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചപ്പോഴും പൂഞ്ഞാറിന് അവഗണനയായിരുന്നു ഫലം. കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകള്‍ രൂപീകരിക്കുമെന്നായിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രഖ്യാപനം. അതേസമയം, കാലങ്ങളായുള്ള ആവശ്യമായ പൂഞ്ഞാര്‍ താലൂക്ക് രൂപീകരണത്തെ കുറിച്ച് ഒരു പരാമര്‍ശം പോലുമുണ്ടാവാതിരുന്നത് ജനങ്ങളില്‍ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രകടന പത്രികയില്‍ എല്‍ഡിഎഫും യുഡിഎഫും പി സി ജോര്‍ജും ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കുമെന്നു വാഗ്ദാനം നല്‍കിയിരുന്നു. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് താലൂക്കാസ്ഥാനമായ പാലായിലെത്തണമെങ്കില്‍ 32 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇക്കാരണത്താലാണു പുതിയ താലൂക്ക് രൂപീകരണത്തിനു ജനങ്ങള്‍ക്കിടയില്‍നിന്ന് നിരന്തരമായ ആവശ്യമുയര്‍ന്നു വരുന്നത്.മീനച്ചില്‍ താലൂക്കില്‍ 28 വില്ലേജുകളാണുള്ളത്. അതേസമയം, തൊട്ടടുത്ത കാഞ്ഞിരപ്പള്ളി താലൂക്കിലാവട്ടെ 12 വില്ലേജുകള്‍ മാത്രമാണുള്ളത്. മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂര്‍ എന്നീ വില്ലേജുകള്‍ ചേര്‍ത്ത് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്നായിരുന്നു റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം മീനച്ചില്‍ തഹസില്‍ദാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം, താലൂക്കിന്റെ ആസ്ഥാനം സര്‍ക്കാര്‍ തലത്തിലാണ് തീരുമാനിക്കേണ്ടതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈരാറ്റുപേട്ട വില്ലേജ് ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.ഈ വില്ലേജിലാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഈരാറ്റുപേട്ട പോലിസ് സര്‍ക്കിള്‍ ഓഫിസ്, ഈരാറ്റുപേട്ട പോലിസ് സ്റ്റേഷന്‍, ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഈരാറ്റുപേട്ട സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ്, കെഎസ്ആര്‍ടിസി ഡിപ്പോ, എട്ടോളം പൊതുമേഖലാ ബാങ്കുകള്‍ എന്നിവ ഈരാറ്റുപേട്ട നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏറ്റുമാനൂര്‍- ഈരാറ്റുപേട്ട ഹൈവേ, അങ്കമാലി- എരുമേലി ഹൈവേ, ഈരാറ്റുപേട്ട- പീരുമേട് ഹൈവേ എന്നിവയുടെ സംഗമസ്ഥാനമായ ഈരാറ്റുപേട്ടയിലെ ഗതാഗതസൗകര്യം നിര്‍ദ്ദിഷ്ട പൂഞ്ഞാര്‍ താലൂക്കിലെ മറ്റ് വില്ലേജുകള്‍ക്കില്ല. അതുകൊണ്ടാണ് പൂഞ്ഞാര്‍ താലൂക്കിന്റെ ആസ്ഥാനം ഈരാറ്റുപേട്ടയാക്കണമെന്ന് നാട്ടുകാര്‍ പറയുന്നത്. ടൂറിസ്റ്റ് കേന്ദങ്ങളായ ഇലവിഴാപൂഞ്ചിറ, ഇല്ലിക്കല്‍മല, മാര്‍മല അരുവി, അയ്യന്‍പാറ എന്നിവയും നിര്‍ദിഷ്ട താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലയുടെ വികസനത്തിന് താലൂക്ക് രൂപീകരണം സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss