|    May 29 Mon, 2017 12:03 am
FLASH NEWS

പൂജ ഖുര്‍ആന്‍ പഠിപ്പിക്കും: ചേച്ചി ഭഗവത് ഗീതയും

Published : 6th September 2016 | Posted By: Navas Ali kn

pooja

ആഗ്ര: ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയില്‍ വൈകുന്നേരമായാല്‍ പുജയുടെ ഖുര്‍ആന്‍ പാരായണം ഉയരും. റാണി ഖുഷ്വാഹയുടെ 18കാരിയായ മകള്‍ പൂജയാണ് കോളനിയിലെ 35 മുസ്്‌ലിം കുട്ടികളെ ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്നത്. 12ാം ക്ലാസില്‍ പഠിക്കുന്ന പൂജ സ്‌കൂള്‍ വിട്ടുവന്നതിനു ശേഷമാണ് ഖുര്‍ആന്‍ അധ്യാപികയുടെ വേഷമണിയുക. ഉച്ചാരണസ്ഫുടതയോടെയുള്ള പൂജയുടെ ഖുര്‍ആന്‍ പാരായണം ശ്രവണസുന്ദരമാണെന്ന് ഒരു വിദ്യാര്‍ഥിനിയുടെ മാതാവായ രേഷ്മ ബീഗം  തങ്ങളുടെ ലേഖകനോടു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഖുര്‍ആനിനോടുള്ള താല്പര്യം കാരണമാണ് പൂജ അറബി പഠിച്ചത്. ഹിന്ദു മുസ്്‌ലിം മാതാപിതാക്കളുടെ മകളായ സംഗീത് ബീഗം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശത്ത് ഖുര്‍ആന്‍ ക്ലാസ് നടത്തിയിരുന്നു. അതില്‍ പങ്കെടുത്താണ് പൂജ അറബിയും പിന്നെ ഖുര്‍ആന്‍ പാരായണവും സ്വായത്തമാക്കിയത്.
തികച്ചും സൗജന്യമായിട്ടാണ് പൂജ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അവരുടെ ചെറിയ വീട്ടില്‍ എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളാന്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ ക്ലാസ് മറ്റെവിടേക്കെങ്കിലും മാറ്റാന്‍ ഉദ്ദേശിക്കുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപത്തേക്ക് ഖുര്‍ആന്‍ പഠനം മാറ്റാമെന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൂജയുടെ മൂത്ത സഹോദരി നന്ദിനിയാണ് ഗ്രാമത്തിലെ കുട്ടികളെ ഭഗവത് ഗീതയും ഹിന്ദിയും പഠിപ്പിക്കുന്നത്. രണ്ടു പേരുടേയും വിദ്യാര്‍ത്ഥികള്‍ പിന്നോക്ക സാഹചര്യങ്ങളില്‍ നിന്നുള്ളവരാണെന്നും മക്കളെ കുറിച്ച് അഭിമാനിക്കുന്നതായും ഇവരുടെ അമ്മ റാണി പറഞ്ഞു. തങ്ങളുടെ ഗ്രാമത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഇത്തരം മഹനീയ മാതൃകയുണ്ടെന്നത് ഹൃദയം നിറക്കുന്നുവെന്നാണ് പ്രദേശത്തെ പ്രമുഖ മുസ്്‌ലിം നേതാവായ ഹാജി ജമാലുദ്ദീന്‍ ഖുറൈഷിയുടെ അഭിപ്രായം. ഒരു അധ്യാപിക എല്ലായ്‌പ്പോഴും അധ്യാപിക തന്നെയാണ്, അവര്‍ വിശുദ്ധ വചനങ്ങള്‍ പഠിപ്പിക്കുമ്പോള്‍ മതമേതാണെന്ന് നോക്കേണ്ടതില്ല. മറ്റുള്ളവര്‍ ഖുര്‍ആനും അറബി ഭാഷയും പഠിക്കുന്നത് ഇസ്്‌ലാം ഒരിക്കലും എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day