|    Dec 17 Mon, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും

Published : 18th November 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വാമിനി പൊന്നമ്മ(78)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ക്ഷേത്രത്തില്‍ താമസിച്ച് പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന തിരുവനന്തപുരം സ്വദേശി പൊന്നപ്പസ്വാമി എന്നു വിളിക്കുന്ന ദേവരാജനെ(60)യാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്.
2011 ആഗസ്ത് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പൊന്നമ്മയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന പ്രതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കെട്ടിടത്തില്‍ സ്വാമിനിയോടൊപ്പം താമസിച്ച് പൂജ ചെയ്തുവരുകയായിരുന്നു. സ്വാമിനിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിനും അമ്പലത്തിലെ വസ്തുവകകള്‍ കൈക്കലാക്കുന്നതിനുമായി പ്രതി കാവിമുണ്ട് ഉപയോഗിച്ച് താമസസ്ഥലത്ത് സ്വാമിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകത്തിനു ശേഷം ക്ഷേത്രത്തിലെ സ്വര്‍ണവും പണവും മറ്റു രേഖകളും അപഹരിച്ച് സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചതിനു ശേഷം, സ്വാമിനി സമാധിയായി എന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ക്ഷേത്രത്തിലെ വസ്തുവകകളുമായി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ സംശയം തോന്നി നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിക്കുകയായിരുന്നു.
ദൃക്സാക്ഷികളുടെ അഭാവത്തില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. നെടുങ്കണ്ടം പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് കുര്യന്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss