|    Dec 18 Tue, 2018 6:06 pm
FLASH NEWS

പൂങ്കുന്നം റോഡ് വികസനം: കോര്‍പറേഷന്‍ സ്ഥലം ലഭ്യമാക്കുന്നില്ലെന്ന് ആക്ഷേപം

Published : 25th May 2017 | Posted By: fsq

 

തൃശൂര്‍: പൂങ്കുന്നം- പടിഞ്ഞാറേകോട്ട-അരണാട്ടുകര റോഡ് നവീകരണം തുടങ്ങിയെങ്കിലും കോര്‍പറേഷന്റെ നിസംഗ മനോഭാവം മൂലം വികസനം പാളാന്‍ സാധ്യതയേറുന്നു. സ്ഥലം വിട്ടു നല്‍കാന്‍ ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടും നടപടിയെടുക്കാതെ നിസംഗതയിലാണ് കോര്‍പറേഷന്‍ ഭരണ നേതൃത്വം. അതേസമയം കോര്‍പറേഷന്‍ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ലഭ്യമായ സ്ഥലത്തൊതുക്കി നവീകരണം നടത്തുമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്ന വാഗ്ദാനമനുസരിച്ച് 22 മീറ്റര്‍ വീതിയില്‍ നാല് വരി പാതയായി റോഡ് വികസനമാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി. മൂന്ന് കോടി രൂപ ഇതിനായി അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ അനുവദിച്ചിരുന്നതാണ്. കോര്‍പ്പറേഷന്‍ വാഗ്ദാനം വിശ്വസിച്ച് കഴിഞ്ഞ ജൂണില്‍ പ്രവൃത്തിക്ക് കരാറും നല്‍കി.പക്ഷെ ഇതുവരെ റോഡ് വികസനത്തിന് സ്ഥലം ലഭ്യമാക്കി നല്‍കാന്‍ കോര്‍പറേഷനായില്ല. ഇതേതുടര്‍ന്നാണിപ്പോള്‍ ഉള്ള സ്ഥലത്തൊതുക്കി നവീകരണത്തിനുള്ള പ്രവൃത്തി തുടങ്ങിവെച്ചത്. പൂങ്കുന്നം മുതല്‍ ശങ്കരംകുളങ്ങര വരെ ആറ് ലൈന്‍ ഗതാഗത സംവിധാനത്തോടെ 4 കോടി ചിലവില്‍ റോഡ് വികസനം നടപ്പാക്കി കഴിഞ്ഞു. ശങ്കരയ്യറോഡ് ജങ് ഷന്‍ മുതല്‍ കേരളവര്‍മ ഇറക്കം വരേയും പടിഞ്ഞാറേകോട്ട ജങ്ഷനിലും അരണാട്ടുകര റോഡില്‍ ടാഗോര്‍ ഹാള്‍ വരെയുമാണ് ഇപ്പോള്‍ നവീകരണം ഏറ്റെടുത്തിട്ടുള്ളത്. ശങ്കരംകുളങ്ങര ജങ്ഷന്‍ മുതല്‍ കേരളവര്‍മ ഇറക്കം വരെ സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ ഈ ഭാഗം ഗതാഗത കുരുക്കിലാകും. പൂങ്കുന്നം മുതല്‍ ശങ്കരംകളങ്ങര വരെ ആറ് വരിപാതക്കും കേരളവര്‍മ ഇറക്കം മുതല്‍ പടിഞ്ഞാറെകോട്ട വരെ നാലുവരി പാതക്കും ഇടയില്‍ രണ്ടുവരിപാതയായുള്ള നവീകരണം ഇവിടെ വന്‍ ഗതാഗത കുരുക്കിന് കാരണമാകും. ഈ ഭാഗത്ത് സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് സ്ഥലം ഉടമകളുമായി കോര്‍പറേഷന്‍ അധികൃതര്‍ ഈയിടെ ചര്‍ച്ച നടത്തിയിരുന്നു. റോഡിനിരുവശത്തു നിന്നും തുല്യമായി സ്ഥലമെടുക്കുകയാണെങ്കില്‍ സ്ഥലം സൗജന്യമായി തന്നെ വിട്ടുനല്‍കാമെന്ന് സ്ഥലം ഉടമകള്‍ വാഗ്ദാനം ചെയ്തതായി ടൗ ണ്‍ പ്ലാനിങ്് സ്റ്റാന്റിങ്കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ റോസിലി പറയുന്നു. എന്നാല്‍ കോര്‍പറേഷന്‍ ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നും തുടര്‍ ചര്‍ച്ചകളും നടപടികളും ഉണ്ടായിട്ടില്ല.അംഗീകൃത ഡിടിപി സ്‌കീം അനുസരിച്ച് ഇവിടെ 25 മീറ്റാണ് വീതി. എന്നാല്‍ പൊതുമരാമത്ത് വകുപ്പന്റെ വികസന പദ്ധതി 22 മീറ്ററിലാണ്. ഡിടിപി സ്‌കീം നടപ്പാക്കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതിന് മരാമത്ത് വകുപ്പ് തയ്യാറാകുമായിരുന്നു. വേണമെങ്കില്‍ ആറുവരി പാതയായി തന്നെ ഇവിടെ വികസിപ്പിക്കാമായിരുന്നു. 22 മീറ്ററിലാണെങ്കിലും കോര്‍പറേഷന്‍ സ്ഥലം ലഭ്യമാക്കി നല്‍കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രതീക്ഷ. ഇല്ലെങ്കില്‍ ലഭ്യമായ സ്ഥലത്ത് ഒമ്പത് മീറ്ററിലൊതുക്കി ടാറിങ് പൂര്‍ത്തിയാക്കാനാണ് പരിപാടിയെന്ന് മരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. സൗജന്യമായി തന്നെ സ്ഥലം ലഭ്യമാക്കണമെന്നില്ല. പൊന്നുവിലക്കൊടുക്കാനും പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ആ നിലയിലും കോര്‍പ്പറേഷന്‍ ചിന്തിക്കുന്നില്ല. മോഡല്‍ റോഡ് പടിഞ്ഞാറെകോട്ട ജങ്ഷന് സമീപം വരെ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ കോര്‍പറേഷന്‍ സ്ഥലം ലഭ്യമാക്കി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനാല്‍ പടിഞ്ഞാറെകോട്ട ജംഗ്ഷന്‍ വികസനവും സ്തംഭനത്തിലാണ്. അരണാട്ടുകര റോഡ് സ്ഥലലഭ്യതയനുസരിച്ച് 19-20 മീറ്ററിലാണ് വികസിപ്പിക്കുന്നത്. നാല് വരി പാതക്ക് 15 മീറ്റര്‍ ടാറിങും മീഡിയനും ആവശ്യമായിടത്ത് 14 മീറ്ററിലൊതുക്കിയാണ് ടാറിങ്. പടിഞ്ഞാറ് ഭാഗം സര്‍ക്കാര്‍ മനോരോഗാശുപത്രിയാണ്. അവിടെ നിന്നും കൂടുതല്‍ സ്ഥലം ലഭ്യമാക്കാനും കോര്‍പറേഷന്റെ ഭാഗത്തുനിന്നും ആലോചന ഉണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss