|    Jun 21 Thu, 2018 11:47 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പൂക്കളും ശലഭവര്‍ണങ്ങളും വിതറിയവര്‍

Published : 18th January 2016 | Posted By: SMR

slug-vettum-thiruthumജനുവരി. മലയാളം നിരവധി പൊയ്‌പ്പോയ പ്രതിഭകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന മാസം.
മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനില്‍ തുടങ്ങാം. ഭാരത വിവര്‍ത്തനം ഒന്നു മാത്രം മതി കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ ഈ സൗഭാഗ്യസമ്പത്തിനെ കേരളം എന്നെന്നും ഓര്‍ക്കാന്‍. അതു മാത്രമല്ല, സവര്‍ണ മേധാവിത്തം ദുരമൂത്ത ഒരു കാലഘട്ടത്തില്‍ അതിനൊക്കെ എതിരേയും പ്രതികരിച്ച കവിത്വമായിരുന്നു തമ്പുരാന്റേത്. തന്നെ തമ്പുരാന്‍ എന്നു വിളിച്ചവരെ കൊഞ്ഞനംകുത്തി കവിതപോലും അദ്ദേഹത്തില്‍നിന്നുണ്ടായി. തമ്പുരാനു ശേഷം ആര്? ആരുമുണ്ടായില്ല.
കുമാരനാശാന്‍ പല്ലനയാറ്റില്‍ ബോട്ടപകടത്തില്‍ ദുരന്തമരണം ഏറ്റുവാങ്ങി മലയാളത്തെ കണ്ണീര്‍ക്കടലില്‍ എറിഞ്ഞതും ജനുവരിയില്‍. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരേ കുറഞ്ഞ ആയുസ്സിനുള്ളില്‍ തൂലിക ചലിപ്പിച്ച ആശാന്‍ ‘കവിതേ ജ്വലിക്ക… നീ’ എന്ന് എന്നും പാടി.
കേരള സംസ്‌കാരത്തിന്റെ ഈടുവയ്പ് ചരിത്രങ്ങളൊന്നാകെ താളിയോലക്കെട്ടുകളിലാക്കി ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കുമായി ഒട്ടേറെ കനകസൂക്ഷിപ്പുകള്‍ സമ്മാനിച്ച ചിറയ്ക്കല്‍ ടി ബാലകൃഷ്ണന്‍ നായര്‍ വേര്‍പിരിഞ്ഞതും ജനുവരിയിലാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് കാസര്‍കോട് സമ്മേളനത്തിന് തുടക്കം മുതല്‍ സജീവമായിരുന്ന ചിറയ്ക്കല്‍ ടിയെ ആ ദിവസങ്ങളില്‍ ശുശ്രൂഷിക്കാനും മറ്റുമായത് എഴുത്തുജീവിതത്തിലെ ധന്യനിമിഷങ്ങളായി ഞാന്‍ വിലമതിക്കുന്നു.
എന്‍ എന്‍ കക്കാട് എനിക്കൊരു തുണയും രക്ഷിതാവുമായിരുന്നു. ആകാശവാണിയില്‍ കാലുകുത്താനും വര്‍ഷങ്ങളോളം ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെയും അരി വാങ്ങാന്‍ തുണയായതും കക്കാടിന്റെ ആകാശവാണി ചെക്കുകളായിരുന്നു. രോഗബാധിതനായ നാളുകളില്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രമേ ആ വിങ്ങുന്ന നൊമ്പരമുഖം ഞാന്‍ നോക്കിയുള്ളൂ. സഫലമീ യാത്രയില്‍ ‘വരുംകൊല്ലം ആരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്നെഴുതിയ കവി മരണത്തെ മുന്നില്‍ക്കണ്ടാവാം ഇടറിയ ശബ്ദത്തില്‍ ”താന്‍ നോക്കെടോ” എന്നു പറഞ്ഞ് കഴുത്തിലെ കരിമ്പാട് എന്നെ കാണിച്ചു. അര്‍ബുദ ചികില്‍സയുടെ അനന്തരം. ഞാന്‍ കരഞ്ഞു. കാരണം, അത്രയ്ക്ക് അവശനായിരുന്നു ‘വഴിവെട്ടുന്നവരോട്’ എന്നെഴുതിയ സാക്ഷാല്‍ കവി കക്കാട്. മലയാളത്തില്‍ ഉത്തരാധുനികത എന്നൊക്കെ ആദ്യം പറഞ്ഞുതുടങ്ങിയത് കക്കാടായിരുന്നു.
സ്‌പോര്‍ട്‌സ് ലേഖകന്‍ എന്നു വിശേഷിപ്പിച്ച് നവ പത്രലോകം താഴ്ത്തിക്കെട്ടുന്ന യഥാര്‍ഥ പത്രപ്രവര്‍ത്തകന്‍- വിംസി. സത്യത്തില്‍ അദ്ദേഹം എഴുതിയ ഓര്‍മക്കുറിപ്പുകള്‍പോലും മരണശേഷം കച്ചവടതാല്‍പര്യം മാത്രം മുന്നില്‍ക്കണ്ട് ഗ്രന്ഥരൂപത്തിലാക്കാതെ ഒഴിഞ്ഞുമാറിയ പ്രസാധകര്‍. എം എന്‍ കാരശ്ശേരിയെ ആയിരുന്നു വിംസി ആ ഗ്രന്ഥം പുറത്തിറക്കാന്‍ ചുമതലപ്പെടുത്തിയതെന്ന് ഞാനോര്‍ക്കുന്നു. എന്തോ, അതിനിയും പുറത്തിറങ്ങിയിട്ടില്ല. രഹസ്യമായി ആരെങ്കിലും പ്രകാശിപ്പിച്ചോ ആവോ! സാഹിത്യത്തില്‍ പല ഇടപാടുകളും ഇക്കാലം രഹസ്യമായിട്ടാണല്ലോ, ലോക സാഹിത്യോല്‍സവം പോലും.
വികെഎന്‍. മലയാളത്തിലെ ഒന്നാംനമ്പര്‍ ജീനിയസ്സുകളിലൊരാള്‍ എന്നു വിശേഷിപ്പിക്കാന്‍ പാകത്തില്‍ തൊട്ടതൊക്കെയും പൊന്നാക്കിയ അതികായന്‍. സര്‍ ചാത്തു, പയ്യന്‍, ചാത്തന്‍സ്… എന്തു വിശേഷിപ്പിച്ചാലും ‘പയ്യന്‍സിന്’ അധികപ്പറ്റാവില്ല. രണ്ടാമൂഴം എന്ന നല്ല സൃഷ്ടി എഴുതുന്ന കാലത്തെ എം ടി വാസുദേവന്‍ നായരെ ‘കൂടല്ലൂര്‍ വ്യാസന്‍’ എന്നുവരെ വിശേഷിപ്പിക്കാന്‍ വികെഎന്‍ അല്ലാതെ മറ്റേതു പ്രതിഭയ്ക്കു കഴിയും. ഒരു പോസ്റ്റ്കാര്‍ഡിട്ടാല്‍ അതിനുപോലും ‘അമ്പ്’ സൂക്ഷിക്കാന്‍ വിരുതുണ്ടായിരുന്ന ആ കൈപുണ്യം അപാരമായിരുന്നു. പ്രിയപ്പെട്ട ഹനീഫിന്, അല്ലെങ്കില്‍ ഹനീഫ് അല്ലാത്തവന്. ആ പേരിന്റെ വാക്കര്‍ഥം ‘നിഷ്‌കളങ്കന്‍’ എന്നറിയുമ്പോഴാണ് ആ സംബോധനയുടെ ഗൂഢവശം തെര്യപ്പെടുക. മഹാന്‍ എന്നല്ലാതെ വികെഎന്‍സിനെ വേറെന്തു വിളിക്കാന്‍.
അഴീക്കോട് മാഷിനെ മലയാളത്തിനു വേര്‍പിരിയേണ്ടിവന്നതും ഒരു ജനുവരിയില്‍. കോഴിക്കോട് തൊട്ട് കണ്ണൂര്‍ പയ്യാമ്പലം വരെ മാഷിന്റെ ജീവനില്ലാത്ത ശരീരത്തെ പിന്തുടര്‍ന്ന ഞാന്‍ ഒരു സത്യം മനസ്സിലാക്കി. സുകുമാര്‍ അഴീക്കോട് ജീവിച്ചിരിക്കെ കേരളീയരുടെ മനസ്സില്‍ സിംഹാസനം തന്നെ സൃഷ്ടിച്ച് അതിലിരുന്ന മഹാപ്രതിഭയായിരുന്നു. മുന്‍ശുണ്ഠി, സ്ഥിരതക്കുറവ്, അസഹിഷ്ണുത തുടങ്ങി പല ന്യൂനതകളും മാഷ്‌ക്കുണ്ട്. പക്ഷേ, ആ പ്രഭാഷണം… ഇത്രയേറെ സര്‍ഗാത്മകമായി പ്രഭാഷണകലയെ കൈകാര്യം ചെയ്യാന്‍ മന്നത്തു പത്മനാഭനും എം പി മന്മഥന്‍ സാറിനും ശേഷം അഴീക്കോടിനല്ലാതെ മറ്റാര്‍ക്കു സാധിക്കുമായിരുന്നു. ബഷീര്‍ വെറുതെയല്ലല്ലോ ‘സാഗര ഗര്‍ജ്ജനം’ എന്നു പരിഹസിച്ചത്. തൃശൂര്‍ അമല ആശുപത്രിയില്‍ ചെന്നു കാണുമ്പോള്‍ ആദ്യം ചോദിച്ചത് കാസര്‍കോട് സാഹിത്യപരിഷത്തിനെക്കുറിച്ചായിരുന്നു. കാരണം, പരിഷത്ത് അധ്യക്ഷനായിരുന്ന മാഷ് സമ്മേളന നാളുകളില്‍ എനിക്കൊപ്പമായിരുന്നു. ജില്ലാ സെക്രട്ടറിമാരില്‍ ഒരാളെന്ന നിലയ്ക്കല്ല, സി പി ശ്രീധരന്‍, സുകുമാരന്റെ ചിട്ടകള്‍ ശ്രദ്ധിക്കാന്‍ എന്നെയാണു നിയോഗിച്ചത്. അഴീക്കോടിന്റെ മല്‍സ്യക്കൊതി ഞാന്‍ മനസ്സിലാക്കിയതും ആ നാളുകളിലായിരുന്നു. വ്യക്തിജീവിതത്തില്‍ വെറുമൊരു ശുദ്ധനായിരുന്നു അഴീക്കോട് മാസ്റ്റര്‍.
ഇതുവരെ പറഞ്ഞത് വേര്‍പിരിഞ്ഞവരുടെ ജനുവരിയെപ്പറ്റി. ബഷീര്‍ ജന്മദിനം ജനുവരിയിലായിരുന്നു. ആ ജീവിതത്തെ, സാഹിത്യസൃഷ്ടിയെ, സ്‌നേഹസാഗരത്തെ വിശേഷിപ്പിക്കാന്‍ ഈ പംക്തിയില്‍ വാക്കുകളില്ല. ഇന്ത്യന്‍ ഭാഷകളില്‍ ഒരെഴുത്തുകാരനും ഇത്രയേറെ എഴുതപ്പെട്ടിട്ടുണ്ടാവില്ല, പറയപ്പെട്ടിട്ടുണ്ടാവില്ല. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss