|    Jan 24 Tue, 2017 2:53 pm
FLASH NEWS

പൂക്കളില്ല, വന്‍ വില: മുല്ലപ്പൂ വിപണി പ്രതിസന്ധിയില്‍; കര്‍ഷകര്‍ കടക്കെണിയില്‍

Published : 4th January 2016 | Posted By: SMR

പി എ എം ഹനീഫ്

പാലക്കാട്: പ്രതിദിനം ലക്ഷങ്ങളുടെ വിറ്റുവരവുള്ള പുഷ്പവ്യാപാരം പ്രതിസന്ധിയില്‍. പൂക്കള്‍ കേടുവരാതിരിക്കാന്‍ ബാക്ടീരിയ നിര്‍മാര്‍ജനത്തിന് കീടനാശിനി തളിക്കുന്നതിനാല്‍ പൂക്കള്‍ ചരടില്‍ കോര്‍ക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ ചര്‍മരോഗങ്ങള്‍ വ്യാപകമായതും പുഷ്പവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. മലബാറില്‍ മാത്രം 12,000 കിലോ മുല്ലപ്പൂക്കളും മുല്ലമൊട്ടുകളും പ്രതിദിനം വില്‍പന നടത്തുന്നതായി വ്യാപാരികള്‍ പറയുന്നു.
നവംബര്‍ തൊട്ട് ജനുവരി വരെ തമിഴ്‌നാട്ടിലെ കാര്‍ത്തിക, മാര്‍കഴി, തൈ മാസങ്ങള്‍ പുഷ്പവ്യാപാരത്തിന് അനുകൂലമല്ല. സത്യമംഗലം, മധുര, നിലക്കോട്ട, കോവൈ ഗ്രാമാതിര്‍ത്തികളില്‍ നിന്നാണ് ദക്ഷിണേന്ത്യയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധയിനം പുഷ്പങ്ങളെത്തുന്നത്.
തമിഴ്‌നാട്ടില്‍ പ്രതിമാസം രാജ മുഹൂര്‍ത്തങ്ങള്‍’ നിരവധിയാണ്. മൃതദേഹ സംസ്‌കാര ചടങ്ങുകള്‍ക്കും തമിഴര്‍ക്ക് പൂക്കള്‍ നിര്‍ബന്ധം. മൃതദേഹത്തില്‍ പൂക്കള്‍കൊണ്ട് ഹാരം എന്നത് തമിഴ് ആചാരമാണ്. പൂക്കളുടെ ദൗര്‍ലഭ്യവും വന്‍വിലയും മൂലം ചടങ്ങുകള്‍ ഒപ്പിച്ചു മാറുക എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടു മാസമായി നിലനില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ഗ്രാമാതിര്‍ത്തികളില്‍ നിന്നെത്തുന്ന മുല്ലപ്പൂവിന് കേരളത്തിലെ കമ്പോളനിരക്ക് 1200 രൂപയ്ക്കടുത്താണ്. ചില്ലറവില്‍പന 2000ത്തിനടുത്തും. വന്‍ ചൂഷണമാണ് പുഷ്പകൃഷിക്കാര്‍ നേരിടുന്നത്. പൂക്കള്‍ അഴുകാതെ തീവണ്ടി മാര്‍ഗം കേരളത്തിലെത്താന്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗങ്ങളുമുണ്ട്. കുടക്, ഇടുക്കിയിലെ മറയൂര്‍ അതിര്‍ത്തികളിലൊക്കെ വ്യാപകമായ കുറ്റിമുല്ല കൃഷി പ്രതിസന്ധിക്കു പരിഹാരമാവുമെങ്കിലും കുറ്റിമുല്ല കര്‍ഷകര്‍ മുല്ലമൊട്ടുകള്‍ വോള്‍വോ ബസ് സര്‍വീസുകളിലൂടെ ബംഗളൂരുവിലേക്ക് കയറ്റുമതി നടത്തുന്നതിനാണ് ശ്രദ്ധ ഊന്നുന്നത്.
ദക്ഷിണേന്ത്യയില്‍ ബംഗളൂരു ആസ്ഥാനമായി അലങ്കാരങ്ങള്‍ക്കും കല്യാണപ്പന്തല്‍ ആര്‍ഭാടമാക്കുന്നതിനും രാഷ്ട്രീയ-കലാ-സാംസ്‌കാരിക വേദികളിലെ വമ്പന്‍ ആഘോഷങ്ങള്‍ക്കും പൂച്ചെണ്ടുകളായും പടുകൂറ്റന്‍ ഹാരങ്ങളായും മുല്ലമൊട്ടുമാത്രം ഉപയോഗിച്ച് ആര്‍ഭാടമായി നടത്തുന്ന ചടങ്ങുകള്‍ക്കും ഇപ്പോള്‍ കുറവു വന്നിരിക്കുന്നു. പൊന്നുംവില നല്‍കിയാലും ആവശ്യത്തിന് മുല്ലപ്പൂവ് കിട്ടാനില്ലാത്തതാണു കാരണം.
മഞ്ഞു കനത്തതും മുല്ലപ്പൂ കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍, മധുര, നിലക്കോട്ട, സത്യമംഗലം ഗ്രാമാതിര്‍ത്തികളില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ പൂക്കളുടെ ശേഖരണവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. കേരളത്തില്‍ മണ്ഡല കാലമായതിനാല്‍ ഉല്‍സവച്ചടങ്ങുകള്‍ക്ക് പ്രത്യേകിച്ച് ദേവീ ക്ഷേത്രങ്ങളില്‍ പൂക്കളും തുളസിയും പ്രത്യേക വഴിപാടുകളാണ്. പൂക്കള്‍കൊണ്ട് തുലാഭാരം വേറെയും. ഇവയ്‌ക്കൊന്നിനും പൂക്കളില്ലാത്തത് ക്ഷേത്രാങ്കണങ്ങളിലെ പുഷ്പവ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. വിപണിയില്‍ പേരിനു പോലും മുല്ലമൊട്ടും പൂവും കിട്ടാനില്ല. ജമന്തി, റോസ്, ചെണ്ടുമല്ലി, അരളി, തുളസി എന്നിവയ്ക്കും ക്ഷാമം മഞ്ഞുസീസണില്‍ പതിവാണെങ്കിലും ഇത്തവണ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പുഷ്പഹാരത്തിന്റെ നടുനായകമായ കദമ്പവും മാര്‍ക്കറ്റില്‍ ലഭ്യമല്ല.
പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, ഒറ്റപ്പാലം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പുഷ്പ ഏജന്റുമാര്‍ക്ക് പ്രത്യേക വാഹനത്തിലും തീവണ്ടി മാര്‍ഗവും പൂക്കള്‍ എത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വില്‍പനനികുതി വിഭാഗത്തിന്റെ കടുംപിടിത്തങ്ങളും കൈക്കൂലി ശേഖരണവും ഈ വാപാരത്തെ പ്രതികൂലമായി ബാധിച്ചിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 111 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക