|    Jan 23 Mon, 2017 6:32 pm
FLASH NEWS

പുസ്തക വില്‍പ്പനക്കാരുടെ തടങ്കല്‍; ചൈനീസ് നടപടിക്കെതിരേ ഹോങ്കോങില്‍ പ്രതിഷേധം

Published : 2nd July 2016 | Posted By: SMR

ഹോങ്കോങ്: ഹോങ്കോങില്‍ പുസ്തകവില്‍പ്പനക്കാരെ തടവിലിട്ട ചൈനയുടെ നടപടിക്കെതിരേ പ്രതിഷേധം. നഗരം ചൈനയുടെ നിയന്ത്രണത്തിലായതിന്റെ 19ാം വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ ആയിരക്കണക്കിനുപേര്‍ പങ്കാളികളായി. ഹോങ്കോങില്‍ സര്‍വാധിപത്യ ഭരണം നടത്തുന്നതില്‍ ചൈനയെ വിമര്‍ശിച്ചുകൊണ്ടുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.
ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന പുസ്തകങ്ങള്‍ വിറ്റതിന്റെ പേരില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്കുമേല്‍ ചില അജ്ഞാതശക്തികള്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നത് ഹോങ്കോങിലുള്ളവരെ സംബന്ധിച്ച് വലിയ ഭീഷണിയാണെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജനാധിപത്യ അനുകൂല നേതാവായ സൈദ് ഹോ പറഞ്ഞു.
ഹോങ്കോങിലുള്ള അഞ്ചു പുസ്തക വില്‍പ്പനക്കാരെയാണ് കഴിഞ്ഞ വര്‍ഷം ചൈന അറസ്റ്റ് ചെയ്തത്. ചൈനീസ് നേതാക്കളെക്കുറിച്ച് വിമര്‍ശനാത്മകമായ നിലപാടു സ്വീകരിച്ച പുസ്തകങ്ങള്‍ ഇവര്‍ വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ എട്ടുമാസം തടവ് പൂര്‍ത്തിയാക്കിയ ലാം വിങ് കീ എന്ന പുസ്തക വ്യാപാരിയെ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു. ചൈന ഹോങ്കോങിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതായും അനധികൃതമായി സ്വയംഭരണമേഖലയ്ക്കുള്ളില്‍ അധികാരം പ്രയോഗിക്കുന്നതായും സൈദ് ഹോ പറഞ്ഞു. ഹോങ്കോങ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അറസ്റ്റ് സംബന്ധിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിറ്റതിലൂടെ ഒരു രാജ്യം രണ്ടു ഭരണരീതി എന്ന നയത്തിനു നാശം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റിലായ പുസ്തക വില്‍പ്പനക്കാര്‍ പങ്കാളികളായിരുന്നതായി ചൈനീസ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹോങ്കോങ് മകാവു അടക്കമുള്ള സ്വയംഭരണ മേഖലകളില്‍ ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് ചൈന ഭരണം നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക