|    Jul 21 Fri, 2017 4:21 pm
FLASH NEWS

പുസ്തകോല്‍സവത്തിലേക്ക് അക്ഷരപ്രേമികളുടെ ഒഴുക്ക്‌ ; നാലു ദിവസത്തിനകം വിറ്റഴിച്ചത് 75 ലക്ഷം രൂപയുടെ പുസ്തകം

Published : 21st March 2017 | Posted By: fsq

 

കണ്ണൂര്‍:  ലൈബ്രറി കൗണ്‍സില്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലേക്ക് അക്ഷര പ്രേമികളുടെ ഒഴുക്ക്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ലൈബ്രറി പ്രവര്‍ത്തകരും വായനക്കാരുമെല്ലാം മുടങ്ങാതെ കടന്നുവരികയാണ്. ഇന്നലെ നാലാം ദിവസമാകുമ്പോഴേക്കും 75 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങള്‍ വിറ്റഴിച്ചതായി പുസ്തക പ്രസാധകര്‍ അറിയിച്ചു.  ലൈബ്രറികളിലേക്കും വീടുകളിലേക്കുമാണ് പുസ്തകങ്ങള്‍ കൊണ്ടുപോയത്.
കേരളത്തിനകത്തും പുറത്തുമുള്ള 57 പ്രസാധകളുടെ 112 സ്റ്റാളുകളിലാണ് ഒരുക്കിയിട്ടുള്ളത്. സൂപ്പര്‍മാര്‍ക്കറ്റിനെ അനുസ്മരിക്കും വിധം ബാസ്‌കറ്റുകളില്‍ പുസ്തകവുമായി നീങ്ങുന്നവരുടെ കാഴ്ച വായനയ്ക്ക് ഇപ്പോഴും പ്രിയമേറുന്നുവെന്നതിന്റെ തെളിവാണ്. സ്വകാര്യ പ്രസാധകര്‍ക്ക് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ബിഎസ്, ചിന്ത, ശാസ്ത്രസാഹിത്യ പരിഷത് തുടങ്ങിയ സര്‍ക്കാര്‍ സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളും മേളയിലുണ്ട്.
നാളെ മേള അവസാനിക്കുമ്പോഴേക്കും രണ്ട് കോടി രൂപയുടെ പുസ്തകം ചെലവാകുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. ജില്ലയിലെ ഗ്രാന്റ് നല്‍കിയ 865 ലൈബ്രറികള്‍ക്ക് പുറമെ നൂറ് കണക്കിന് പുതിയ ലൈബ്രറികളും പുസ്തകത്തിനെത്തുന്നുണ്ട്. ഹോം ലൈബ്രറികളിലേക്ക് പുസ്തകം ശേഖരിക്കുന്നതിനും വീട്ടമ്മമാരും കുട്ടികളും കൂട്ടമായി എത്തിച്ചേരുന്നു.
കൂടാതെ സ്‌കൂള്‍,ൗ കോളജ് ലൈബ്രറികള്‍ക്കാവശ്യമായ പുസ്തകവും വാങ്ങുന്നുണ്ട്. 33 മുതല്‍ 50 ശതമാനം കിഴിവ് പല സ്റ്റാളുകളും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും കിഴിവ് ലഭിക്കും.
നോവലിനും സാഹിത്യ പുസ്തകങ്ങള്‍ക്കും പുറമെ കുട്ടികളുടെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയെന്ന് പുസ്തക സ്റ്റാള്‍ പ്രതിനിധികള്‍ പറയുന്നു. രാവിലെ 9 മതല്‍ രാത്രി എട്ട് വരെയാണ് സ്റ്റാള്‍ പ്രവര്‍ത്തന സമയം.
എന്നാല്‍ രാത്രി 9 കഴിഞ്ഞും പുസ്തകം വാങ്ങാന്‍ ആളുകള്‍ വരുന്നു. സാംസ്‌കാരിക പരിപാടികളും സജീവമാണ്. നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നുണ്ട്. അക്ഷരശ്ലോകം, ഗാനമേള, ഇശല്‍ സന്ധ്യ, കവി സമ്മേളനം, സാംസ്‌കാരിക പ്രഭാഷണം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക