|    Dec 12 Wed, 2018 5:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പുസ്തകദിനം വന്നതും പോയതും ആരുമറിഞ്ഞീല

Published : 24th April 2018 | Posted By: kasim kzm

വെട്ടും തിരുത്തും  –  പി എ എം ഹനീഫ്
ലോക പുസ്തകദിനാചരണങ്ങളിലാണ് ഗ്രന്ഥപ്രേമികള്‍. മുഴത്തിന് മുന്നൂറ് ദിനങ്ങള്‍ എന്നത് ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോവുമ്പോള്‍, പുസ്തകദിനവും പ്രസ്തുത പട്ടികയില്‍പ്പെട്ട് എങ്ങോ പോയിമറയുന്നു.
പുസ്തകദിനം ആചരിക്കുമ്പോള്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മലയാളത്തില്‍ ഈയൊരു വിഷയത്തില്‍ തൊഴുത്തില്‍ക്കുത്താണ്. പ്രസാധകര്‍ കീരിയും പാമ്പും പോലെ പോരടിച്ചുനില്‍ക്കുമ്പോള്‍ നല്ല വായനയ്ക്ക് ഉപകരിക്കുന്ന ഗ്രന്ഥമെന്നത് ആസ്വാദനത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നൊരു ആതുരശുശ്രൂഷക കൂടിയായ അമച്വര്‍ കവയിത്രി നല്ലൊരു വിവര്‍ത്തന കൃതിയുടെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. അവരിപ്പോള്‍ വായിച്ചുമടുത്ത ചേതന്‍ ഭഗത്തിന്റെ ഗ്രന്ഥം എനിക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.
മൊഴിമാറ്റ കൃതികള്‍ മലയാളത്തില്‍ മല്‍സരബുദ്ധി ജനിപ്പിക്കുന്നുണ്ട്. മൊഴിമാറ്റക്കാരെ പ്രസാധകര്‍ തിരഞ്ഞെടുക്കുന്നതും ക്വട്ടേഷന്‍ വിളിച്ചാണ്. പണ്ടൊക്കെ ടൈലറിങ് ഷോപ്പുകളില്‍ നിലനിന്ന പീസ്‌വര്‍ക്ക് സമ്പ്രദായത്തിലൂടെയാണ് മൊഴിമാറ്റ സര്‍ഗപ്രക്രിയക്ക് പ്രസാധകര്‍ കമ്പോളനിലവാരം ഇടുന്നത്. 100 പേജ് അ4ല്‍ ചെയ്താല്‍ 10 രൂപ മുതല്‍ താഴോട്ട്. ഗ്രന്ഥം പ്രകാശനം കഴിഞ്ഞിട്ടും മൊഴിമാറ്റ ചാര്‍ജ് ലഭിക്കാത്തവര്‍ വേണ്ടത്ര.
ഒരു ഗ്രന്ഥം തന്നെ വേഗം തട്ടിക്കൂട്ടാന്‍ പാകത്തില്‍ മൂന്നു മൊഴിമാറ്റക്കാര്‍ക്ക് നല്‍കിയ സംഭവവും അടുത്തിടെ കേള്‍ക്കാന്‍ ഇടയായി. ലോകസാന്നിധ്യത്തില്‍ തന്നെ അത്യന്തം വിരളമായേ മഹത്തായ സൃഷ്ടികള്‍ ജന്മംകൊള്ളുന്നുള്ളൂ. ചേതന്‍ ഭഗത്ത്, അമിതാവ് ഘോഷ് തുടങ്ങിയ ഇന്ത്യന്‍ ആംഗ്ലോ എഴുത്തുകാരുടേത് ഒരുതരം മസില്‍ പെരുപ്പിക്കുന്ന രചനകളാണ്. അഡിഗയുടെ ‘വെള്ളക്കടുവ’ അടുത്ത് വായിച്ചു. നോവല്‍ എന്ന നിലയ്ക്ക് ക്രാഫ്റ്റ് പോലും അലസമാണ്. പക്ഷേ, കാംപസുകളില്‍ അവ കൊട്ടിഘോഷിക്കപ്പെട്ടു. കാരണം, ഇക്കിളി വേണ്ടത്രയുണ്ട്. ചേതന്‍ ഭഗത്തിന്റെ ഒരു ഇടിവെട്ട് പൈങ്കിളി മനോരമ ആഴ്ചപ്പതിപ്പ് തങ്ങള്‍ക്ക് ഉചിതമെന്നു തോന്നിയ അധ്യായങ്ങള്‍ മാത്രം മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. സര്‍ക്കുലേഷനില്‍ ഇടിവു വന്നപ്പോള്‍ നിര്‍ത്താന്‍ പത്രാധിപമേലാളര്‍ ശുപാര്‍ശ ചെയ്തു. നനുനനുത്ത സെക്‌സ് തന്നെയാണ് കമ്പോളത്തില്‍ ആകര്‍ഷിക്കപ്പെടുന്നത്.
തിരുവനന്തപുരത്തു നിന്ന് ലിജി രജിത്ത് എന്നോട് നിര്‍ബന്ധിച്ചപ്പോള്‍ സാവിത്രി റോയിയുടെ ‘നെല്ലിന്റെ ഗീതം’ ഞാന്‍ ശുപാര്‍ശ ചെയ്തു. വായനയ്ക്കുശേഷം ആ പെണ്‍കുട്ടി വണ്ടറടിച്ചു. ഇത്രയും ഗംഭീരമായൊരു മൊഴിമാറ്റ കൃതി മലയാളത്തില്‍ ഉണ്ടായിട്ട് നല്ലൊരു വായനക്കാരിയായ അവള്‍ അറിഞ്ഞതേയില്ല.
ചുരുക്കംപറഞ്ഞാല്‍ നല്ല ഗ്രന്ഥങ്ങളെ ആസ്വാദകന് കൊല്ലത്തില്‍ ഒരിക്കലെങ്കിലും പരിചയപ്പെടുത്തുന്ന പ്രക്രിയ മലയാളത്തില്‍ സംഭവിക്കുന്നേയില്ല.
ആനുകാലിക എഡിറ്റര്‍മാര്‍ തങ്ങളുടെ താല്‍പര്യങ്ങളാണ് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത്. പത്രാധിപരും പത്രാധിപരും തമ്മിലുള്ള വേഴ്ചയ്ക്കിടയില്‍ ചവറുകള്‍ കൊട്ടിഘോഷിക്കപ്പെടുന്നു. ‘നല്ലത്’, അതു വായനക്കാരിലെത്താന്‍ പുസ്തകദിനങ്ങള്‍ പ്രസാധകര്‍ കൊണ്ടാടണം. ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ ലേബലുകളിലാണിപ്പോള്‍ കായല്‍-കടല്‍ ഓരങ്ങളില്‍ കൊടിയേറുന്നത്.
‘നമ്മുടെ എഴുത്തുകാര്‍, നമ്മുടെ പുസ്തകം…’ എന്ന അവസ്ഥ മാറി ആസ്വാദകലക്ഷങ്ങളുടെ പൊതു ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ക്ക് കാതോര്‍ക്കാം. അവിടെ മാത്രമേ നല്ല പുസ്തകങ്ങള്‍ തിരിച്ചറിയപ്പെടൂ. പുസ്തകദിനങ്ങള്‍ പ്രസാധകരുടെ ലാഭക്കൊതിയില്‍ മുങ്ങാതിരിക്കട്ടെ!      ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss