|    Dec 14 Fri, 2018 6:48 am
FLASH NEWS

പുവര്‍ഹോമിന്റെ ദുസ്ഥിതിക്ക് പരിഹാരം കാണുമെന്ന് മേയര്‍

Published : 30th May 2017 | Posted By: fsq

 

കൊല്ലം: മുണ്ടയ്ക്കലില്‍ നഗരസഭയുടെ കീഴിലുള്ള പുവര്‍ഹോമിന്റെ ദുസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാനുള്ള എല്ലാ പരിശ്രമവും നടത്തുമെന്ന് മേയര്‍ വി രാജേന്ദ്രബാബു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അംഗങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേയര്‍. അഗതിമന്ദിരത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് എസ്ഡിപിഐ അംഗം എ നിസാറാണ്. പുഴുക്കളെപ്പോലെയാണ് അന്തേവാസികള്‍ കഴിയുന്നതെന്നും പുവര്‍ഹോം മാനേജിങ് കമ്മിറ്റി യോഗം കൂടാറുണ്ടോ എന്നും അംഗം ആരാഞ്ഞു. അറുപത് പേര്‍ക്ക് കഴിയാനാവുന്ന അഗതി മന്ദിരത്തില്‍ 190 ഓളം അന്തേവാസികള്‍ ജയിലില്‍ എന്ന പോലെ കഴിയുകയാണെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. പുവര്‍ഹോമിലെ പ്രശ്‌നങ്ങള്‍ അതീവഗൗരവം അര്‍ഹിക്കുന്നതാണ്. മനോരോഗികളായ ആളുകളാണ് ഏറെയും. അവര്‍ക്ക് പരിചാരകരായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെയുള്ളു. പരമാവധി 60 പേരെ ഉള്‍ക്കൊള്ളാവുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ 175 പേരുണ്ട്. പുവര്‍ഹോം നവീകരണം കോര്‍പ്പറേഷന്റെ ആലോചനയിലുള്ളതാണ്. നല്ല രീതിയില്‍ നടത്താന്‍ രണ്ടേക്കര്‍ സ്ഥലമെങ്കിലും വേണം. നല്ല കെട്ടിങ്ങളും പ്രാഥമിക സൗകര്യങ്ങളും ഒരുക്കേണ്ടതാണ്. ഇപ്പോഴത്തെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ലുലുഗ്രൂപ്പ്, കെഎംഎംഎല്‍, വിദേശമലയാളികള്‍ എന്നിവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം ശേഖരിച്ച് പുവര്‍ഹോമിന് ഫണ്ടാക്കണം. നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ജീവമാണ്. അത് പിരിച്ചുവിട്ട് പുതിയ കമ്മിറ്റി ജൂണ്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ രൂപം നല്‍കും. ജീവകാരുണ്യതല്‍പ്പരരായ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും കമ്മിറ്റിയെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ പ്രതിപക്ഷനേതാവ് എകെ ഹഫീസ്  ചൂണ്ടിക്കാട്ടി. മഴ പ്രതീക്ഷിച്ചതിലും മുമ്പേ എത്തിയത് ശുചീകരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുള്ളതായും മേയര്‍ പറഞ്ഞു.പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ശ്രദ്ധിക്കുമെന്നും പകര്‍ച്ചവ്യാധിക്കെതിരേ കൗണ്‍സില്‍ അംഗങ്ങള്‍ സ്വന്തം ഡിവിഷനുകളില്‍ സജീവമായിരിക്കണമെന്നും മേയര്‍ പറഞ്ഞു. തങ്ങളുടെ ഡിവിഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കിയിട്ടും പ്രകാശിപ്പിക്കാത്തതിലുള്ള രോഷം പ്രതിപക്ഷനിരയിലെ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രകടിപ്പിച്ചു. ഉത്തമരെന്ന് ബോധ്യപ്പെടുന്ന പുതിയ കരാറുകാരെ തിരഞ്ഞെടുക്കുന്നത് വരെ തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതല ആഡ്മീഡിയക്ക് തന്നെ നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഏറ്റവും സുതാര്യവും വിശ്വസ്തവുമായ കമ്പനിയെ കരാര്‍ എല്‍പ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവഴി എപ്പോഴുമുള്ള പരാതികള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ അഴിമതി നടക്കുന്നതായി മീനാകുമാരി ആരോപിച്ചു. ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചത് ഏറെ നേരം ബഹളത്തിന് കാരണമായി. ശക്തികുളങ്ങര കമ്യൂണിറ്റി ഹാള്‍ വാടകയ്ക്ക് കൊടുക്കാതെ ആവശ്യക്കാരെ നിസാരകാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണെന്നും മീനാകുമാരി ചൂണ്ടിക്കാട്ടി. തന്റെ ഡിവിഷനില്‍പെട്ട ആശ്രാമത്ത് ബിവറേജ് ഔട്ട്‌ലറ്റ് വരുന്നതിനെ ഹണി ശക്തമായി എതിര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss