|    Sep 25 Tue, 2018 12:34 pm
FLASH NEWS

പുഴ മരിച്ചാല്‍ നാമാരും ജീവിച്ചിരിക്കില്ലെന്ന ഓര്‍മപ്പെടുത്തലുമായി നിളായനം

Published : 1st February 2018 | Posted By: kasim kzm

കോഴിക്കോട്: നിളയെ മരണത്തിനു വിട്ടുകൊടുക്കാനാവില്ലെന്നും ഇനിയെങ്കിലും സംരക്ഷിച്ചേ തീരു എന്ന പ്രഖ്യാപനവുമായി ഒരു  ചിത്രപ്രദര്‍ശനം . ചിത്രരചനയിലൂടെ  ആളുകളെ ബോധവല്‍ക്കരിക്കാം എന്നവിശ്വസമാണ്  ജ്യോതി അമ്പാട്ടിന്റെ നിളായനം എന്ന ചിത്രപ്രദര്‍ശനത്തിന്റെ പ്രാധാന്യവും പ്രത്യേകതയും. നിളയുടെ വിവിധ ഭാഗങ്ങളിലായി യാത്രചെയ്ത് കണ്ടതുപോലെ പുഴയെ മനസ്സില്‍ പകര്‍ത്തി. പിന്നെ കാന്‍വാസിലേക്കും. നിളയെ അടുത്തറിഞ്ഞവര്‍ക്ക് ചിത്രങ്ങളിലൂടെ ക്രമത്തിലൊന്നുപോയാല്‍ സുന്ദരമായ ഒരോര്‍മപുതുക്കലായി അതു മാറും. കല്‍പ്പാത്തി പുഴയിലേക്കിറങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന പുഴയുടെ ചിത്രത്തോടെയാണ് തുടക്കം. പിന്നീട് പുഴയോരത്തിലൂടെ പറളിയിലെത്തി. മായന്നൂര്‍ തടയണയ്ക്കകത്തു തളച്ചിട്ട പുഴയ്ക്ക് ഒഴുകാനാവാത്തതും താഴെ കാണുന്ന പുല്‍ക്കാടും മണ്ണും കാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. തെല്ലൊരു വേദനയോടെയേ അതു കാണാനാവൂ. ചെറുതുരുത്തി, പട്ടാമ്പി പാലങ്ങളില്‍ നിന്നുള്ള കാഴ്ചയും ചിത്രമായിരിക്കുന്നു. നിളയുടെ സമൃദ്ധി ഓര്‍മപ്പെടുത്തുന്ന, പാലം മുട്ടിയൊഴുകുന്ന പുഴയും പ്രദര്‍ശനത്തിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അത് പഴയൊരു ഓര്‍മമാത്രമാണെങ്കിലും… തൃത്താല, വെള്ളിയാങ്കല്ല്, കൂടല്ലൂര്‍, കുറ്റിപ്പുറം പാലം, ചമ്രവട്ടംവരെ യാത്രചെയ്തു. മങ്കേരി കുന്നില്‍ നിന്നുള്ള പുഴക്കാഴ്ച അതിമനോഹരമായിട്ടുണ്ട്. ചമ്രവട്ടത്തുവച്ച് ചിത്രകാരിക്ക് ഏറ്റവും ആരാധന ഉള്ളില്‍ കൊണ്ടുനടന്ന എഴുത്തുകാരന്‍ സി രാധാകൃഷ്ണനെ കാണാനായതിന്റെ സന്തോഷവും അവര്‍ മറച്ചുവച്ചില്ല. ജനുവരി 30 മുതല്‍ ഫെബ്രു 4 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചത് നാട്ടുകാരന്‍ കൂടിയായ പ്രശസ്ത കവി പി രാമനാണ്. ഡോ. കെ എസ് വാസുദേവന്‍, സുനില്‍ അശോകപുരം സംബന്ധിച്ചു. ചിത്രരചന അഭ്യസിക്കാത്ത ചിത്രകാരി കൂടിയാണ് ജ്യോതി. നാലുദിവസത്തെ പുഴയുടെ സ്പന്ദനങ്ങള്‍ തേടിയുള്ള യാത്രയില്‍ ജ്യോതിക്ക് കൂട്ടായി ചിത്രകാരന്‍ കൂടിയായ ജീവിതപങ്കാളി ജിജിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോല്‍സാഹനവും പിന്തുണയും ജ്യോതിക്കുണ്ട്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള ഇവര്‍ തിരുവേഗപ്പുറ നരിപ്പറമ്പ് ജിയുപി സ്‌കൂള്‍ അധ്യാപികയാണ്. ജിതേന്ദ്ര, രുദ്ര എന്നിവര്‍ മക്കളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss