പുഴ നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ റോഡ് നിര്‍മാണം
Published : 12th April 2018 | Posted By: kasim kzm
തലശ്ശേരി: എരഞ്ഞോളി പുഴയുടെ ഒരുഭാഗം മണ്ണിട്ടുനികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയ റോഡ് നിര്‍മാണമാരംഭിച്ചതായി പരാതി. എരഞ്ഞോളി പാലത്തിന്റെ സമീപത്തുനിന്ന്് കോമത്ത് പാറയിലേക്കുള്ള ഭാഗത്താണ് പുഴനികത്തല്‍. നേരത്തെ കോമത്ത് പാറയുടെ ഉയര്‍ന്നഭാഗം ഇടിച്ചു നിരപ്പാക്കുകയും സ്വകാര്യ വ്യക്തി വില്ലകള്‍ പണിത് വില്പന നടത്തുകയും ചെയ്തിരുന്നു. കുന്നിടിച്ചതോടെ ശുദ്ധജല ലഭ്യത കുറയുകയും ഉപ്പ് വെള്ളം പ്രദേശത്തേക്ക് കയറുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. വില്ലകള്‍ വാങ്ങിയവര്‍ക്ക് ശുദ്ധജല സൗകര്യമൊരുക്കി തരാമെന്ന് സ്വകാര്യ വ്യക്തി ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. കൂടാതെ ഇവിടെ സ്റ്റാര്‍ ഹോട്ടല്‍ പണിയാനുള്ള നീക്കവുമാരംഭിച്ചു.
പുതുതായി പുഴയോരം നികത്തി കണ്ടലുകള്‍ വെട്ടിമാറ്റി മണ്ണിട്ടാണ് റോഡ്് നിര്‍മാണം. നാട്ടുകാര്‍ വില്ലേജ്, തഹസില്‍ദാര്‍ എന്നിവരെ വിവരം അറിയിച്ചുവെങ്കിലും മണ്ണ്നികത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെതിയതെന്നു നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ പുഴയോരത്ത് ചുരുക്കം വീടുകളാണുള്ളത്. സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായ ദിവസങ്ങളിലാണ് പുഴയോരം മണ്ണിട്ട് നികത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഭൂ മാഫിയയുടെയും റിസോര്‍ട്ട് മുതലാളിമാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ചിലരുടെ നീക്കമെന്നും പരാതിയുണ്ട്. പുഴയോരം നികത്തിയുള്ള റോഡ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
മാലിന്യം കത്തിക്കരുതെന്ന
ബോര്‍ഡിന് താഴെ മാലിന്യക്കൂമ്പാരം കണ്ണൂര്‍: ഇവിടെ മാലിന്യം കത്തിക്കരുത് എന്ന വലിയ ബോര്‍ഡിന് ചുറ്റും ദിവസവും മാലിന്യം കൂട്ടിയിട്ട് കത്തിച്ച് അധികൃതര്‍. ജില്ലാഭരണകൂടത്തിന്റെ കെട്ടിടങ്ങള്‍ക്കു ഇടയിലെ ചെറിയ ഒഴിഞ്ഞ സ്ഥലത്താണ്് മാലിന്യം കത്തിക്കുന്നത്.
വിവിധ വകുപ്പ് ഓഫിസുകളില്‍നിന്നും ജില്ലാപഞ്ചായത്ത് ഓഫിസില്‍നിന്നും കാന്റീന്നിന്നും സമീപപ്രദേശങ്ങളിലെ കടകളില്നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നതായാണ് പരാതി. മാലിന്യം കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം കാരണം സമീപ ഓഫിസുകള്‍ക്കും താമസക്കാര്‍ക്കും നില്ക്കപ്പൊറുപ്പില്ലാതായതോടെയാണ് ഇവിടെ മാലിന്യം കത്തിക്കരുതെന്ന വലിയ ബോര്‍ഡ് അധികൃതര്‍ തന്നെ സ്ഥാപിച്ചത്. എന്നാല്‍ ഇതുകൊണ്ടും പരിഹാരമില്ലെന്നു സമീപവാസികള്‍ പറയുന്നു. 24 മണിക്കൂറും ഇവിടെ കത്തിയും പുകഞ്ഞുംകൊണ്ടിരക്കുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.