|    Nov 20 Tue, 2018 5:42 pm
FLASH NEWS

പുഴ കൈയേറ്റം: നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം രണ്ടു തട്ടില്‍

Published : 9th June 2017 | Posted By: fsq

 

വടകര: നഗരസഭ പരിധിയിലെ പുതുപ്പണം കാരാട്ട് പുഴ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാത്തതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ടി കേളു ആരോപിച്ചു. 25 സെന്റ് പുഴ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിനും വ്യാജ രേഖ ചമച്ച് വൈദ്യുതി കണക്ഷനടക്കം നല്‍കിയതായും കേളു പറഞ്ഞു. മറ്റൊരു വീടിന്റെ നമ്പര്‍ ഉപയോഗിച്ചാണ് വൈദ്യുതി കണക്ഷന്‍ നേടിയെടുത്തത്. കെട്ടിട നിര്‍മാണത്തിന് നഗരസഭയില്‍ നിന്നും പ്ലാനോ ഉടമസ്ഥാവാകാശ സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ല. അന്നത്തെ ചെയര്‍മാന്‍ സത്യവാംഗ് മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഈ കെട്ടിടത്തിന് വൈദ്യുതി ലഭിച്ചതെന്നും ദൃശ്യകലാസമിതിയുടെ കെട്ടിടത്തിന് അനുകൂലമായി നിയമവിരുദ്ധമായ തീരുമാനമാണ് നഗരസഭ കൈകൊണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റവന്യൂ അധികൃതര്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഒരു മാസം മുമ്പ് റിപോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും പല സ്ഥലത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് അംഗം എംപി ഗംഗാധരന്റെ പരാമര്‍ശം ബഹളത്തിനിടയാക്കി. സിപിഎം സ്ഥലം കയ്യേറി എന്ന രൂപത്തില്‍ മെമ്പര്‍ നടത്തിയ പരാമര്‍ം പിന്‍വലിക്കണമെന്ന് ഭരണപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. കലാസമിതി ഭൂമി കയ്യേറിയെന്ന പരാമര്‍ശം ശരിയായില്ലെന്നും കളിസ്ഥലം മണ്ണിട്ട് നികത്തുകയാണ് ചെയ്തതെന്നും ഇ അരവിന്ദാക്ഷന്‍ പറഞ്ഞു. വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിക്കുന്ന നഗരസഭയുടെ വലിയവളപ്പ് സൊസൈറ്റി ഗ്രൗണ്ട് മണ്ണിട്ട് നികത്തിയിട്ടും എതിര്‍പ്പുണ്ടായിട്ടില്ലെന്നും, രണ്ടിടങ്ങളില്‍ ഇരട്ട സമീപനം ശരിയല്ലെന്നും അദ്ദേഹം പരാമര്‍ശിച്ചു. വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം ഉണ്ടായി. മുസ്ലിം ലീഗ് അംഗം എംപി അഹമ്മദ് കയ്യേറിയ സ്ഥലം നഗരസഭ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍. കായിക വിനോദങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥലമാണ് കാരാട്ട് പുഴോരം. ഇവിടെ കയ്യേറ്റമായി കണക്കാക്കാന്‍ പറ്റില്ലെന്നും തഹസില്‍ദാറുടെ റിപോര്‍ട്ട് പ്രകാരം കയ്യേറ്റം നടന്നിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഏഴ് വര്‍ഷം പ്രായമുള്ള തെങ്ങും 2015 മുതലുള്ള കെട്ടിടവുമുള്ളപ്പോള്‍ എങ്ങിനെയാണ് കയ്യേറ്റമുണ്ടാവും എന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. വിഷയം അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിലാണ് പുഴ കയ്യേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിച്ചത്. പഴ ബസ്സ്സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ആസ്പറ്റോഷ് ഷീറ്റ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നതായി അംഗങ്ങള്‍ പറഞ്ഞു. മത്സ്യബന്ധന തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണം വൈകുന്നതും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധത്തിനിടയാക്കി. യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എന്‍പിഎം നഫ്‌സല്‍, പി സഫിയ, പികെ ജലാലുദ്ദീന്‍, പി അശോകന്‍, വി ഗോപാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss