|    Feb 19 Mon, 2018 3:27 pm
FLASH NEWS

പുഴയോര ഭൂമിയിലെ കളിസ്ഥല നിര്‍മാണം എഡിഎം തടഞ്ഞു

Published : 25th January 2017 | Posted By: fsq

 

കൊടുവള്ളി: പൂനൂര്‍ പുഴയിലെ പുറമ്പോക്ക് ഭൂമിയില്‍ നടക്കുന്ന എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കാന്‍ കോഴിക്കോട് എഡിഎം നിര്‍ദേശം നല്‍കി. നെല്ലാംങ്കണ്ടിയില്‍ പുഴയോര പുറമ്പോക്ക് ഭൂമിയില്‍ കളിസ്ഥലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സേവ് പൂനൂര്‍ പുഴ സംരക്ഷണ ഫോറം നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഡിഎം താമരശ്ശേരി തഹസില്‍ദാര്‍ക്കും വില്ലോജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. വില്ലേജ് ഓഫിസര്‍മാര്‍ ബന്ധപ്പെട്ടവര്‍ക്ക് ഇന്നലെ വൈകീട്ട് ഇതു സംബന്ധമായി നോട്ടീസ് നല്‍കി. കൊടുവള്ളി നഗരസഭയുടെ പരിധിയില്‍പ്പെട്ട ദേശീയ പാതയോട് ചേര്‍ന്ന നെല്ലാംങ്കണ്ടിയില്‍ അനുദിനം നശിച്ച് കൊണ്ടിരിക്കുന്ന പൂനൂര്‍ പുഴയുടെ പുറമ്പോക്ക് ഭൂമി ഇടിച്ച് നിരത്തിയാണ് കളിസ്ഥലം നിര്‍മാണം ആരംഭിച്ചിരുന്നത്. കൊടുവള്ളി നഗരസഭയുടെ അനുമതിയോടെയാണ് കളിസ്ഥലം നിര്‍മിക്കുന്നതെന്നാണ് നഗരസഭ പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍ ഇക്കാര്യം സംബന്ധിച്ച് പ്രതികരിച്ചത്.വിവിധ നിര്‍മാണ പ്രവൃത്തികള്‍ മൂലം പുഴ ഏറെ വീതി കുറഞ്ഞ് പോയ ഭാഗമാണിത്. ഒരു മാസത്തിനിടെ കൊടുവള്ളി നഗരസഭയുടെ പരിധിയില്‍പ്പെട്ട പുഴ പുറമ്പോക്ക് ഭൂമിയില്‍ നടക്കുന്ന രണ്ടാമത്തെ കളിസ്ഥലം നിര്‍മാണമാണിത്. കിഴക്കോത്ത് കച്ചേരി മുക്കിലാണ് പ്രദേശത്തെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുഴ പുറമ്പോക്ക് ഭൂമി ഇടിച്ച് നിരത്തി കളിസ്ഥലം നിര്‍മിച്ചത്. ഇതിന് പിന്നാലെയാണ് നെല്ലാംങ്കണ്ടിയില്‍ വീണ്ടും പുഴയോരം ഇടിച്ച് നിരത്തി കളിസ്ഥലം നിര്‍മിക്കുന്നത്. അവധി ദിവസമായ ഞായറാഴ്ച്ചയാണ് വലിയ മരങ്ങള്‍ മുറിച്ച് മാറ്റി എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി കളിസ്ഥലമൊരുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss