|    Oct 19 Thu, 2017 11:19 am
FLASH NEWS

പുഴയോടൊപ്പം ജീവിച്ചവരെ ഇരുവഴിഞ്ഞിപ്പുഴയോരത്ത് ആദരിക്കുന്നു

Published : 16th September 2016 | Posted By: SMR

മുക്കം: ഇരുവഴിഞ്ഞിപ്പുഴയോടൊപ്പം ജീവിതം കഴിച്ചുകൂട്ടിയവരെ നിരവധി ചരിത്രങ്ങളുറങ്ങുന്ന തെയ്യത്തുംകടവില്‍ ആദരിക്കുന്നു. മീന്‍പിടുത്തം, തെരപ്പന്‍കുത്ത്,  തോണിക്കടത്ത്  എന്നീ ജോലികള്‍ ചെയ്ത പഴയ തലമുറയിലെ നാല്‍പ്പതോളം പേരെയാണ് ‘എന്റെ സ്വന്തം ഇരുവഴിത്തി’ വാട്‌സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പുതുസമൂഹത്തിന് പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുന്നത്. ‘പുഴയരികില്‍’ എന്ന പേരിലാണ് പരിപാടി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ബി പി മൊയ്തീന്റെ മരണത്തിലൂടെ ശ്രദ്ധേയമായ തെയ്യത്തുംകടവില്‍ ഇതിന്റെ ഭാഗമായി കൂട്ടവര നടത്തും. ഇരുവഴിഞ്ഞിപ്പുഴ പ്രമേയമാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രശസ്തരായ ചിത്രകാരന്മാര്‍ വരെയുള്ള നൂറ് കണക്കിനാളുകള്‍ ഒരേ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ തീര്‍ക്കും. പുതു തലമുറയെ പുഴയിലേക്ക് ആകര്‍ഷിക്കാന്‍ ‘വല വീശല്‍’ മത്സരവും നടത്തും. പരിപാടിയില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രര്‍ത്തകര്‍ സംബന്ധിക്കും. നേരത്തെ ഇരുവഴിഞ്ഞി പുഴയില്‍ അന്വേഷണ സഞ്ചാരം, കൂട്ട കുളി എന്നിവ വാട്‌സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു. കൊടിയത്തൂര്‍ തെയ്യത്തുംകടവ് മദ്രസ്സയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം പി കെ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ചെയര്‍മാന്‍ പി കെ സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ടി നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ പി മുജീബ്, സലീം വലിയപറമ്പ്, പി കെ ഫൈസല്‍, സി സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക