|    Oct 16 Tue, 2018 7:45 am
FLASH NEWS
Home   >  Kerala   >  

പുഴയില്‍ മാലിന്യം തള്ളിയാല്‍ രണ്ടുവര്‍ഷം തടവ്

Published : 9th November 2017 | Posted By: G.A.G

പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുവരെ ലഭിക്കാവുന്ന നിയമനിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി മാത്യു ടി.തോമസ്. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുന്ന ഓര്‍ഡിനന്‍സ് വൈകാതെ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
ജലസംഭരണികളിലടക്കം ഏതുതരം മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കുറ്റകരമാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
വലിയതോതില്‍ നദികളും ജലസ്രോതസുകളും മലിനപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനടക്കം ഉപയോഗിക്കേണ്ട ജലം മലിനപ്പെടുത്തുന്നതു കുറ്റകരമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. പലരീതിയിലുള്ള മാലിന്യങ്ങള്‍ ജലസ്രോതസുകളെ മലിനപ്പെടുത്തുന്നുണ്ട്. മനുഷ്യമാലിന്യങ്ങളടക്കം പുഴയില്‍ തള്ളുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിയമം നടപ്പാക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും.
ഭാരതപ്പുഴ, പെരിയാര്‍, പമ്പ നദികള്‍ ശുദ്ധീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷനില്‍ പദ്ധതി തയാറാക്കും. മൂന്ന് നദികളുടെയും സ്ഥിതി വളരെ മോശമാണ്. മുഖ്യമന്ത്രി തന്നെ ഇതിനു പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വലിയ തുക നവീകരണത്തിന് വേണ്ടിവരും. ഉമാഭാരതി കേന്ദ്രജലവിഭവവകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു.കേന്ദ്രഫണ്ടിനായിട്ടാണ് സമീപിച്ചത്. ഇപ്പോഴത്തെ മന്ത്രി നിധിന്‍ ഗഡ്കരിയുമായും സംസാരിച്ചിട്ടുണ്ട്. കേന്ദ്രജലകമ്മീഷന്‍ വന്ന് പമ്പയില്‍ പഠനം നടത്തിപോയിട്ട് പിന്നീടുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ല.
ഭൂഗര്‍ഭജലശേഖരം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിന് ഭൂഗര്‍ഭജല അഥോറിറ്റി രൂപവത്കരിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തിവെക്കാനുള്ള ക്രമീകരണം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും പഠനം നടത്തുന്നവര്‍ക്കും അന്നന്ന് മഴയുടെ അളവ് കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കും.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് കിട്ടേണ്ട വെള്ളത്തിന്റെ ഭൂരിഭാഗവും ഈ വര്‍ഷം കിട്ടിയിട്ടുണ്ട്. കരാര്‍ 1988ല്‍ പുനഃപരിശോധിക്കേണ്ടതായിരുന്നു.  ഇക്കാര്യം മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ചീഫ് സെക്രട്ടറി തലത്തി്ല്‍ ചര്‍ച്ചയ്ക്കു തീരുമാനമായിട്ടുണ്ട്. കാവേരി വെള്ളം കിട്ടിയാലും അത് പ്രയോജനപ്പെടുത്താവുന്ന നിലയില്ല. വെള്ളം ശേഖരിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലെന്നതാണ് നമ്മുടെ പ്രശ്‌നമെന്നും മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss