|    Aug 19 Sun, 2018 6:01 am
FLASH NEWS

പുഴയിലും തോടുകളിലും വെള്ളം നിറഞ്ഞു : മീന്‍പിടിത്തം ഉല്‍സവമാക്കി യുവാക്കള്‍

Published : 29th June 2017 | Posted By: fsq

 

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: മഴ കനത്തതോടെ തോടുകളിലും കുളങ്ങളിലും വെള്ളം നിറഞ്ഞു. ഇതോടെ നാട്ടിന്‍പുറത്ത് യുവാക്കളുടെ മീന്‍പിടിത്തവും സജീവമായി. ഇടവപ്പാതിയിലെ ഏറ്റുമീന്‍പിടിത്തം നാട്ടിന്‍പുറങ്ങളില്‍ ഒരു വിനോദമാണ്. പുതുവെള്ളത്തിലേക്ക് പ്രജനനം നടത്താന്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ നടത്തുന്ന ദേശാന്തര ഗമനമാണ് ഏറ്റുമീന്‍. മണ്‍സൂണിന്റെ ആദ്യ ആഴ്ചകളില്‍ പ്രജനനത്തിനായി മല്‍സ്യങ്ങള്‍ നടത്തുന്ന ഈ യാത്രയില്‍ ഇവയെ ഭക്ഷണത്തിനായി പിടിച്ചെടുക്കുന്നു. മഴ തുടങ്ങുമ്പോള്‍ വയലിലേക്കും തോട്ടിലേക്കും മല്‍സ്യങ്ങള്‍ മുട്ടയിടാന്‍ കയറി വരും. പുതുമഴയിലെ ഇത്തിരി വെള്ളത്തില്‍ വച്ച് അവയെ പിടിക്കാന്‍ എളുപ്പമാണ്. വേനലിന് ശേഷം ആദ്യമെത്തുന്ന പുതുമഴയിലാണ് തോടുകളിലും പാടശേഖരങ്ങളിലും മീനുകള്‍ കയറുന്നത്. പരല്‍, വരാല്‍, തൂളി, വാള, കൂരി, കുറുവ, ആരല്‍, മുഷി, പോട്ട, ചീക്, പുല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലാന്‍, പള്ളത്തി, മനഞ്ഞില്‍, കല്ലട തുടങ്ങിയ മീനുകളാണ് കൂടുതലായും കണ്ടുവരുന്നത്. പുതുവെള്ളത്തിലേക്കുള്ള മീനിന്റെ പാതകളിലെ തന്ത്രപരമായ ഇടങ്ങളില്‍ ഇവയെ കൂട്ടത്തോടെ കിട്ടും. ഇങ്ങനെ മീന്‍പിടിക്കുന്നതിനെ ഏറ്റു മീന്‍പിടിത്തം എന്ന് വിളിക്കുന്നു. ഏറ്റുമീന്‍ ഇളകുമ്പോള്‍ പുതുവെള്ളത്തില്‍, പ്രധാനമായും വയലിലെ ചാലുകളിലും കൈത്തോടുകളിലും രാത്രി വെട്ടുകത്തിയും ടോര്‍ച്ചുമായി ഇറങ്ങി ആളുകള്‍ വരാല്‍, മുഷി, കുറുവ തുടങ്ങിയ മീനിനെ വെട്ടിപ്പിടിക്കും. ചെളിയിലോ മറ്റോ കുടുങ്ങിയ മീനിനെയാണു മിക്കപ്പോഴും കിട്ടുന്നത്. മുളയോ ഈറയോ കൊണ്ട് നിര്‍മിച്ച രണ്ടറ്റവും തുറന്ന കോണ്‍ ആകൃതിയുള്ള ഉപകരണം ഉപയോഗിച്ച് ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ മീന്‍പിടിക്കാറുണ്ട്. ഇതും രാത്രി വെളിച്ചം ഉപയോഗിച്ചാണ്. തീരെ ആഴം കുറഞ്ഞ ഇടങ്ങളില്‍ നിന്നു മിതമായ അളവില്‍ മീന്‍ കിട്ടും. നദിയും തോടുകളും തമ്മില്‍ ബന്ധിക്കുന്ന സ്ഥലത്താണ് ഏറ്റു മീന്‍ പിടിത്തം കൂടുതലായി നടക്കുന്നത്. ഇവിടെ വലവീശിയും ഒടക്കുവല ഉപയോഗിച്ചും മീന്‍ പിടിക്കുന്നു. രണ്ട് ദണ്ഡുകള്‍ക്കുള്ളില്‍ കൂടു പോലെയുള്ള ചെറിയ വലയുമായി ഒഴുക്കുള്ളിടങ്ങളില്‍ താഴ്ത്തി നില്‍ക്കുകയും വലയില്‍ മീന്‍ കയറിയാല്‍ പൊക്കി അതിനെ പിടിക്കുകയും ചെയ്യുന്ന രീതിയാണ് കുത്തുവല. ഇത്തരത്തിലുള്ള മീന്‍പിടിത്തം നാട്ടിന്‍പുറങ്ങളില്‍ ഇത്തവണയും സജീവമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss