|    Jan 19 Thu, 2017 10:11 am

പുള്‍: ആശാരിയില്‍നിന്നു മുഖ്യമന്ത്രി പദവിയിലെത്തിയ നേതാവ്

Published : 10th August 2016 | Posted By: SMR

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിക്കോപുളിന്റെ രാഷ്ട്രീയജീവിതം ഒട്ടേറെ വൈതരണികള്‍ നിറഞ്ഞതായിരുന്നു. ആശാരി ആയി എളിയ നിലയിലാണ് അദ്ദേഹം ജീവിതമാരംഭിച്ചത്. സംസ്ഥാനത്തെ എട്ടാമത്തെ മുഖ്യമന്ത്രി പദത്തിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചതില്‍ ലാളിത്യത്തിനു വലിയ പങ്കുണ്ട്.
ചൈനാ അതിര്‍ത്തിയോട് ചേര്‍ന്ന അന്‍ജാവ് ജില്ലയിലാണ് പുള്‍ ജനിച്ചുവളര്‍ന്നത്. മുഖ്യമന്ത്രി പദത്തില്‍ അദ്ദേഹത്തിനു നിലയുറപ്പിക്കാനായത് ആറ് മാസം മാത്രമാണ്. എന്നാല്‍, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുള്ളതാണ്. ഗെഗോംഗ് അവാങ്, മുകുത് മാതി, അന്തരിച്ച ദോര്‍ജിഖാബു എന്നിവരുടെ മന്ത്രിസഭകളില്‍ ധനകാര്യ മന്ത്രിയായിരുന്നു പുള്‍.
ഏറ്റവും കുറഞ്ഞകാലം മുഖ്യമന്ത്രിയായ നേതാവ് എന്ന നിലയിലായിരിക്കും അദ്ദേഹം ഓര്‍മിക്കപ്പെടുക. രണ്ടുമാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 19നാണ് പുള്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, കഴിഞ്ഞമാസം സുപ്രിംകോടതി പുള്‍ സര്‍ക്കാരിനെ നീക്കി. കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
2015 ഡിസംബര്‍ വരെ കോണ്‍ഗ്രസ്സിനൊപ്പമായിരുന്ന പുള്‍, വിമതനായി ബിജെപിക്കൊപ്പം ചേരുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി. പുളിന്റെ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രിംകോടതി വിലയിരുത്തിയത്. അങ്ങനെ മുഖ്യമന്ത്രിപദം അദ്ദേഹത്തിനു നഷ്ടമായി.
1969 ജൂലൈ 20നാണ് പുള്‍ ജനിച്ചത്. 1995ല്‍ ഹയലിയാങ് നിയോജകമണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുകുത്മാതി സര്‍ക്കാരില്‍ ധനകാര്യ സഹമന്ത്രിയുമായി. പിന്നെ അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇതേ മണ്ഡലത്തില്‍നിന്ന് അഞ്ചുതവണ തിരഞ്ഞെടുക്കപ്പെട്ടു.
പുള്‍ ബിജെപി രാഷ്ട്രീയത്തിന്റെ ഇരയെന്ന് കോണ്‍ഗ്രസ്
ഗുവാഹത്തി: ആത്മഹത്യചെയ്ത അരുണാചല്‍ മുന്‍മുഖ്യമന്ത്രി കലിഖോ പുള്‍ ബിജെപിയുടെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അസം കോണ്‍ഗ്രസ് ആരോപിച്ചു. ചില സഹപ്രവര്‍ത്തകരോടൊപ്പം പുള്‍ കോണ്‍ഗ്രസ്സില്‍ നിന്നു പോയപ്പോള്‍ അതു വലിയ വിജയമാണെന്നു വിശേഷിപ്പിച്ച ബിജെപിയുടെ അക്രമാസക്ത രാഷ്ട്രീയ നിലപാടാണു പുളിനെ തകര്‍ത്തതെന്നു പ്രതിപക്ഷനേതാവ് ദേബബ്രദാ സൈക്കിയ കുറ്റപ്പെടുത്തി. കലിഖോ പുള്‍ സത്യസന്ധനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ടാണു ദീര്‍ഘകാലം കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതെന്നും സൈകിയ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സൈകിയ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക