|    Mar 20 Tue, 2018 1:11 pm
FLASH NEWS

പുളിമരങ്ങളില്‍ കാറ്റുപിടിക്കുമ്പോള്‍

Published : 29th November 2015 | Posted By: G.A.G

കലീം


 

chennalli
മിക്കവാറും ഒരു മഴനിഴല്‍പ്രദേശമായതിനാല്‍ നമ്മുടെ അയല്‍പക്കത്തുള്ള ഗുണ്ടല്‍പേട്ട വരള്‍ച്ചയുടെയും ദാരിദ്ര്യത്തിന്റെയും ദൈന്യതയുള്ള ചിത്രങ്ങളാണ് സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു നല്‍കുക. കഠിനാധ്വാനികളായ കര്‍ഷകര്‍ ഏറെയുണ്ടെങ്കിലും ചെണ്ടുമല്ലിപ്പൂക്കള്‍ക്ക് പ്രസിദ്ധമായ ജില്ല ഇന്ത്യന്‍ കാര്‍ഷികവൃത്തി എങ്ങനെ ക്രമേണയായി അന്യംനിന്നുപോവുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയുമാണ്. അപൂര്‍വമായി മാത്രമേ അത്തരം പ്രദേശങ്ങളിലെ മനുഷ്യര്‍ കഥാപാത്രങ്ങളാകുന്ന സാഹിത്യകൃതികള്‍ ഉണ്ടാകാറുള്ളൂ. മലയാളത്തില്‍ ബംഗാളികളും പഞ്ചാബികളും കയറിയിറങ്ങുന്ന ആഖ്യായികകള്‍ ഏറെയുണ്ടെങ്കിലും അതിര്‍ത്തിഗ്രാമങ്ങള്‍ പശ്ചാത്തലമാവുന്ന കൃതികള്‍ വളരെ അപൂര്‍വമാണ്.
എന്നാല്‍, ചെന്നമല്ലീപുരത്തെ പുളിമരങ്ങള്‍ എന്ന നോവലിലൂടെ നോവലിസ്റ്റ് വി മുഹമ്മദ് കോയ ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ചെന്നമല്ലിപുരം യഥാര്‍ഥത്തില്‍ വില്യം ഫോക്‌നറുടെ യോക്‌നഫടാഫ പോലെയോ ആര്‍ കെ നാരായണിന്റെ മാല്‍ഗുഡിയെ പോലെയോ ഒരു ജനതയുടെ ചെറുസന്തോഷങ്ങളും ദുഃഖങ്ങളും ആശകളും നിരാശകളും ക്ഷോഭങ്ങളും നിസ്സഹായതകളും കന്മഷമില്ലാതെ പ്രകടിപ്പിക്കുന്ന വിശാലമായ ചിത്രപടമാണ്. വര്‍ത്തമാനകാലത്ത് കാലം കടന്നുപോകുന്നതറിയാതെ ചെണ്ടുമല്ലിയും ചോളവും കൃഷി ചെയ്തു ജീവിതം കഴിക്കുന്ന ഗ്രാമീണരുടെ ജീവിതം എങ്ങനെ ആധുനികതയുടെ രഥചക്രങ്ങളില്‍ ഞെരിഞ്ഞമരുന്നുവെന്നു നോവലിസ്റ്റ് മനോഹരമായ ശൈലിയില്‍ വിവരിക്കുന്നു. നോവല്‍ വായിച്ചുതീരുമ്പോള്‍ അനുവാചകരുടെ മനസ്സില്‍ മിക്കവാറും ഒരല്‍പം രോഷവും നിരാശയും ബാക്കിനില്‍ക്കുന്നുണ്ടാവും.
നഗരത്തിലെ സിമന്റ് ഫാക്ടറിയില്‍ വാച്ച്മാനായി ജീവിതത്തിന്റെ മുക്കാല്‍ഭാഗവും തീര്‍ന്നുപോയ ശിവണ്ണന്റെ ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കും തുടര്‍ന്നുള്ള ദുരന്തങ്ങളുമാണ് നോവലിന്റെ പ്രമേയം. ബാക്കിയുള്ള കാലം ഒരു കര്‍ഷകനായി ജീവിച്ചു മകള്‍ സീതയെ വിവാഹം കഴിച്ചുകൊടുത്ത്   ഭാര്യ കാഞ്ചനയോടൊപ്പം ഉള്ളതുകൊണ്ട്                         ഓണമാക്കാമെന്ന സ്വപ്‌നവുമായിട്ടാണ് ശിവണ്ണന്‍ ചെന്നമല്ലിപുരത്തെത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തന്നെ കൃഷിയാണെങ്കിലും, ഓരോ ഘട്ടത്തിലും  ശിവണ്ണനു വഴിയില്‍ തടസ്സങ്ങള്‍ മാത്രമായിരുന്നു.
വനഭൂമി തന്റേതാണെന്നു പറഞ്ഞു ശിവണ്ണനു ഭൂമി പാട്ടത്തിനു കൊടുക്കുന്ന ഫ്യൂഡല്‍ പ്രഭു, ലോകം തിരിയാത്ത ശിവണ്ണനെ പിഴച്ച വഴികളിലൂടെ നയിക്കുന്ന സുഹൃത്ത് നഞ്ചുണ്ടന്‍, ഭര്‍ത്താവ് തിരിച്ചുവന്നതിന്റെ ആഹ്ലാദത്തില്‍ കഴിയുന്ന കാഞ്ചന, ഗ്രാമത്തിലെ നിയമവാഴ്ചയുടെ പ്രതീകമായ ഇന്‍സ്‌പെക്ടര്‍ സിദ്ധാര്‍ഥന്‍, 18ാമത്തെ വയസ്സില്‍ പോലിസ് നിക്കറിട്ടു വളര്‍ന്ന നഞ്ചന്‍കോട്ടുകാരന്‍ രാജ, വയ്‌ക്കോലിന്റെയും കരിമ്പിന്‍തണ്ടിന്റെയും കാബേജിന്റെയുമിടയില്‍ ചെറിയ മോഹങ്ങള്‍ താലോലിക്കുന്ന ഒട്ടേറെ ഗ്രാമീണര്‍, വ്യവസ്ഥിതിയുടെ അനീതികളോട് പോരാടി മരിക്കുന്ന സുള്ള്യന്‍- അങ്ങനെ നോവലിസ്റ്റ് വരച്ചിടുന്ന വാങ്മയചിത്രങ്ങള്‍ അനവധിയാണ്.
chendu blurbചെണ്ടുമല്ലി കൃഷിയായിരുന്നു ശിവണ്ണന്റെ എല്ലാം. കമ്പനിയില്‍ നിന്നു ലഭിച്ച ആനുകൂല്യങ്ങള്‍ ബാങ്കിലിട്ടു പലിശ വാങ്ങി സുഖമായി കഴിയാമെന്ന വിദഗ്‌ധോപദേശം അവഗണിച്ചുകൊണ്ടാണ് ശിവണ്ണന്‍ ഗ്രാമത്തിലേക്ക് വണ്ടി കയറുന്നത്. ചെണ്ടുമല്ലി തന്നെയാണ് ശിവണ്ണനു ‘കരിന്തേളിന്റെ വാല്‍ക്കുത്തു’പോലെ പിടയുന്ന ഓര്‍മയായത്. ആധുനികതയുടെ കൊതിയൂറുന്ന പ്രലോഭനങ്ങളില്‍ വീണു മകള്‍ സീത ഒരു ഹോട്ടല്‍ നര്‍ത്തകിയാവുമോ എന്ന ആശങ്കയ്ക്കിടയിലാണ് ശിവണ്ണനെ പൂകൃഷി ചതിക്കുന്നത്. ആ ചതി മൂന്നു പേരുടെയും മരണത്തില്‍ അവസാനിക്കുന്നു. കര്‍ണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും കര്‍ഷകര്‍ മരണം വരിച്ച പോലെ ശിവണ്ണനും കാഞ്ചനയും സീതയും കീടനാശിനിയിലാണ് മോക്ഷം കണ്ടത്.
ആ നിലയ്ക്ക് ഈ നോവല്‍ ശക്തമായ സാമൂഹിക വിമര്‍ശനവുമാണ്. പടിയിറങ്ങിയ മൂന്നു മനുഷ്യാത്മാക്കള്‍ യഥാര്‍ഥത്തില്‍, 90കള്‍ക്കു ശേഷമുള്ള ഇന്ത്യ ക്രൂരമായ രീതിയില്‍ മനുഷ്യരുടെ പാരസ്പര്യം തകര്‍ക്കുകയും വളര്‍ച്ച ഒരു ചെറുന്യൂനപക്ഷത്തിന്റെ മാത്രം അവകാശമാക്കി മാറ്റുകയും ചെയ്ത ഇന്ത്യയുടെ നേരെയാണ് അവരുടെ തണുത്തുറഞ്ഞ കരങ്ങള്‍ നീട്ടുന്നത്. പിറകില്‍ നിന്നു വെടിയേറ്റു പാറമടകളില്‍ മരിച്ചുവീണ സുള്ള്യന്‍ ആ അവസ്ഥയെ ചെറുക്കാന്‍ ശ്രമിച്ചവരുടെ പ്രതീകവുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss