|    May 26 Fri, 2017 11:16 am
FLASH NEWS

പുല്‍പ്പള്ളി കന്നാരംപുഴയോരത്ത് നെല്‍കൃഷിയിറക്കി വനിതാ കൂട്ടായ്മ

Published : 26th September 2016 | Posted By: SMR

പുല്‍പ്പള്ളി: വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിച്ച പാടം പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കി മാതൃകയാവുകയാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ കന്നാരംപുഴ കൃഷിദീപം പരസ്പര സഹായസംഘം. മൂന്നു കുടുംബശ്രീ യൂനിറ്റില്‍ നിന്നുള്ള 14ഓളം വനിതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൃഷിദീപം പരസ്പര സഹായസംഘത്തിന്റെ നേതൃത്വത്തിലാണ് വയനാട് വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന കന്നാരംപുഴയോരത്തെ ആറേക്കര്‍ വയല്‍ പാട്ടത്തിനെടുത്തത്.
വന്യമൃഗശല്യം തടയുന്നതിന് കാവല്‍ പുരയിടമൊരുക്കി വനിതകളുടെ നേതൃത്വത്തില്‍ തന്നെ കാവലേര്‍പ്പെടുത്തിയാണ് നെല്‍കൃഷി. പൂര്‍ണമായി ജൈവരീതി അവലംബിച്ചുള്ള കൃഷിയാണ് നടത്തുന്നത്. ഇവര്‍ക്ക് ഗ്രാമപ്പഞ്ചായത്തും കൃഷിവകുപ്പും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വരള്‍ച്ചയും വന്യമൃഗശല്യവും തൊഴിലാളി ക്ഷാമവും മൂലം നെല്‍കൃഷി ഭൂരിഭാഗം കര്‍ഷകരും ഉപേക്ഷിക്കുമ്പോഴാണ് സ്ത്രീകളുടെ കൂട്ടായ്മ നെല്‍കൃഷിയില്‍ ചുവടുറപ്പിക്കുന്നത്. പൂര്‍ണമായി വനിതാ അംഗങ്ങള്‍ തന്നെയാണ് ഞാറുപറിക്കലും ഞാറ്റടിയും നടത്തുന്നത്. ഇവര്‍ക്കു പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഞാറ് നടീലിന്റെ ഉദ്ഘാടനം കന്നാരംപുഴ പാടത്ത് പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജെ പോള്‍ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് മോളി രാജു, സെക്രട്ടറി ഷൈല റെജി, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിന്ധു ബാബു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ്, റീജ, സജി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day