|    Feb 22 Wed, 2017 2:17 pm
FLASH NEWS

പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിക്ക് ഒരു കോടി

Published : 10th November 2016 | Posted By: SMR

കല്‍പ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലെ കൊളറാട്ടുകുന്നിലുള്ള ആര്‍ച്ചറി അക്കാദമിക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് ഒരു കോടി രൂപ അനുവദിച്ചു. 110 മീറ്റര്‍ നീളത്തില്‍ ഷൂട്ടിങ് റേഞ്ച്, 200 മീറ്റര്‍ നീളം വരുന്ന വാം അപ് ഗ്രൗണ്ട് എന്നിവയുടെ നിര്‍മാണമടക്കം അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഈ തുക ഉപയോഗപ്പെടുത്തുകയെന്നു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, മുന്‍ പ്രസിഡന്റ് സലീം കടവന്‍ എന്നിവര്‍ പറഞ്ഞു. അടങ്കലിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഷൂട്ടിങ് റേഞ്ചിന്റേതടക്കം പ്രവൃത്തി തുടങ്ങും. നാഷനല്‍ ഗെയിംസിനായി തയ്യാറാക്കിയതില്‍ അഞ്ചു പ്രീ ഫാബ്രിക്കേറ്റഡ് ഹട്ടുകള്‍ ആര്‍ച്ചറി അക്കാദമിക്ക് ലഭ്യമാക്കുന്നതിനും ധാരണയായിട്ടുണ്ട്. പുല്‍പ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ 128/2, 129/2, 129/3, 129/4, 129/5 സര്‍വേ നമ്പറുകളില്‍പെട്ട എട്ടേക്കര്‍ ഭൂമിയിലാണ് ആര്‍ച്ചറി അക്കാദമി. സ്വകാര്യ കൈവശത്തിലായിരുന്ന ഭൂമി പുല്‍പ്പള്ളി പഞ്ചായത്ത് വിലയ്ക്കു വാങ്ങി 2010 ജനുവരി 10നാണ് സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന് കൈമാറിയത്.  മൂന്നു വര്‍ഷത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി അക്കാദമി പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ തിരിച്ചുപിടിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു ഭൂമി കൈമാറ്റം. ഈ കാലപരിധി കഴിഞ്ഞിട്ടും അക്കാദമി യാഥാര്‍ഥ്യമാവാത്ത സാഹചര്യത്തില്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ച പഞ്ചായത്ത് ഭരണസമിതി പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ച പ്രവൃത്തികള്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍നിന്ന് അക്കാദമിക്ക് അനുകൂലമായ ഉത്തരവ്  ലഭിച്ചതിനു ശേഷമാണ് പുനരാരംഭിച്ചത്. 2010ല്‍ 10 കുട്ടികളുമായാണ് അക്കാദമിയുടെ തുടക്കം. നിലവില്‍ 24 പേരാണ് പരിശീലനം നേടുന്നത്. ഇതില്‍ 13 പേര്‍ പെണ്‍കുട്ടികളാണ്. 21 വയസ്സില്‍ ചുവടെയുള്ളവരാണ് അക്കാദമിയില്‍ അമ്പെയെത്ത് അഭ്യസിക്കുന്നത്. ആദിവാസികളിലെ കുറിച്യ വിഭാഗത്തില്‍പെട്ടവരാണ് പഠിതാക്കളില്‍ ചിലര്‍. അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ നൈസര്‍ഗിക വാസനയുള്ളവരാണ് കുറിച്യസമുദായക്കാര്‍. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളോളം അരിഷ്ടതയിലായിരുന്നു ആര്‍ച്ചറി അക്കാദമി. പരിശീലനത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് ദേശീയ ഗെയിംസിനായി വാങ്ങിയതും ഉപയോഗിക്കാത്തതുമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റംവന്നത്. നിലവില്‍ 40 ബട്രസും 13 ഇന്ത്യന്‍ റൗണ്ട് ബോയും നാലു റികര്‍വും നാലു കോംപൗണ്ടും ഉള്‍പ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ അക്കാദമിയിലുണ്ട്. അക്കാദമി വളപ്പില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ അടുത്തകാലത്താണ് യാഥാര്‍ഥ്യമായത്. 30 പേര്‍ക്കുള്ള താമസസൗകര്യമാണ് ഇവിടെ. അക്കാദമി ആസ്ഥാനത്തിന് ഒന്നര കിലോമീറ്റര്‍ അകലെ മാരപ്പന്‍മൂലയില്‍ വാടകക്കെട്ടിടത്തിലാണ് ആണ്‍കുട്ടികളുടെ താമസം. രണ്ടു മുറികള്‍ പങ്കിട്ടാണ് 14 കുട്ടികളുടെയും പരിശീലകന്റെയും താമസം. ഒരു കുളിമുറിയും രണ്ടു കക്കൂസുകളും മാത്രമാണ് കെട്ടിടത്തില്‍. ഇതു രാവിലെ യഥാസമയം പരിശീലനത്തിനിറങ്ങുന്നതില്‍ കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകീട്ട് നാലര മുതല്‍ ആറര വരെയുമാണ് പരിശീലനം. ജലക്ഷാമവും അക്കാദമിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തടസ്സമാവുന്നു. അക്കാദമി വളപ്പില്‍ കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും ഇതില്‍നിന്നുള്ള വെള്ളം പാചകം ഉള്‍പ്പെടെ ആവശ്യത്തിനു തികയുന്നില്ല. പരിമിതികള്‍ക്കിടയിലും അക്കാദമിയിലെ കുട്ടികള്‍ സംസ്ഥാന-ദേശീയ മല്‍സരങ്ങളില്‍ നേട്ടം കൊയ്യുന്നുണ്ട്. 2013-14ലെ ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവ് വരയാല്‍ ഇടമന മനീഷ അക്കാദമിയുടെ സംഭവനയാണ്. 2015ലെ സംസ്ഥാന സീനിയര്‍ ചാംപ്യന്‍ഷിപ്പിലും 2016ലെ സബ് ജൂനിയര്‍ മിനി ചാംപ്യന്‍ഷിപ്പിലും ഒന്നാമതെത്തിയ ജില്ലാ ടീം അംഗങ്ങളില്‍ ഏറെയും അക്കാദമിയില്‍ നിന്നുള്ളതാണ്. നാളെ മുതല്‍ 16 വരെ തിരുപ്പതിയില്‍ നടക്കുന്ന ദേശീയ മിനി ചാംപ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി അക്കാദമിയിലെ എ ജെ ജസ്പിന്‍, അഭിന്‍ സജി, മേഘന കൃഷ്ണ, പി ജെ മരിയ, അജിന്‍ സജി, സജിത്ത് ബാബു, എസ് ശ്രീലക്ഷ്മി എന്നിവര്‍ മല്‍സരിക്കുന്നുണ്ടെന്ന് പരിശീലകന്‍ ഒ ആര്‍ രഞ്ജിത് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക