|    Sep 24 Sun, 2017 8:53 am

പുല്‍പ്പള്ളിയിലും സംഘര്‍ഷം;കോഴിക്കടകള്‍ അടച്ചുപൂട്ടി

Published : 14th July 2017 | Posted By: fsq

 

പുല്‍പ്പള്ളി: കോഴി വിലയെച്ചൊല്ലിയുള്ള തര്‍ക്കം ഇന്നലെയും തുടര്‍ന്നു. ജീവനുള്ള കോഴി 87 രൂപയ്ക്ക് വില്‍ക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയതാണ് ഇന്നലെ പുല്‍പ്പള്ളി മാര്‍ക്കറ്റില്‍ സംഘര്‍ഷത്തിനിടയാക്കിയത്. സര്‍ക്കാര്‍ തീരുമാനം മറികടന്ന് 87 രൂപയ്ക്ക് വില്‍ക്കേണ്ട കോഴിക്ക് 120 രൂപ ഈടാക്കിയതിനെ ചോദ്യം ചെയ്ത് ഒരുവിഭാഗം രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. നഷ്ടം സഹിച്ച് കോഴിക്കച്ചവടം നടത്താന്‍ കഴിയില്ലെന്നറിയിച്ച് കച്ചവടക്കാര്‍ കോഴിക്കടകള്‍ അടിച്ചിടുകയും ചെയ്തു. മന്ത്രി തോമസ് ഐസക്കും കോഴിവ്യാപാരികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ജീവനുള്ള കോഴിക്ക് സംസ്ഥാനത്ത് എവിടെയും കിലോയ്ക്ക് 87 രൂപ മാത്രമേ വാങ്ങാവൂ എന്നിരിക്കെ, ഡ്രസ് ചെയ്തു നല്‍കുന്നതിന് 120 രൂപ വാങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോഴി 87 രൂപയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബഹളവുമായി കോഴിക്കടകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി. പിന്നീട് കച്ചവടക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. 87 രൂപയ്ക്കു കോഴി വില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്  നിലനില്‍ക്കുന്നതെന്ന് കോഴിക്കച്ചവടക്കാര്‍ പറയുന്നു. ഒരു കിലോ കോഴി കടയില്‍ എത്തിക്കാന്‍ 105 രൂപ ചെലവ് വരും. കടക്കാരന്റെ കൂലിയും വാടകയും മാലിന്യനിര്‍മാര്‍ജ്ജന ചെലവും ചേര്‍ത്താല്‍ 115 രൂപയ്ക്കു മുകളില്‍ ചെലവാണ്. അഞ്ചു രൂപ മാത്രം ലാഭമീടാക്കിയാണ് 120 രൂപയ്ക്ക് കോഴി നല്‍കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. ഇറച്ചിക്ക് 170 രൂപയാണ് ഇവിടെ വില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക