|    Jun 24 Sun, 2018 4:44 pm
FLASH NEWS

പുല്ല് കരിഞ്ഞുണങ്ങുന്നു; ക്ഷീരമേഖല പ്രതിസന്ധിയില്‍

Published : 23rd January 2017 | Posted By: fsq

 

വൈക്കം: വേനല്‍ കടുത്തതോടെ ക്ഷീരമേഖല വിയര്‍ക്കുന്നു. ചൂട് കൂടിയതോടെ പാടശേഖരങ്ങളെല്ലാം കരിഞ്ഞുണങ്ങിയതുമൂലം പശുക്കള്‍ക്ക് പുല്ല് ഇല്ലാതായി. പുല്ല് ലഭിക്കാതായതോടെ ക്ഷീരകര്‍ഷകര്‍ പരക്കംപായുകയാണ്. ഇപ്പോള്‍ പലരും വൈക്കോലും കാലിത്തീറ്റയും നല്‍കിയാണ് പിടിച്ചുനില്‍ക്കുന്നത്. പുല്ല് കുറഞ്ഞതോടെ പശുക്കളില്‍ നിന്നു ലഭിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുകയാണ്. 15 ലിറ്ററോളം പാല്‍ ലഭിക്കുന്നിടത്ത് ഇപ്പോള്‍ ഏഴ് ലിറ്ററായി കുറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാതെ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പുല്ല് ക്ഷാമം ക്ഷീരകര്‍ഷകരെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ ഏഴ് പഞ്ചായത്തുകളിലായി ഏകദേശം 10000ത്തിലധികം ക്ഷീരകര്‍ഷകരുണ്ട്. 200ല്‍ അധികം ക്ഷീര സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പുല്ല് ക്ഷാമം പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവില്‍ കുറവു വരുത്തിയതോടെ ദൈനംദിന പ്രവര്‍ത്തനത്തിനു ക്ഷീരസംഘങ്ങളും വലയുന്നു. പുല്ല് മുണ്ടാര്‍ മേഖലയില്‍ നിന്ന് ചെത്തി വില്‍പ്പന നടത്തുന്നവര്‍ അവസരം മുതലാക്കി വിലകൂട്ടി.ഒരു കെട്ടിനു 30 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപ വരെയായി. കാശിനു പുല്ല് വാങ്ങിയുള്ള പശു വളര്‍ത്തല്‍ ലാഭകരമല്ലെന്ന് ഭൂരിഭാഗം ക്ഷീരകര്‍ഷകരും പറയുന്നു. ഓരുവെള്ളം കയറിയതിനെ തുടര്‍ന്ന് ജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതുമൂലം പശുക്കള്‍ക്കും കിടാരികള്‍ക്കും കുടിവെള്ള ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പശുക്കള്‍ക്കുള്ള വരള്‍ച്ചാ ദുരിതാശ്വാസനിധി സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss