|    Apr 21 Sat, 2018 2:04 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പുല്ലേല ഗോപീചന്ദ് കാണിച്ച മാതൃക

Published : 10th October 2016 | Posted By: SMR

സുനിതാ നാരായണ്‍

റിയോ ഒളിംപിക്‌സിനുശേഷം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പുല്ലേല ഗോപീചന്ദ് മറ്റൊരര്‍ഥത്തിലും ദേശീയതാരമാണ്. ആദ്യം സെയ്‌ന നെഹ്‌വാളിനെയും പിന്നീട് പി വി സിന്ധുവിനെയും പരിശീലിപ്പിച്ച കോച്ച് എത്ര സാമ്പത്തികനേട്ടമുണ്ടായാലും താന്‍ മൃദുല പാനീയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയില്ലെന്നു പറയുന്നു. പെപ്‌സി, കൊക്കകോല തുടങ്ങിയ മൃദുലപാനീയങ്ങള്‍ ആരോഗ്യത്തിന്, വിശേഷിച്ചും കായികതാരങ്ങള്‍ക്ക് ഗുണകരമല്ലാത്തതുകൊണ്ടാണ് താനീ നിലപാട് സ്വീകരിച്ചതെന്ന് ഗോപീചന്ദ് വ്യക്തമാക്കുന്നു. വെറും ചവറാണ് ഇത്തരം പാനീയങ്ങള്‍. യാതൊരു പോഷകഗുണവുമില്ലാത്ത അവ ധാരാളം പഞ്ചസാര അകത്താക്കുന്നതിനുപകരിക്കുന്നു. ലോകത്താകമാനം പൊണ്ണത്തടി വ്യാപിക്കുന്നതിന്റെ കാരണം അത്തരം പാനീയങ്ങളാണ്. എന്നാല്‍, കായിക സൂപ്പര്‍സ്റ്റാറായ ധോണി തൊട്ട് സിനിമാ സൂപ്പര്‍സ്റ്റാറായ ഷാരൂഖ് ഖാന്‍ വരെ അവയുടെ വിപണനം വര്‍ധിപ്പിക്കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പണം വാരുന്നു.
അവരെയതിന് അനുവദിക്കാമോ? ഉപഭോക്തൃസംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണത്രെ! തെറ്റായ സന്ദേശം നല്‍കുന്ന പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുതൊട്ട് 50 ലക്ഷം രൂപ പിഴവരെയാണ് ശിക്ഷ. എന്നാല്‍, ആ ഭേദഗതിയില്‍ ഒരു രക്ഷാമാര്‍ഗമുണ്ട്. മതിയായ മുന്‍കരുതലെടുത്താല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നവരെ പിടികൂടില്ല. അതായത് ഭേദഗതികൊണ്ട് ഒരു കാര്യവുമില്ല. എങ്കില്‍പോലും ബ്രാന്റ് അംബാസഡര്‍മാരും അവരുടെ പിണിയാളുകളും ലഹള കൂട്ടിക്കൊണ്ടിരിക്കുന്നു. പൊതുവില്‍ വലിയവന്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന ഭരണകൂടം ഭേദഗതി പുനപ്പരിശോധിക്കാന്‍ തയ്യാറാവുകയാണുപോല്‍.
ഈ ഭേദഗതി പ്രശ്‌നത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അര്‍ഥശൂന്യമായ സൂത്രമാണ്. ആരോഗ്യത്തിന് ഹാനികരമായ ചവറുഭക്ഷണങ്ങളുടെ പരസ്യങ്ങളില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങള്‍ വേണ്ടതുണ്ട്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപികയായ മാരിയന്‍ നെസ്‌ലെ തന്റെ സോഡ പൊളിറ്റിക്‌സ് എന്ന ഗ്രന്ഥത്തില്‍ ഒരുപാട് പഞ്ചസാരയിട്ട വെള്ളം എങ്ങനെ ആഹ്ലാദത്തിന്റെയും ഗ്ലാമറിന്റെയും വിനോദത്തിന്റെയും പ്രതീകമാക്കി കമ്പനികള്‍ മാറ്റിയെന്നു വിശദീകരിക്കുന്നുണ്ട്.
ഇതിനു സ്വീകരിക്കുന്ന തന്ത്രത്തിനു രണ്ടുവശമുണ്ട്. ഒന്നാമത്തെ തന്ത്രം, കോലാപാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച ചര്‍ച്ചകളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. രണ്ടാമതായി, സ്‌പോര്‍ട്‌സ്-ഫിലിം സൂപ്പര്‍സ്റ്റാറുകളെ ഉപയോഗിച്ച് അവ ജീവിതശൈലിയുടെ ഭാഗമാക്കുകയാണ്. കോല അങ്ങനെ വെറുമൊരു പാനീയമല്ലാതാവുന്നു. അതൊരു അഭിലാഷമാവുന്നു. 1942ല്‍ യുഎസിലെ ഫുഡ് ആന്റ് ന്യൂട്രീഷന്‍ കൗണ്‍സില്‍ 1939 തൊട്ട് കോലപാനീയങ്ങളുടെ ഉപഭോഗം 20 ശതമാനം കൂടിയതിനനുസരിച്ച് പൊണ്ണത്തടി വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. 1977 വരെ കാത്തുനിന്ന യുഎസ് ഭരണകൂടം കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച് മൃദുലപാനീയങ്ങളുടെ ഉപഭോഗം 45 ശതമാനം കുറയ്ക്കണമെന്ന ലക്ഷ്യം നിര്‍ണയിച്ചു. ജനങ്ങളുടെ പ്രതിദിന ഭക്ഷണത്തില്‍ 10 ശതമാനം കാലറി കുറയ്ക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.
എന്നാല്‍, ഈ നിര്‍ദേശം ആരും നടപ്പാക്കിയില്ല. സര്‍ക്കാരിന്റെ നിര്‍ദേശം ദുര്‍വ്യാഖ്യാനങ്ങളിലൂടെ സങ്കീര്‍ണമാക്കി. മൃദുലപാനീയങ്ങളുടെ ഉപയോഗം ഒഴിവാക്കണംഎന്നത് മാറി ഉപയോഗത്തില്‍ വിവേചനം വേണമെന്നായി. പഞ്ചസാര ഒരു പ്രശ്‌നമല്ലാതായി. അത് ‘വെണ്ണ’, ‘കൊഴുപ്പ്’ എന്നിവയില്‍ ഒളിച്ചു. സോഫാസ് എന്നൊരു പുതിയ പദം ഭക്ഷണനിര്‍ദേശങ്ങളില്‍ കയറിപ്പറ്റി: സോളിഡ് ഫാറ്റ് ആന്‍ ഷുഗര്‍. അതോടെ പഞ്ചസാര വിശേഷിച്ചു വില്ലനല്ലാതായി. ഇന്ത്യയിലും കോലക്കമ്പനികള്‍ അതിനാണു ശ്രമിക്കുന്നത്. സാങ്കേതിക സംജ്ഞകളില്‍ പഞ്ചസാരയെ ഒളിപ്പിക്കുക എന്നതാണ് സൂത്രം. ഞാനും അവരുടെ പ്രതിനിധികളുമുള്ള ഒരു കമ്മിറ്റിയില്‍ ചവറുഭക്ഷണം (ജങ്ക്ഫുഡ്) എന്ന പ്രയോഗം പറ്റില്ലെന്നും പകരം എച്ച്എഫ്എസ്എസ് എന്നു പ്രയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹൈജന്‍ ഫാറ്റ് സാള്‍ട്ട് ആന്റ് ഷുഗര്‍. കെണി മനസ്സിലായല്ലോ!
എന്നാല്‍, പൊണ്ണത്തടി വലിയ പ്രശ്‌നമാവുന്നു എന്ന ചുവരെഴുത്തു വായിക്കുന്ന കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം അംഗീകരിക്കുന്നു. എന്നാല്‍, അവര്‍ തന്ത്രം മാറ്റുകയാണ് ചെയ്തത്. സ്വയംനിയന്ത്രണമാണത്. അതുകൊണ്ടു കാര്യമൊന്നുമില്ലെന്ന് നെസ്‌ലെ തന്റെ കൃതിയില്‍ വ്യക്തമാക്കുന്നു. 2011ലും 2014ലും കുട്ടികള്‍ക്ക് കോലാപാനീയങ്ങള്‍ നല്‍കരുതെന്ന് കമ്പനികള്‍ ഏജന്റുമാരോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതുകൊണ്ടൊരു ഗുണവുമുണ്ടായില്ല. കാരണം, കൊക്കകോലയും പെപ്‌സിയും യുഎസില്‍ മാത്രം അനാരോഗ്യകരമായ പാനീയങ്ങളുടെ വിപണനം വര്‍ധിപ്പിക്കാന്‍ 56,000 കോടി രൂപയിലധികം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. ആരോഗ്യകരമായ തങ്ങളുടെ ഭക്ഷ്യോല്‍പന്നങ്ങളുടെ പരസ്യത്തിനു ചെലവഴിച്ചതിന്റെ നാലിരട്ടിയായിരുന്നുവത്.
മൃദുലപാനീയ പരസ്യങ്ങളില്‍ 40 ശതമാനവും കുട്ടികളെ ലക്ഷ്യംവച്ചായിരുന്നു. അതും ഹിസ്പാനിക് വംശജരെ. അങ്ങനെയാണ് പെപ്‌സിയും കൊക്കകോലയും തങ്ങളുടെ ‘സാമൂഹികബാധ്യത’ നിറവേറ്റിയത്. അതുകൊണ്ടാണ് പ്രശസ്തര്‍ പിന്തുണയ്ക്കുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വേണമെന്നു പറയുന്നത്. കമ്പനികളുടെ സ്വയം നിയന്ത്രണം ഒരുതരത്തിലും പ്രായോഗികമല്ലെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം. ന്യൂസിലന്‍ഡിലെ നിയമം നോക്കൂ: കുട്ടികള്‍ക്കിടയില്‍ പ്രശസ്തരായവരെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ അട്ടിമറിക്കുന്ന ഒരു പരസ്യവും അവിടെ പാടില്ല.
ഇന്ത്യയില്‍ അങ്ങനെയൊരു നിയമം വരില്ലെന്നുറപ്പിക്കാനുള്ള യത്‌നത്തിലാണ് മൃദുലപാനീയ ലോബി. 2014ല്‍ ഡല്‍ഹി ഹൈക്കോടതി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയോട് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ കാര്യത്തിലടക്കം ചവറുഭക്ഷണം സംബന്ധിച്ച നിബന്ധനകള്‍ ക്രോഡീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതോറിറ്റിയിലെ അംഗങ്ങള്‍ അവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളാല്‍ കോടതിയുത്തരവില്‍ കുത്തിയിരിക്കുകയാണ്. നമ്മുടെ ആരോഗ്യമല്ല, കമ്പനികളുടെ ലാഭമായിരിക്കും അവര്‍ക്കു പ്രധാനം. അതിനാല്‍ നാം ഗോപീചന്ദിനെപോലുള്ളവരെ ആശീര്‍വദിക്കുക. അദ്ദേഹത്തെപോലുള്ളവരുടെ എണ്ണം വര്‍ധിക്കട്ടെ! അത് കായികവിനോദങ്ങള്‍ക്കു മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനും ഗുണകരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss