|    Oct 23 Tue, 2018 7:45 pm
FLASH NEWS

പുല്ലുമേട് ദുരന്തത്തിന് ഏഴാണ്ട്: പരിഹാര നടപടികള്‍ ഇനിയും അകലെ

Published : 14th January 2018 | Posted By: kasim kzm

അബ്ദുല്‍  സമദ്  എ

കുമളി: മകരമഞ്ഞിലും മായ്ക്കാനാവാത്ത ഓര്‍മകളുമായി പുല്ലുമേട് ദുരന്തത്തിന്റെ ഏഴാം വാര്‍ഷികം. 2011 ജനുവരി 14നാണ് പെരിയാര്‍ കടുവാ സങ്കേതത്തിലെ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശനം നടത്തി മലയിറങ്ങിയ 102 അയ്യപ്പഭക്തന്മാരാണ് തിക്കിലും തിരക്കിലുംപെട്ട് ദാരുണമായി മരിച്ചത്.
നദര്‍ശനം സാധ്യമാവുന്ന പുല്‍മേടുകളിലേക്ക് വാഹനങ്ങള്‍ കടക്കാതിരിക്കാനായി ഉപ്പുപാറയിലെ ഇടുങ്ങിയ പ്രവേശന കവാടത്തിന് കുറുകെ വനംവകുപ്പ് ചങ്ങല സ്ഥാപിച്ചതും ഓട്ടോറിക്ഷയും ജീപ്പും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്തതുമാണ് ദുരന്തത്തിനിടയാക്കിയ പ്രധാന കാരണങ്ങള്‍.
അനിയന്ത്രിതമായ ജനത്തിരക്കും അലക്ഷ്യമായ വാഹന പാര്‍ക്കിങ്, വെളിച്ചമില്ലായ്മ, വീതികുറഞ്ഞ കാനനപാതയിലൂടെ സുഗമസഞ്ചാരം തടസ്സപ്പെടുത്തി പാതയുടെ ഇരുവശത്തും സ്ഥാപിച്ചിരുന്നന്ന താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ ഇവയൊക്കെയാണ് ഇങ്ങനെ ഒരു വന്‍ ദുരന്തത്തിലേക്ക് വഴി തെളിച്ചതെന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ തിങ്ങിനിറഞ്ഞിട്ടും ഇവര്‍ക്കാവശ്യമായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാതിരുന്നതുമാണ് പ്രധാന കാരണമെന്നും സംഭവം അന്വേഷിച്ച ജസ്റ്റിസ്. എം ആര്‍ ഹരിഹരന്‍ നായര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്‍ ദുരന്തകാരണങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ടെങ്കിലും പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു മരണമടഞ്ഞവരില്‍ കൂടുതലും. പുല്ലമേട് ദുരന്തത്തേക്കുറിച്ച് 2011 ജൂലൈയിലാണ് ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചത്. 34 സിറ്റിങ്ങുകള്‍ നടത്തിയ കമ്മിഷന്‍ 116 രേഖകള്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ച് 39 സാക്ഷികളെ വിസ്തരിച്ചു. ഇത് സംബന്ധിച്ചുള്ള 2012 മാര്‍ച്ച് 28ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ദുരന്തം ഉണ്ടാവാനുള്ള വസ്തുതകളും സാഹചര്യങ്ങളും ദുരന്തം സംഭവിച്ചതിന്റെ പ്രത്യേക കാരണങ്ങള്‍, ഗൂഢാലോചന ബാഹ്യശക്തികളുടെ ഇടപെടല്‍, ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ തുടങ്ങിയവയാണ് കമ്മിഷന്‍ പ്രധാനമായും അന്വേഷിച്ചത്. ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. അതേസമയം അന്വേഷണങ്ങള്‍ക്കപ്പുറം ദുരന്തങ്ങള്‍ തടയാന്‍ വേണ്ടപ്പെട്ടവര്‍ ഒന്നും ചെയ്യാറില്ല. പുതിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പഴയവ മറക്കപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss