|    Jan 17 Tue, 2017 8:23 am
FLASH NEWS

പുലിപ്പേടിയില്‍ മലയോര മേഖല

Published : 29th August 2016 | Posted By: SMR

മുണ്ടക്കയം: കാട്ടാനകളുടെ ശല്യത്താല്‍ ഭീതിയൊഴിയാത്ത മലയോര മേഖലയില്‍ പുലി പേടിയും. സ്വകാര്യ റബര്‍ തോട്ടത്തില്‍ പുലര്‍ച്ചെ പുലിയെ കണ്ടെന്ന ടാപ്പിങ് തൊഴിലാളിയുടെ വെളിപെടുത്തലാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചയായിരിക്കുന്നത്. മടുക്ക മൈനാക്കുളം ഭാഗത്തെ റബര്‍ തോട്ടത്തിലാണ് പുലിയെ കണ്ടതായി പറയപെടുന്നത്. പല സ്ഥലങ്ങളിലായി മൂന്നാളുകള്‍ പുലിയെ കണ്ടതായി അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഈ സ്ഥലങ്ങളില്‍ കാല്‍പാദങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആക്രമണം ഏറ്റ സംഭവവും ഉണ്ടായിട്ടില്ല.
അതിനാല്‍ കാട്ടുപൂച്ചയോ സമാനമായ മറ്റു ജീവികളോ ആയിരിക്കാം എന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. വനാതിര്‍ത്തിയില്‍ നിന്നും കുറച്ചകലെയുള്ള ജനവാസമേഖല ആയതിനാല്‍ പുലി ആയിരിക്കില്ല എന്ന് തന്നെയാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നര വര്‍ഷം മുന്‍പ് പുലര്‍ച്ചെ മാങ്ങാപേട്ടയിലെ ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു.
ആളുകളെ കണ്ട് കാട്ടിലേയ്ക്ക് ഓടി മറഞ്ഞ പുലി കമ്പിവേലിയില്‍ തട്ടി വീഴുകയും വാലിലെയും ദേഹത്തെയും രോമങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു ശേഷം രണ്ടാഴ്ച്ച കഴിഞ്ഞതോടെ 504 കോളനിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വെള്ളനാടി റബര്‍ തോട്ടത്തില്‍ കാട്ടുപോത്തിറങ്ങി ടാപ്പിങ് തൊഴിലാളികളെ അക്രമിക്കുവാന്‍ ഓടച്ച സംഭവവും ഉണ്ടായി. കുറേ മാസങ്ങളായി തുടര്‍ച്ചയായി വനാതിര്‍ത്തി മേഖലയില്‍ കാട്ടാനകളുടെയും ശല്യം രൂക്ഷമാണ്. വനാതിര്‍ത്തി മേഖലകളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക