|    Dec 13 Thu, 2018 7:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പുലിപ്പുറത്ത് കേറിയ പിള്ളമാര്‍

Published : 13th November 2018 | Posted By: kasim kzm

എന്‍ പി ചെക്കുട്ടി

കേരളം കണ്ടുമറന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി വീണ്ടും നാടിന്റെ നാനാഭാഗങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശരണമന്ത്രങ്ങളും പച്ചത്തെറിയും കുഴയുന്ന നാവില്‍ നിന്ന് ഒരേസമയം ഉദീരണം ചെയ്തുകൊണ്ട് കാവിക്കൊടിയും കാവിത്തലേക്കെട്ടും മാടിക്കുത്തിയ മുണ്ടുമായി അരങ്ങുതകര്‍ക്കുന്ന ഭക്തജനം. അവര്‍ക്കു പിന്തുണയും ആവേശവുമായി നായര്‍തറവാടുകളില്‍ നിന്നും നമ്പൂതിരി അന്തപ്പുരങ്ങളില്‍ നിന്നും തെരുവിലേക്കിറങ്ങിയ കെട്ടിലമ്മമാരും അന്തര്‍ജനങ്ങളും. പിന്നാലെ അവരുടെ ചെല്ലപ്പെട്ടി ചുമക്കാനും വിഴുപ്പു താങ്ങാനും തയ്യാറായി ആവേശത്തോടെ തെരുവിലിറങ്ങിയ പിന്നാക്കസമുദായക്കാരായ പുത്തന്‍ സനാതനികളും അവരുടെ അമ്മപെങ്ങന്‍മാരും. ശബരിമലയിലെ ഹരിഹരപുത്രനായ പുലിവാഹനനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളില്‍ നിന്നു രക്ഷിക്കാനാണത്രേ അവര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.
ശബരിമലയിലും നാടിന്റെ നാനാഭാഗങ്ങളിലും ഈ കൂട്ടര്‍ നടത്തിയ അക്രമങ്ങളുടെയും പൊതുമുതല്‍ നശീകരണത്തിന്റെയും ഒക്കെ വിശദമായ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളൂ. യഥാര്‍ഥത്തില്‍ സുപ്രിംകോടതിയുടെ വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന ഭരണകൂടം തങ്ങളുടെ ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നത് ബലാല്‍ക്കാരേണ തടയുന്നതിനാണ് ഈ ജനക്കൂട്ടം തെരുവിലിറങ്ങിയത്. അതൊരു സുവര്‍ണാവസരമായി ഉദ്‌ഘോഷിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ. സുപ്രിംകോടതി വിധി തങ്ങള്‍ക്കു സ്വീകാര്യമല്ലെങ്കില്‍ അത് തെരുവില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടോ വഴിയരികിലെ പോലിസുകാരന്റെ തൊപ്പിയിലേക്കു കല്ലെറിഞ്ഞുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്‌നമല്ലെന്ന് അവര്‍ക്കു നന്നായറിയാം. പത്തനംതിട്ടയിലെ വെണ്‍മണി ഗ്രാമത്തില്‍ നിന്ന് 70കളില്‍ കോഴിക്കോട്ടെത്തി അവിടെ നിയമം പഠിച്ച് ദീര്‍ഘകാലം നല്ല ഫീസും കേസുമുള്ള വക്കീലായി വിലസിയ ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കേസിന്റെ നിയമവഴികള്‍ ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല.
വഴി ലളിതമാണ്. ഇപ്പോള്‍ നിയമം നടപ്പാക്കുന്നതു തടയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തിയാല്‍ മതി. അതുമല്ലെങ്കില്‍ സര്‍ക്കാരിന് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാം. വിധി ശബരിമലയെ മാത്രം ബാധിക്കുന്ന വിഷയമല്ലതാനും. പ്രായത്തിന്റെയോ ശാരീരികമായ സവിശേഷ സാഹചര്യങ്ങളുടെയോ പേരില്‍ സ്ത്രീകള്‍ക്ക് അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് എന്നത്രേ ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിയുടെ കാതല്‍. അതു രാജ്യത്തിനൊട്ടാകെ ബാധകമാണ്. പരിഹാരനിര്‍ദേശവും നീക്കങ്ങളും അതിനാല്‍ ദേശീയതലത്തില്‍ തന്നെയാണു നടക്കേണ്ടത്.
അതു മറച്ചുവച്ചുകൊണ്ടാണ് കേരളത്തില്‍ കാവിപ്പട ഉറഞ്ഞുതുള്ളിയത്. പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നു പറഞ്ഞത് വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവായ പ്രവീണ്‍ തൊഗാഡിയ അടക്കമുള്ള ഹിന്ദുത്വവാദികള്‍ തന്നെയാണ്. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഇളകിയാട്ടത്തിന് അടിത്തറയില്ലാതാവും. അതിനാല്‍, ശ്രീധരന്‍പിള്ള ഇപ്പോള്‍ പറയുന്നത് കേന്ദ്രം അനങ്ങണമെങ്കില്‍ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കി അങ്ങോട്ട് അയക്കണമെന്നാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഹൈന്ദവ ദേവാലയങ്ങള്‍ക്കു ബാധകമായ ഒരു വിധിയില്‍ നിയമനിര്‍മാണമോ ഓര്‍ഡിനന്‍സോ വേണമെന്ന് കേരള നിയമസഭ ചേര്‍ന്ന് കേന്ദ്രത്തെ ഓര്‍മിപ്പിക്കേണ്ട കാര്യമെന്ത് എന്നു മാത്രം വക്കീല്‍ പറയുന്നില്ല.
അതുതന്നെയാണു പ്രശ്‌നവും. കേന്ദ്രമായാലും സംസ്ഥാനമായാലും ഭരണാധികാരി മോദിയായാലും പിണറായിയായാലും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ നിന്നു പിറകോട്ടുപോയാല്‍ സംഗതി കോടതിയലക്ഷ്യമാവും. അങ്ങനെ വന്നാല്‍ വകുപ്പു വേറെയാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയുമൊക്കെ സുപ്രിംകോടതിയില്‍ പോയി ഉത്തരവു നടപ്പാക്കാത്തതിനു സമാധാനം പറയേണ്ടിവരും. അതിനാലാണ് ബിജെപി-സംഘപരിവാര സംഘങ്ങള്‍ കൂത്താടിയ വേളയില്‍ തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നടപടി വേണമെന്ന നിര്‍ദേശം സംസ്ഥാനത്തിനു ലഭിച്ചത്. അതൊരു വശം. രണ്ടാമത്തെ വശം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്ന സമീപനവും പാരമ്പര്യവും ആരുടേതാണ്? എന്നാണ് അതു നിലവില്‍ വന്നത്? മണ്ഡലകാലത്ത് കന്നി അയ്യപ്പന്‍മാര്‍ മല ചവിട്ടുന്ന തിരക്കേറിയ വേളകളില്‍ സ്ത്രീകള്‍ അങ്ങോട്ടു പോവാറില്ലെന്നതു ശരിയാണ്. കേരളത്തില്‍ പണ്ടുമുതലേ നിലനില്‍ക്കുന്ന രീതിയാണ്. അതിനു കേരളീയ കുടുംബങ്ങള്‍ക്ക് തങ്ങളുടേതായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. പണ്ടുകാലത്തെ 41 ദിവസത്തെ ദീക്ഷയും അതില്‍പ്പെടുന്ന കാരണം തന്നെ. പക്ഷേ, അതിനര്‍ഥം നൈഷ്ഠിക ബ്രഹ്മചാരിയായ സ്വാമി അയ്യപ്പന്‍ ഇരിക്കുന്ന പരിസരങ്ങളിലൊന്നും സ്ത്രീകള്‍ക്കു പ്രവേശനമില്ല എന്നതല്ലതന്നെ. രാജകുടുംബങ്ങളിലെയും പ്രഭുകുടുംബങ്ങളിലെയും സ്ത്രീകള്‍ ഒരു പ്രയാസവും കൂടാതെ സന്നിധാനത്തെത്തി അയ്യപ്പസ്വാമിയെ വണങ്ങിയിട്ടുണ്ട്. പലരും സന്താനസൗഭാഗ്യം തേടിയാണ് അങ്ങോട്ടു പോയിട്ടുള്ളതും. അതൊന്നും ആരും ഒരിക്കലും വിലക്കിയിരുന്നില്ല.
പക്ഷേ, സ്ത്രീപ്രവേശനം പാടില്ലെന്ന പേരില്‍ ശബരിമല ഒരു വിവാദകേന്ദ്രമായി മാറ്റിയത് സംഘപരിവാരത്തിലും ജുഡീഷ്യറിയിലുമുള്ള ഒരു സവര്‍ണസംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു ചരിത്രം അറിയുന്ന ആര്‍ക്കുമറിയാം. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പരിപൂര്‍ണനും കെ ബി മാരാരുമാണ് അതിനു ചുക്കാന്‍പിടിച്ചത്. അത് 90കളിലായിരുന്നു. ഒരു സമൂഹത്തിന്റെ സ്വാഭാവികമായ നിലപാടുകളെ നിയമസംവിധാനത്തിന്റെ ഭാഗമാക്കിയത് ബോധപൂര്‍വം എന്നുതന്നെ കരുതണം. കാരണം, അതാണ് പിന്നീട് നിയമവിവാദങ്ങള്‍ക്ക് തിരികൊളുത്തിയതും ഇപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് വഴിമരുന്നിട്ടതും. ശബരിമലയെ തങ്ങളുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ കേന്ദ്രഭൂമിയാക്കി സംഘപരിവാരം മാറ്റിയെടുക്കുന്നത് 1980കളുടെ ആദ്യത്തില്‍ നിലയ്ക്കല്‍ പ്രക്ഷോഭകാലത്താണ്. അവിടെ പ്രാചീനമായ ഒരു ക്രൈസ്തവ ദേവാലയമുണ്ട്.
ക്രിസ്തുവിന്റെ അപ്പോസ്തലന്‍മാരില്‍ ഒരാളായ തോമാശ്ലീഹ നേരിട്ടു സ്ഥാപിച്ചതാണ് ആ പള്ളിയെന്നാണു വിശ്വസിക്കപ്പെടുന്നത്. അതിനോടനുബന്ധിച്ച കാനനമേഖലയില്‍ 1984ലാണ് അപ്രതീക്ഷിതമായി ഒരു കുരിശ് പ്രത്യക്ഷപ്പെടുന്നത്. കേരളത്തില്‍ കാടുവെട്ടിപ്പിടിത്തം ഒരു വ്യവസായമായി വളര്‍ന്ന കാലത്താണ് നിലയ്ക്കല്‍ മരക്കുരിശിന്റെ രംഗപ്രവേശം. ദീപിക പത്രമാണ് കുരിശു കണ്ടെത്തിയ വിവരം ആദ്യമായി പുറത്തുവിടുന്നത്. പ്രാചീനമായ കുരിശ് തോമാശ്ലീഹയുടെ കാലത്തുതന്നെ സ്ഥാപിക്കപ്പെട്ടതായിരിക്കണമെന്നും അവര്‍ ഗവേഷണം നടത്തി കണ്ടെത്തി.
അതാണു സംഘപരിവാരത്തിനു ശക്തമായി രംഗത്തുവരാന്‍ ആദ്യത്തെ അവസരം നല്‍കിയത്. ചെങ്കോട്ടുകോണം സ്വാമിയും കുമ്മനം രാജശേഖരനും നേതാക്കളായി ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തനം തുടങ്ങി. അതിഗംഭീരമായ സമരകോലാഹലങ്ങളാണ് പിന്നീട് നിരവധി മാസങ്ങളില്‍ കണ്ടത്. ഈ വനഭൂമി പുലിവാഹനനായ ഹരിഹരപുത്രന്റെ പൂങ്കാവനമാണെന്നും അതാര്‍ക്കും വിഭജിച്ചു നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമാണ് അവര്‍ പ്രഖ്യാപിച്ചത്. വലിയതോതിലുള്ള ഹൈന്ദവ ശാക്തീകരണമാണ് അതിലൂടെ അവര്‍ സാധിച്ചെടുത്തത്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് അചിരേണ ക്രൈസ്തവസഭാ നേതൃത്വത്തിനു ബോധ്യമായി. അവര്‍ പതുക്കെ മരക്കുരിശ് കൈവിട്ട് ഹൈന്ദവനേതൃത്വവുമായി രാജിയായി. അതോടെ കുമ്മനം രാജശേഖരന്‍ കോട്ടയത്തെ അരമനകളിലെ തിരുമേനിമാരുടെ കണ്ണിലുണ്ണിയുമായി.
ശബരിമലയുടെ വൈകാരിക സാധ്യത അന്നാണ് സംഘപരിവാരം തൊട്ടറിഞ്ഞത്. ഇപ്പോള്‍ ഇത് കേരളത്തിലെ അയോധ്യയാണെന്നു പ്രഖ്യാപിക്കുന്നതിനു പിന്നിലെ രഹസ്യവും അതുതന്നെ. 1987ല്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി വലിയ മുന്നേറ്റമാണു കാഴ്ചവച്ചത്. അന്ന് അതിന്റെ നേട്ടം കൈവരിച്ചത് ഇ കെ നായനാര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. കോണ്‍ഗ്രസ് മുന്നണിയെ തോല്‍പിച്ച് അവര്‍ അധികാരത്തിലെത്തി. മുസ്‌ലിം ലീഗ് പുനരേകീകരണത്തിനു ശേഷം നടന്ന ആ തിരഞ്ഞെടുപ്പില്‍ കിട്ടിയ വിജയം ഹൈന്ദവ വോട്ടുകള്‍ പിടിച്ചെടുക്കുന്നതിന്റെ വിശാല സാധ്യതകളാണു തുറന്നുകൊടുത്തത്.
ഇപ്പോള്‍ വീണ്ടും ഇരുശക്തികളും അതേ പോരാട്ടവേദിയില്‍ ഏറ്റുമുട്ടുകയാണ്. ഹൈന്ദവ വിഭാഗങ്ങളുടെ വോട്ടുകള്‍ കേരളത്തില്‍ മൂന്നു മുന്നണികളിലായി വിഭജിച്ചുകിടക്കുന്നത് ഒഴിവാക്കി, അതു തങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനുള്ള നീക്കമാണ് രണ്ടുകൂട്ടരും നടത്തുന്നത്. ഈ ഏറ്റുമുട്ടല്‍ ഇടതുപക്ഷവും സംഘപരിവാരവും തമ്മില്‍ നേരിട്ടാണ്. അതില്‍ പ്രധാനം ഇതുവരെ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട ഈഴവ-തിയ്യ വോട്ടുകള്‍ അഖിലകേരളാടിസ്ഥാനത്തില്‍ സമാഹരിക്കുക എന്നതാണ്. സംഘപരിവാര നേതൃത്വം ഇത് അതിനു പറ്റിയ അവസരമായാണു കാണുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും അതുതന്നെയാണു കാണുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവിര്‍ഭാവമുണ്ടായ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. 1939ല്‍ പാര്‍ട്ടി രൂപീകൃതമായ കാലം മുതല്‍ 2006ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്ന കാലം വരെ പ്രബലമായ ഈഴവ-തിയ്യ സമുദായങ്ങളില്‍ നിന്ന് ഒരു മുഖ്യമന്ത്രിയെപ്പോലും കണ്ടെത്താന്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും സാധിക്കുകയുണ്ടായില്ല.
ജനസംഖ്യയില്‍ ഈ സമുദായത്തിന്റെ മൂന്നിലൊന്ന് വരുന്ന നായര്‍ സമുദായത്തില്‍ നിന്നു ധാരാളം നേതാക്കള്‍ ഭരണനേതൃത്വത്തില്‍ വന്നു. ഗൗരിയമ്മയെപ്പോലുള്ള പിന്നാക്കസമുദായ നേതാക്കള്‍ പോലും ചവിട്ടിയെറിയപ്പെട്ടു. യഥാര്‍ഥത്തില്‍ 1998ലെ പാലക്കാട് സമ്മേളനത്തില്‍ വിഎസും പിണറായിയും അടക്കമുള്ള നേതൃത്വം സാധിച്ചെടുത്തത് കേരളത്തിലെ സിപിഎമ്മിലെ നായര്‍-സവര്‍ണ മേധാവിത്വത്തിന്റെ അടിത്തറ തകര്‍ക്കുക എന്നതാണ്.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന സവര്‍ണ മേധാവിത്വപ്രസ്ഥാനത്തെ പിണറായി വിജയന്‍ നേരിടുന്നത് അത്തരത്തിലുള്ള ഒരു ചരിത്രപശ്ചാത്തലത്തിന്റെ അന്തരീക്ഷത്തിലാണ്. കേരളത്തില്‍ ജാതി-ജന്മി മേധാവിത്വവും മാടമ്പി നാടുവാഴി ഭരണവും തകര്‍ന്നു തരിപ്പണമായിട്ട് കാലം കുറേയായി. സാമൂഹികരംഗത്തെ പരിഷ്‌കരണങ്ങള്‍ ക്ഷേത്രപ്രവേശനത്തിലും അയിത്തജാതിക്കാരുടെ പന്തിഭോജനത്തിലും മാത്രമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു ദീര്‍ഘകാലം. അധികാരഘടനയിലെ പങ്കാളിത്തവും നേതൃപദവിയും എന്ന ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ അവര്‍ണര്‍പോലും കൈവരിച്ചത് വെറും ഒരു പതിറ്റാണ്ടിനപ്പുറമാണ്. പക്ഷേ, ഇനിയത് അപ്രതിഹതമായ ഒരു ചരിത്രമുന്നേറ്റമായി മാറുകയാണ്.
അതിനാല്‍, ഇനി കമ്മ്യൂണിസ്റ്റ് ഭരണത്തെ തന്നെ കടപുഴക്കി എറിയുകയേ കരണീയമായിട്ടുള്ളൂ എന്നു തന്ത്രിസമാജവും സംഘപരിവാരവും തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രിയെ ചോവന്‍ എന്നു വിളിച്ച് അപമാനിക്കുന്നത് അത്തരത്തിലുള്ള ഒരു പുത്തന്‍ സവര്‍ണ മേധാവിത്വ കടന്നാക്രമണത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പറയുന്നത് മ്ലേച്ഛഭാഷയാണ് എന്ന് എറണാകുളത്ത് സമ്മേളിച്ച തന്ത്രിപ്രവരന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. വളരെ ആലോചനാമൃതമായ വാക്കുകളും സൂചനകളുമാണ് ചിലരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മ്ലേച്ഛന്‍, ദസ്യൂ, പഞ്ചമന്‍, പറയന്‍, തീണ്ടാജാതി, ചോവന്‍ എന്നിങ്ങനെ പല പദങ്ങള്‍കൊണ്ടാണ് ജാതി-ജന്മി മേധാവിത്വം കേരളത്തിലെ അവര്‍ണ പിന്നാക്ക സമുദായത്തെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ അതേ വായ്ത്താരി വീണ്ടും പൊതുസമൂഹത്തില്‍ പരസ്യമായി പ്രകടിതമാവുന്നു.
കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന്റെ തലപ്പത്ത് 1924ലെ വൈക്കം സത്യഗ്രഹം മുതല്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, ശബരിമല സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ മുഖമായി പ്രത്യക്ഷപ്പെടുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് പിന്നാക്കജാതിയില്‍ നിന്നു വന്ന മുല്ലപ്പള്ളി കേള്‍ക്കുന്നില്ല എന്നു വരുന്നത് അദ്ഭുതകരമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വായില്‍ വരുന്നത് കോതയുടെ പാട്ട് എന്ന മട്ടിലാണെന്ന് ചെവിയില്‍ പൂടയുള്ള അസ്സല്‍ നായരായ പ്രയാര്‍. കോത ആരാണെന്ന് പ്രയാറിനും കേരളത്തിനും അറിയാം. കോതയും മാതയും ചാത്തനും കോരനും ചെരിപ്പിടാന്‍ പാടില്ലാത്ത കേരളം ഇന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സ്വപ്‌നങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
അതിനാല്‍, ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തോല്‍പിക്കുക എന്നത് അസാധ്യമാണ്. അദ്ദേഹം ചരിത്രത്തിലെ അസാധാരണമായ ഒരു മുഹൂര്‍ത്തത്തില്‍ തന്റെ പാരമ്പര്യങ്ങളുടെയും അനുഭവങ്ങളുടെയും ബലത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ ഉത്തമ മാതൃകകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരുനൂറ്റാണ്ടിലേറെയായി കേരളം നടത്തിയ സാമൂഹിക വിമോചന പ്രക്ഷോഭങ്ങളുടെ വളക്കൂറുള്ള മണ്ണിലാണ് അദ്ദേഹം കാലുറപ്പിച്ചിരിക്കുന്നത്. സംഘപരിവാരത്തിന് ആ മണ്ണ് അന്യമാണ്. പക്ഷേ, കോണ്‍ഗ്രസ് ഒരുകാലത്ത് ആ വിമോചനപ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നിന്നതാണ്. ഇപ്പോള്‍ അവര്‍ കാവിക്കൊടിയും പിടിച്ച് പരിവാരസംഘത്തിന്റെ ഭൃത്യജനം എന്ന നിലയില്‍ കാണപ്പെടുന്നത് പ്രസ്ഥാനത്തിന്റെ ചരിത്രം അറിയുന്ന ആര്‍ക്കും അലോസരമുണ്ടാക്കുമെന്നു തീര്‍ച്ച. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss