|    Oct 20 Fri, 2017 3:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പുലിക്കളി പൊരിക്കും ട്ടാ ഗഡ്യേ…

Published : 17th September 2016 | Posted By: SMR

തൃശൂര്‍: സാംസ്‌കാരികനഗരി ഇന്നു പുലിക്കൂട്ടങ്ങള്‍ കീഴടക്കും. പുലിക്കൊട്ടും രൗദ്രതാളവും നിറഞ്ഞാടുന്ന പുലികളും തൃശൂരിലെ ഓണാഘോഷത്തെ ആവേശത്തിന്റെ ആകാശത്തിലെത്തിക്കും. എല്ലായിടത്തും ഓണത്തിരക്കും ഓണാഘോഷവും അവിട്ടം നാളോടെ അവസാനിക്കുമ്പോള്‍ തൃശൂരിന്റെ ഓണാവേശം കൊട്ടിക്കലാശിക്കുന്നതു പുലിക്കളിയോടെയാണ്. ഇത്തവണ പുലിക്കളി പൊരിക്കുമെന്ന പ്രതീക്ഷയിലാണു പുലിക്കളിക്കമ്പക്കാര്‍. 10 ടീമുകളാണ് പുലികളെയുംകൊണ്ട് ശക്തന്റെ തട്ടകത്തിലിറങ്ങുന്നത്. നിറങ്ങളുടെ രൗദ്രഭാവങ്ങളുമായി പുലിമടകള്‍ സജീവമായി. പുലിയൊരുക്കങ്ങളും തകൃതി.
പുലി മാഹാത്മ്യം തെളിയിക്കുന്നതിനുള്ള പുലിമുഖങ്ങള്‍, മുടി, തൊപ്പി, തുടങ്ങിയവയുടെ നിര്‍മാണവും തയ്യാറായിക്കഴിഞ്ഞു. നിറങ്ങളിലും പുലിച്ചമയങ്ങളിലും ഏറെ വ്യത്യസ്തതയിലാണ് പുലിക്കൂട്ടം പുലിക്കൊട്ടിനൊപ്പം സ്വരാജ് റൗണ്ടില്‍ തിമിര്‍ത്താടുക. പുലിക്കളിക്ക് മുന്നോടിയായി പുലിച്ചമയങ്ങള്‍ അണിനിരത്തിയുള്ള ചമയപ്രദര്‍ശനം ബാനര്‍ജി ക്ലബ്ബിലും ദേശങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. കൂടാതെ പുലിക്കൂട്ടത്തിന് അഴകു പകരുന്ന വര്‍ണങ്ങള്‍ ഒരുക്കുന്ന തിരക്കും പുലിമടകളില്‍ സജീവമാണ്.
ടെംപറര്‍ പൗഡര്‍ അരച്ച് വാര്‍ണീഷില്‍ ചാലിച്ചാണ് പുലിക്കളി വേഷത്തിനുള്ള ചായക്കൂട്ടൊരുക്കുന്നത്. കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി എന്നീ പതിവ് പുലികള്‍ക്കു പകരം ഇത്തവണ പുലിവരയിലും പുലിമുഖത്തിലും ഏറെ പുതുമ പുലര്‍ത്തി നിറങ്ങളില്‍ നീരാടുന്ന പുലികള്‍ തൃശൂരിന്റെ രാജവീഥികള്‍ കൈയടക്കും. പുലിക്കളി സംഘങ്ങള്‍ക്കൊപ്പം ടാബ്ലോയും അണിനിരക്കും.
ചെണ്ടയുടെ ചടുലതാളത്തിനൊപ്പം പുലികള്‍ കുടവയര്‍ കുലുക്കി ചുവടുകള്‍ വയ്ക്കുമ്പോള്‍ നഗരത്തിലെത്തുന്നവര്‍ അറിയാതെതന്നെ ചുവടുകള്‍ വച്ചുതുടങ്ങും. ഇലഞ്ഞിത്തറയിലും പഴയ നടക്കാവിലും താളത്തിനനുസരിച്ച് ഇളകിയാടുന്നവരേപ്പോലെ ഇന്നും തൃശൂരുകാര്‍ പുലിക്കളിയുടെ ലഹരി ഹൃദയത്തിലേക്ക് ആവാഹിക്കും. ചെണ്ടയുടെ ചടുലമായ താളത്തില്‍ അലിഞ്ഞ് അവര്‍ പുലികള്‍ക്കൊപ്പം ഒഴുകും.
വൈകീട്ടോടെ നഗരത്തില്‍ നിന്ന് പുലികള്‍ മടകളിലേക്ക് തിരിച്ചുപോവുമ്പോഴും കാണികള്‍ തരിച്ചുനില്‍ക്കുകയായിരിക്കും. അത്ര ഹരമാണ് തൃശൂരുകാര്‍ക്ക് പുലിക്കളി. തൃശൂരുകാരുടെ കണ്ണും കാതും ഇനി പുലിക്കളിയിലാണ്. പുലിപ്രേമികള്‍ കാത്തിരിക്കുകയാണ് മത്തുപിടിപ്പിക്കുന്ന പുലികളുടെ ചുവടുവയ്പിനായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക