|    Mar 23 Fri, 2018 10:59 am
Home   >  Onam 2016   >  

പുലികളിറങ്ങുന്ന തൃശൂരിന്റെ ഓണം

Published : 6th September 2016 | Posted By: mi.ptk
sindhu ramachandran cm

സിന്ധു രാമചന്ദ്രന്‍

ലയാളികളുടെ പുതുവര്‍ഷമായ ചിങ്ങമാസത്തിലെ ഓണം നാളുകള്‍ പ്രവാസി മലയാളികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി വളരെയേറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് വരവേല്‍ക്കുന്നത്. കേരളത്തിന്റെ വിളവെടുപ്പുല്‍സവമായ ഓണാഘോഷം ഈ വര്‍ഷം ആഗസ്തിലെ സ്‌കൂള്‍ അവധി ദിനങ്ങളിലായതുകൊണ്ട് പ്രവാസികള്‍ക്ക് അവരുടെ ഗൃഹാതുര സ്മരണകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണ് ഈ ഓണദിനങ്ങള്‍. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസവും സ്‌കൂള്‍ തുറക്കുന്ന ദിവസവും ഒന്നിച്ചുവന്നതിനാല്‍ നാട്ടില്‍ പോയവര്‍ക്ക് കുടുംബത്തോടൊത്ത് സദ്യ ഉണ്ടതിനു പിന്നാലെ വിമാനം കയറേണ്ട സ്ഥിതിയായിരുന്നു.
മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി അത്തം മുതല്‍ 10 ദിവസം പൂക്കളമൊരുക്കിക്കൊണ്ടാണ് ഓണാഘോഷത്തിനു തുടക്കം കുറിക്കുന്നത്.   അത്തം നാളില്‍ ഒരു നിര പൂക്കൊണ്ടൊരുക്കുന്ന ചെറിയ പൂക്കളം ഓരോ ദിവസവും വലുപ്പം വര്‍ധിപ്പിച്ചുകൊണ്ടുവന്ന് ഉത്രാട നാളിലെത്തുമ്പോഴേക്കും പരമാവധി വലുപ്പത്തിലും ഭംഗിയിലും ഒരുക്കിയിരുന്ന കുട്ടിക്കാലത്തെ മധുരമായ ഓര്‍മകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. മഹാബലിയെ വരവേല്‍ക്കാനായി ഉത്രാടനാള്‍ വൈകുന്നേരം വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പൂക്കള്‍കൊണ്ടലങ്കരിച്ച തൃക്കാക്കരയപ്പനെ കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവല്‍, മലര്‍ എന്നിവകൊണ്ട് പൂജിച്ച് ആര്‍പ്പുവിളിച്ച് അട മാവേലിത്തമ്പുരാന് നിവേദിക്കുന്നു.
പ്രവാസിയായ ശേഷമുള്ള ഓണാഘോഷങ്ങളില്‍ 10 ദിവസം പൂക്കളമൊരുക്കാന്‍ സാധിച്ചില്ലെങ്കിലും ഉത്രാടത്തിനു ചെറിയ രീതിയില്‍ പൂക്കളമൊരുക്കിയും തൃക്കാക്കരയപ്പനെ വച്ച് ഓണസദ്യയൊരുക്കിയും പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഓണമാഘോഷിക്കാറുണ്ട്.
ദോഹയിലെ സാംസ്‌കാരിക സംഘടനകള്‍ ഒരുക്കുന്ന ചിങ്ങം കഴിഞ്ഞും നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാറുള്ളതുകൊണ്ട് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഊഷ്മളതയും അനുഭവിക്കാന്‍ സാധിക്കാറുണ്ട്. എന്നാലും സ്വന്തം നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുകയെന്നത് ഏതൊരു പ്രവാസി മലയാളിയുടെയും ആഗ്രഹമാണ്. ഈ വര്‍ഷം അത് സാധിക്കുന്നുവെന്നത് വളരെയേറെ സന്തോഷം തരുന്നുണ്ട്.

Kummattikali2 cmതൃശൂരിലെ പ്രധാനപ്പെട്ട ഓണക്കളികളാണ് പുലിക്കളിയും കുമ്മാട്ടിക്കളിയും. തൃശൂര്‍പൂരം പോലെത്തന്നെ പ്രശസ്തമാണ് ഇവിടത്തെ പുലിക്കളി. കുടവയറുള്ള പുലിക്കളിക്കാര്‍ ശരീരമാകെ മഞ്ഞയം കറുപ്പും ചായം പൂശി വാഹനങ്ങളിലും നടന്നും അകമ്പടിവാദ്യങ്ങള്‍ക്കനുസരിച്ചു കുടവയര്‍ ഇളക്കിക്കൊണ്ട് നൃത്തം ചെയ്തുവരുന്ന കാഴ്ച വളരെ മനോഹരമാണ്. പെരുവയറന്‍മാര്‍ക്കാണ് പുലിക്കളിക്ക് ഡിമാന്റ്. ക്ലബ്ബുകളും ഉല്‍സാഹക്കമ്മിറ്റിക്കാരും ചമയക്കാരുമെല്ലാം ഇവരുടെ പിന്നാലെയായിരിക്കും. ഏറ്റവും വലിയ ഒരു ആനവയറനെ തന്നെയായിരിക്കും ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കുക. പുലിക്കളി കണ്ട് ആസ്വദിക്കുന്നവരാരും അതിന്റെ പിറകില്‍ ഇവരെടുക്കുന്ന അധ്വാനത്തെയും കഷ്ടപ്പാടുകളെയും കുറിച്ച് അറിയാറില്ല.
മണിക്കൂറുകളോളം കൈയൊന്നു താഴ്ത്തിയിടാന്‍ പോലുമാവാതെ ഇനാമല്‍ പെയിന്റ് ഉണങ്ങാന്‍ വെയില്‍ കൊണ്ടിരിക്കുന്ന ‘പാവം പുലികള്‍’. കൈ താഴ്ന്നുപോവാതിരിക്കാനും ഒരു സപ്പോര്‍ട്ട് കിട്ടാനുമായി നീണ്ട വടികളില്‍ കുത്തിപ്പിടിച്ചാണ് മണിക്കൂറുകളോളം ഇവരുടെ ഇരുപ്പും നടപ്പും. മുഖംപോലുമില്ലാത്ത ഇങ്ങനെ ചിലര്‍ എല്ലാ ആഘോഷങ്ങളുടെയും പൊലിമ കൂട്ടാനായി കഷ്ടപ്പെടുന്നുണ്ട്.
ചായംപൂശല്‍ കഴിഞ്ഞാല്‍ പിന്നെ ജനമധ്യത്തിലേക്കുള്ള ഇറക്കമാണ്. പിന്നെ എല്ലാ കണ്ണുകളും പുലികളിലേക്കായിരിക്കും. തേക്കിന്‍കാടിനു ചുറ്റും ആരവങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ടീമുകള്‍ തമ്മിലുള്ള ആവേശമാര്‍ന്ന മല്‍സരത്തിനു തുടക്കമായി. നിറങ്ങളുടെയും താളത്തിന്റെയും ആട്ടത്തിന്റെയും ഉല്‍സവം!
ഓണത്തപ്പനെ വരവേല്‍ക്കാന്‍ പുല്ല് കൊണ്ട് വേഷം കെട്ടി കുമ്മാട്ടിമുഖം വച്ചു കലാകാരന്മാര്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന നാടന്‍ കലാരൂപമാണ് കുമ്മാട്ടിക്കളി. അതുപോലെത്തന്നെ സ്ത്രീകളുടെ കൈക്കൊട്ടിക്കളിയും വള്ളംകളിയും തലപ്പന്തുകളിയും ഉറിയടിയും വടംവലിയുമെല്ലാം ഓണത്തോടനുബന്ധിച്ച് എല്ലായിടത്തും നടത്തുന്ന വിനോദങ്ങളാണ്.
കുടുംബാംഗങ്ങളോടൊപ്പം ഓണം ആഘോഷിക്കാനും തൃശൂരിലെ പ്രധാന ഓണാഘോഷങ്ങളായ കുമ്മാട്ടിക്കളിയും പുലിക്കളിയും കാണാനും ഒപ്പം ഞങ്ങളുടെ നാട്ടിലെ സാംസ്‌കാരിക സംഘടനയായ പുലരിയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും കഴിയുന്നുവെന്നത് ഇത്തവണത്തെ ഓണാഘോഷത്തെ എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നു.

2015 ആഗസ്ത് 28ന് തേജസ് ഖത്തര്‍ ഓണം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss