|    Oct 21 Sun, 2018 9:58 pm
FLASH NEWS

പുലാമന്തോളില്‍ കുന്തിപ്പൂഴ കരകവിഞ്ഞൊഴുകി ; വളാഞ്ചേരിയില്‍ അഞ്ചേക്കര്‍കൃഷി വെള്ളത്തിലായി

Published : 18th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പുലാമന്തോളില്‍ മഴയെ തുടര്‍ന്ന് കുന്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പുലാമന്തോള്‍ എമറാള്‍ഡ് റിസോര്‍ട്ടിലേക്കും വെള്ളം ഇരച്ചു കയറി. റിസോര്‍ട്ടിലെ പുഴയിലേക്ക് ചേര്‍ന്ന് നിര്‍മിച്ച ഓഡിറ്റോറിയത്തിനുള്ളിലേക്കാണ് വെള്ളം ഇരച്ചു കയറിയത്. വളപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതോടെ ഇഴജന്തുക്കള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. വളപുരത്ത് നിന്നും ചെമ്മല, പാറക്കടവ് ഭാഗങ്ങളിലായാണ് പുഴവെള്ളത്തിലും മറ്റുമായി നിരവധി ഉരവര്‍ഗങ്ങള്‍ ജനവാസകേന്ദ്രത്തിലെത്തിയത്. കൊടിയ വിഷമുള്ള പാമ്പുകള്‍ ഉള്‍പ്പെടെ പലതിനെയും നാട്ടുകാര്‍ തല്ലിക്കൊന്നെങ്കിലും  ആളുകളുടെ ശ്രദ്ധയില്‍പെടാതെ ജീവികള്‍ വന്നിട്ടുണ്ടോയെന്ന ആശങ്കയിലായിരുന്നു അവര്‍. പെരിന്തല്‍മണ്ണ ചെറുകരയില്‍ മഴവെള്ളംകയറി പ്രദേശത്തെ പരേതനായ ചക്കിങ്ങല്‍ ഇബ്രാഹിമിന്റെ വീടുള്‍പ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലും നാശനഷ്ടം സംഭവിച്ചു. അങ്ങാടിപ്പുറം വൈലോങ്ങരയില്‍ തോടും പാടവും നിറഞ്ഞുകവിഞ്ഞതോടെ പാഠത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തിലായി. പുത്തനങ്ങാടി സെന്റ് തേരോസാസ് നഴ്‌സറി സ്‌കൂളിന് പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് അപകടസാധ്യത ഉയര്‍ത്തുന്നതിനാല്‍ 21വരെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ആലിപ്പറമ്പില്‍ വെള്ളം ശക്തിയായി ഒഴുകിയതോടെ ജലനിധി പൈപ്പ് ലൈനുകള്‍ പൊട്ടി. വൈദ്യുതി ലൈനുകളും തകര്‍ന്നു വീണു. ആലിപ്പറമ്പ് തോണിക്കടവ് റോഡില്‍ മണ്ണിടിച്ചിലിനെ വാഹനഗതാഗതം സ്തംഭിച്ചു. കാമ്പ്രം പാലത്തിന്റെ പ്രധാന സ്ലാബിനു തൊട്ടടുത്ത് വരെ വെള്ളം പൊങ്ങി. കീഴാറ്റൂര്‍, മേലാറ്റൂര്‍, കരിങ്കല്ലത്താണി, താഴേക്കോട് ഭാഗങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായില്ലെങ്കിലും മിക്കയിടങ്ങളിലെ റോഡുകളിലും  വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. വെട്ടത്തൂരില്‍ നിറഞ്ഞുകവിഞ്ഞ പൂങ്കാവനം അണക്കെട്ട് സന്ദര്‍ശിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ  നിരവധിപേരാണെത്തിയത്. വളാഞ്ചേരി: കാവുമ്പുറം പാറക്കല്‍ തോടിനു സമീപം അഞ്ചേക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി. രണ്ടേക്കറോളം നവര നെല്‍ക്കൃഷിയും വെള്ളത്തിനടിയിലായിട്ടുണ്ട്. പലയിടത്തും വെള്ളം മൂടിയതിനാല്‍ മോട്ടോറുകളും നാശമായിട്ടുണ്ട്. പൂക്കാട്ടിരി പാടശേഖരത്തിനു സമീപമുള്ള സ്രാമ്പിയിലേയ്ക്ക്്് പള്ളിയിലേയ്ക്കു കടക്കാന്‍ കഴിയാത്ത വിധം വെള്ളം കയറിയിട്ടുണ്ട്. വളാഞ്ചേരി കൊട്ടാരം, പെരിന്തല്‍മണ്ണ റോഡിലെ കൃഷി ഭവന്‍ പരിസരം, ഗോവിന്ദന്‍പടി റോഡിലും നിരവധി വീടുകൡലും വെള്ളം കയറി. കാട്ടിപ്പരുത്തി പാടശേഖരത്തില്‍ നടാന്‍ പറിച്ചുവച്ച ഞാറ് ഒലിച്ചുപോയി.കാര്‍ത്തല വടക്കുമുറി മതിലുകള്‍ ഇടിഞ്ഞുവീണു. ഇരിമ്പിളിയം തൂതപ്പുഴ കരകവിഞ്ഞൊഴുകി. ദേശീയ പാത വട്ടപ്പാറയില്‍ റോഡരികിലെ അക്വേഷ്യമരങ്ങള്‍ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാളികാവ്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വെന്തോടന്‍പടി മുത്തന്‍തണ്ട് റോഡ് മഴയില്‍ തോടായി മാറി.  വെന്തോടന്‍പടി അങ്ങാടി മുതല്‍ മുത്തന്‍തണ്ട പാലം വരെയുള്ള ഭാഗമാണ് റോഡ് വെള്ളം മൂടി തോടായി മാറിയത്.വെള്ളക്കെട്ടില്‍ റോഡ് മുങ്ങിയതോടെ മലയാളം തമ്പുരാന്‍  ക്ഷേത്രത്തിലേക്കും പുഴയിലേക്കുമുള്ള ഗതാഗതം മുടങ്ങി.  എടക്കര: എടക്കര മേഖലയില്‍ കനത്ത മഴ തുടരുന്നു, പുഴകളും തോടുകളും നിറൊഞ്ഞൊഴുകാന്‍ തുടങ്ങി ജനങ്ങള്‍ ഭീതിയില്‍. അന്തര്‍ സംസ്ഥനാപാതയായ നാടുകാണിച്ചുരത്തില്‍ മരങ്ങള്‍ വീണും, മണ്ണിടിഞ്ഞും പലയിടത്തും ഗതാഗത തടസ്സങ്ങളുണ്ടായി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ആനമറി എക്‌സൈസ് ചെക്കുപോസ്റ്റിന് സമീപം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും വഴിക്കടവ് പോലിസും, ട്രോമ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും ചേര്‍ന്നാണ് തടസ്സം നീക്കിയത്. ഞായറാഴ്ച നാടുകാണിച്ചുരത്തിലെ വ്യൂ പോയന്റ്, അമ്പലമുക്ക്, ജാറം, സംസ്ഥാന അതിര്‍ത്തി എന്നിവിടങ്ങളില്‍ നേരിയ മണ്ണിടിച്ചിലുണ്ടായി. വിവരമറിഞ്ഞിട്ടും ചുരം പാതയിലെ തടസങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പും, വനം വകുപ്പും തയ്യാറായില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉദേ്യാഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. വഴിക്കടവ് എസ്‌ഐ എം അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസും, പഞ്ചായത്തംഗം ഹക്കീം, ഇന്തന്‍കുഴിയന്‍ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ അജേഷ്, സിദ്ദീഖ്, റഷീദ്, ഹംസ എന്നിവരങ്ങിയ സംഘമാണ് തടസ്സങ്ങള്‍ നീക്കിയത്. ഞായറാഴ്ച കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് ആനമറിയിലെ പുഴച്ചിനിപ്പാറ സീനത്തിന്റെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss