|    Jan 24 Tue, 2017 8:45 pm
FLASH NEWS

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല: കേന്ദ്രം

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്തുണ്ടായ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റ് സമ്മേളന കാലത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ഇന്നലെ നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍ 108 പേര്‍ മരിക്കുകയും 300ലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിഷയം ആഭ്യന്തരമന്ത്രാലയം വ്യക്തമായി പരിശോധിച്ചു. എന്നാല്‍, ധനകാര്യ കമ്മീഷന്റെ ചട്ടപ്രകാരവും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു പണം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചും വെടിക്കെട്ടപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യരുടെ കൈപ്പിഴ കൊണ്ടുണ്ടായ അപകടമെന്നാണ് മന്ത്രാലയം ചട്ടങ്ങള്‍ വിശദീകരിച്ചു വെടിക്കെട്ടപകടത്തെ വിലയിരുത്തിയത്. തീകൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ തീര്‍ച്ചയായും പ്രകൃതിദുരന്തം തന്നെയാണ്. എന്നാല്‍, വെടിക്കെട്ടപകടം പൂര്‍ണമായും മനുഷ്യരുടെ കൈപ്പിഴയോ ശ്രദ്ധക്കുറവോ കൊണ്ടുണ്ടാവുന്നതാണ്. അപകടം സംസ്ഥാനത്ത് അന്വേഷണത്തിലിരിക്കുന്ന ഒരു സംഭവം കൂടിയാണ്. സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ (എസ്ഡിആര്‍എഫ്, എന്‍ഡിആര്‍ഫ്) ഫണ്ടുകളുടെ ചട്ടപ്രകാരം മാത്രമേ ഒരു അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയൂ എന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.
ദുരന്ത നിവാരണം എന്നത് പ്രാഥമികമായി സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തത്തിനു കീഴിലുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതിനായി സംസ്ഥാനം സ്വന്തമായി തുക വകയിരുത്തി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ട സഹകരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ദേശീയ തലത്തില്‍ വലിയ ദുരന്തമാണിതെന്നു പ്രസ്താവിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക